25-04-2018

ഇന്ത്യ എന്ന റിപ്പബ്ലിക്ക് ഉണ്ടാകുന്നത് തന്നെ തിരോധാനം ചെയ്യപ്പെട്ടവർക്കു മേൽ ആണല്ലോ!!

Victim | കൊച്ചി


ആഗസ്ത് 30 തിരോധാനം ചെയ്യപ്പെട്ടവർക്കായുള്ള അന്താരാഷ്ട്ര ദിനമാണ്. ലോകത്ത് ആകമാനം നിർബന്ധിതമായി തിരോധാനം ചെയ്യപ്പെട്ടവരുടെ ഓർമ്മ ദിനം. നിർബന്ധിത തിരോധാനം ഒരു വ്യക്തിയുടെ, ഒരു സമൂഹത്തിന്റെ മൗലികമായ അവകാശങ്ങൾക്കു മേൽ ഭരണകൂടമോ മറ്റു ശക്തികളോ നടത്തുന്ന കടന്നു കയറ്റമാണ്. ഒരു വ്യക്തി നിർബന്ധിത തിരോധാനത്തിന് വിധേയമാകുന്നു എന്നാൽ അതിനർത്ഥം ആ വ്യക്തിയുടെ ഇത്രയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നാണു.

1. സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും ഉള്ള അവകാശം 
2. നിയമത്തിനു മുന്നിൽ തന്റെ വ്യക്തിത്വം അംഗീകരിക്കപ്പെടാനുള്ള അവകാശം.
3. നിയമപരമായി സ്വന്തം ഭാഗം പ്രതിരോധിക്കാനുള്ള അവകാശം.
4. പീഡിപ്പിക്കപ്പെടാതെ ഇരിക്കാനുള്ള അവകാശം.

 
 ഇന്ത്യ എന്ന റിപ്പബ്ലിക്ക് ഉണ്ടാകുന്നത് തന്നെ തിരോധാനം ചെയ്യപ്പെട്ടവർക്കു മേൽ ആണല്ലോ. 12 ലക്ഷത്തിൽ അധികം ജനങ്ങളെ  ആണ് 1947 ൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ കാണാതായത്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും ആയി അത്രയും പേർ എവിടെ എന്നറിയാതെ മറഞ്ഞു പോയി.
കാണാതായവരുടെ ചരിത്രം ഈ രാജ്യത്തിന്റെ കൂടി ചരിത്രമാണ്. 

1975 ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച കുപ്രസിദ്ധമായ ഇരുപത്തൊന്നു മാസ അടിയന്തിരാവസ്ഥയിലും കാണാതായവരുടെ എണ്ണം കുറവ് ആയിരുന്നില്ല. രാജൻ ഒരു ചോദ്യ ചിഹ്നമായി കേരള രാഷ്ട്രീയത്തെ ഒരുപാടുകാലം വേട്ടയാടിയത് ആണല്ലോ. രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, ജാതിയുടെ, ദേശീയതയുടെ, വംശീയതയുടെ പേരിൽ ശൂന്യതയിലേക്ക് വലിച്ചറിയപ്പെട്ടവർ അവരുടേതാണ് ചരിത്രം.
Image result for najeeb
ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ സൈനീകവൽക്കരിക്കപ്പെട്ട മേഖലകളിൽ ഒന്നായ കാശ്മീരിന് കാണാതായവരുടെ കഥകൾ അൽപ്പം ഒന്നും അല്ല പറയാനുള്ളത്. ഏതാണ്ട് ഏഴ് ലക്ഷത്തോളം സായുധ- അർധസേന വിഭാഗങ്ങളാണ് കാശ്മീരികൾക്ക് മേൽ ഭയം വിതച്ച് താഴ്വരയിൽ ഉള്ളത് എന്ന് പറയപ്പെടുന്നു.  1989 മുതൽ ഇതുവരെ പതിനായിരത്തിൽ പരം ആളുകൾ കാശ്മീരിൽ നിന്നും കാണാതായിട്ടുണ്ട്. ഇത് ആ ഭൂപ്രദേശത്ത്തിന്റെ സംസ്കാരത്തെ തന്നെ മാറ്റി മറിച്ച സവിശേമായ ഒരു അവസ്ഥയാണ്. താഴ്വരയിലെ പല ഗ്രാമങ്ങളിലും അർദ്ധ വിധവകളും അവരുടെ കുഞ്ഞുങ്ങളും അനവധി. അവരുടെ ഭർത്താക്കന്മാർക്ക്, മക്കൾക്ക്, പിതാക്കൾക്ക് എന്ത് സംഭവിച്ചു എന്ന് അവർ ചോദിച്ചു കൊണ്ടേയിരിക്കുന്നു. തന്റെ മകന് സംഭവിച്ചത് എന്തെന്ന് അറിയാൻ ഒരു ആയുഷ്കാലം മുഴുവനും നിയമ പോരാട്ടം നടത്തിയ ഒരു പിതാവിനെ കേരളത്തിന് പരിചയമുണ്ടല്ലോ. അതുപോലെ പതിനായിരക്കണക്കിന് നിസ്സഹായരായ മാതാപിതാക്കളെ, മക്കളെ, ഭാര്യമാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കാശ്മീരിൽ. ഇവർക്കാകട്ടെ നിർഭയം നിയമത്തെ ആശ്രയിക്കാൻ പോലും പ്രയാസമാകുന്നു. കാശ്മീരിൽ കാണാതായവർ ഭൂരിപക്ഷവും പോലീസിന്റെയോ പട്ടാളത്തിന്റെയോ പിടിയിൽ ആയവരാണെന്നും പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്ന് അജ്ഞാതമാണെന്നും പറയപ്പെടുന്നു. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ദ്വന്തങ്ങൾ ഒരു ജനതയെ അവരുടെ ബന്ധങ്ങളെ മുറിച്ചു കളയുകയാണ് അവിടെ. 

ലോകത്ത് യുദ്ധഭൂമികളിൽ, കലാപ ഭൂമികളിൽ കാണാതാകുന്ന മനുഷ്യർ, ഭരണകൂടവും അതിന്റെ ഉപകരണങ്ങളായ പോലീസും പട്ടാളവും ചേർന്ന് അപ്രത്യക്ഷരാക്കുന്ന വേറെ ചില മനുഷ്യർ അവർ നാഗരിക ജനതയ്‌ക്കോ അവരുടെ ചിന്തകൾക്കോ മേൽ ഒരിക്കലും കടന്നു വന്നിട്ടില്ലല്ലോ.

 രാജനെ മറന്നു പോയ നമുക്ക് മുന്നിലേക്ക് മറ്റൊരു വിദ്യാർത്ഥി രാജനായി എത്തി അധിക കാലം കഴിഞ്ഞിട്ടില്ല എന്ന് ഓർമ്മപ്പെടുത്തേണ്ടി വരുന്നു ഈ അവസരത്തിൽ. നിങ്ങൾ നജീബിനെ മറന്നോ എന്ന് ചോദിക്കേണ്ടി വരുന്നു വീണ്ടും.2016 ഒക്ടോബർ 15 ന്‌  ഡൽഹി ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും അപ്രത്യക്ഷനായ നജീബ്. ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയുടെയും പ്രസിഡണ്ടിന്റെയും മാതൃസംഘടനയായ ആർ എസ് എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയാൽ ആക്രമിക്കപ്പെട്ട ശേഷം ജെഎൻയു ഹോസ്റ്റലിൽ നിന്നും കാണാതായ നജീബ് അഹമ്മദ് എന്ന മുസ്ലിം വിദ്യാർത്ഥിയെ. നജീബിന്റെ തിരോധാനം 10 മാസവും 14 ദിവസവും പിന്നിട്ടിരിക്കുന്നു. 
Image result for najeeb
നമ്മൾ ഇപ്പോഴും നിശ്ശബ്ദരാണ്, നമ്മൾ ഇപ്പോഴും ക്ലാസ് മുറികളിൽ ആണ്. മോഡി ഗവർമെന്റിന്റെ യഥാർത്ഥ പ്രതിപക്ഷം എന്ന് വാഴ്ത്തപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി സമൂഹം ഇന്ന്  നജീബ് എന്ന പേര്  പറയുന്നു പോലും ഇല്ല. നജീബ് ഐഎസ്സിൽ ചേർന്നിരിക്കും എന്ന് പരിഹസിക്കുന്ന സംഘികളുടെ നേരെ ചീറിയടുത്ത് എവിടെയാണ് ഞങ്ങളുടെ നജീബ്  എന്ന് ചോദിക്കാൻ ആരുമില്ലാതെ ആകുന്നു. 

വിസ്മൃതിയിലേക്ക് ആണ്ട്  പോകുന്ന മനുഷ്യരെ ഓർക്കാം, ഓർമ്മയെ പ്രതിരോധം ആക്കാം. ലോകത്ത് അധികാര രൂപങ്ങളുടെ ഇരകളായ മുഴുവൻ മനുഷ്യരും ഈ ദിനത്തിൽ ഓർമ്മിക്കപ്പെടട്ടെ. നമുക്ക് ചോദിക്കാം, നജീബ് എവിടെയെന്ന്??.. 


Loading...