15-08-2018

​രണ്ട് രോഹിത്ത് വെമുലമാർക്കിടയിൽ

Victim | കൊച്ചി


'ജനനമായിരുന്നു തന്റെ ഏറ്റവും വലിയ ദുരന്തം' എന്ന് എഴുതി വച്ച് രോഹിത് വെമുല മരണത്തിനപ്പുറത്തേക്ക്,  ഒരുപാട് പേരുടെ മനസിലേക്ക് കുടിയേറിക്കഴിഞ്ഞ് 23 മാസങ്ങൾക്കു ശേഷം കഴിഞ്ഞ ഡിസംബറിൽ മറ്റൊരു രോഹിത് വെമുല ജനിച്ചു. രോഹിത്തിന്റെ സഹോദരൻ രാജ വെമുലയുടെയും ഭാര്യ ഫാത്തിമയുടെയും മകനാണ് പുതിയ രോഹിത് വെമുല. രോഹിത്തിന് ശേഷം ഇന്ത്യൻ കാമ്പസുകളിൽ പ്രകമ്പനങ്ങൾ ഉണ്ടാവുകയും രാജ്യവ്യാപകമായി ദളിത് രാഷ്ട്രീയം ചർച്ചയാവുകയും ചെയ്തു. എന്നാൽ ഈ രണ്ടു രോഹിത്തുമാർക്കും ഇടയിലെ ഇടവേളയിൽ കാര്യങ്ങൾ ഏറെയൊന്നും മാറിയിട്ടില്ല. രോഹിത്തിന്റെ ഭരണകൂട കൊലപാതകത്തിന് രണ്ടുവർഷത്തിനു ശേഷവും രോഹിത്ത് പഠിച്ച ഹൈദരാബാദ് സർവകലാശാല അതിന്റെ ബ്രഹ്മണ്യ മുഖം കൂടുതൽ മിനുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. 

കഴിഞ്ഞ ഒരു ദിവസമാണ് എ ബി വി പി നേതാവും ഹിസ്റ്ററി  ഗവേഷക വിദ്യാർത്ഥിയുമായ കരൺ പൾസാനിയ ദളിത് വിഭാഗത്തിൽ പെട്ട പ്രൊഫസർ ലക്ഷ്മി നാരായണയെ "ബാസ്റ്റേർഡ് " എന്ന് വിളിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. കാരണം ഇതായിരുന്നു: അദ്ദേഹം തയ്യാറാക്കിയ എക്കണോമിക്സ് ചോദ്യ പേപ്പറിൽ മോഡി സർക്കാരിന്റെ ചില സാമ്പത്തീക നയങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തെയും കുറിച്ച് വിമർശനാത്മകമായി വിശകലനം ചെയ്യാനുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടു. " ബാസ്റ്റഡ് ലക്ഷ്മിനാരായണ ഇപ്പോൾ കാവിവൽക്കരണം എന്താണെന്ന് പഠിപ്പിക്കുകയാണ്. അയാൾക്ക് എക്കണോമിക്സിന്റെ ബാലപാഠങ്ങൾ പോലും അറിയില്ല. അയാളാണ് കാവിവൽക്കരണത്തെ കുറിച്ച് പ്രബോധനം നടത്തുന്നത്. വെറും ബ്ളാക്മെയിലിംഗ് തന്ത്രങ്ങൾ കൊണ്ട് മാത്രമാണ് അയാൾ പ്രൊഫസർ ആയത്." എന്നായിരുന്നു ആ പോസ്റ്റ്.

പൾസാനിയയോട് ജനുവരി പതിനേഴിന് നേരിട്ട് ഹാജരായി വിശദീകരണം നല്കാൻ സർവകലാശാല ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ദിവസം രോഹിത്തിന്റെ രണ്ടാം രക്തസാക്ഷി ദിനം ആയത് തികച്ചും യാദൃശ്ചീകം. പൾസാനിയ ഉപയോഗിച്ച ഭാഷയെ അംഗീകരിക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും അക്കാദമിക്ക് രംഗത്ത് രാഷ്ട്രീയം കൊണ്ടുവന്നതിന് പ്രൊഫസർ ലക്ഷ്മിനാരായണ മാപ്പ് പറയണം എന്നാണ് എ ബി വി പി ആവശ്യപ്പെടുന്നത്. പ്രൊഫസർ ലക്ഷ്മി നാരായണയ്ക്ക് എതിരായ എ ബി വി പിയുടെ നീക്കത്തിൽ മറ്റ് അധ്യാപകരാവട്ടെ മൗനം പാലിക്കുകയും ചെയ്യുന്നു. 

Image result for rohith vemula

രോഹിത്ത് വെമുലയ്ക്ക് നീതി ആവശ്യപ്പെട്ടു കൊണ്ട് നടന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന ആളാണ് പ്രൊഫസർ ലക്ഷ്മിനാരായണ. ജാതീയതയും രാഷ്ട്രീയ വിധ്വേഷവും ഒന്നുചേർന്ന് ഇപ്പോൾ അദ്ദേഹത്തിന് നേരെയും വിഷം തുപ്പിയിരിക്കുന്നു. 

എന്നാൽ രോഹിത്തിന് ശേഷം പലതും മാറിയിട്ടുണ്ട് എന്നാണ് സർവകലാശാലയുടെ നിലപാട്. ലോകത്തിനു മുന്നിൽ ആ സ്ഥാപനത്തെ ഒരു ജാതീയ ഇടമാക്കി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു എന്ന് അവർ ആരോപിക്കുന്നു. വിദ്യാർത്ഥികൾക്കും അധികാരികൾക്കും ഇടയിൽ മുറിഞ്ഞനുപോയ വിശ്വാസം വീണ്ടെടുക്കുന്നതിനായി ഒരു ഗ്രീവിയൻസ് റിഡ്രസൽ മെക്കാനിസം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ വിദ്യാർത്ഥിക്കും ഒരു ഫാക്കൽറ്റിയെ മെന്റർ ആക്കി നൽകി. തങ്ങളുടെ പ്രശ്നങ്ങൾ വിദ്യാർത്ഥികൾക്ക് ഈ മെന്ററുമായി പങ്കുവെക്കാം. 

Image result for rohith vemula

എന്നാൽ ഇതെല്ലം വെറും പബ്ലിസിറ്റി ഗിമ്മിക്ക് മാത്രമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. വെറും ഒരു മെന്റർ സിസ്റ്റം കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആവില്ല എന്നും ഭൂരിഭാഗം ഫാക്കൽറ്റികളും ദളിതരും ആദിവാസികളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മുസ്ലിങ്ങളും എല്ലാമായ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളോട് വിമുഖരാണെന്നും വിദ്യാർഥികൾ പറയുന്നു. 

രോഹിത്തിന് ശേഷം ഏതു തരം പ്രതിഷേധങ്ങളോടും സമര രൂപങ്ങളോടും തികഞ്ഞ അസഹിഷ്ണുതാ മനോഭാവമാണ് സർവകലാശാലയുടേത്. എല്ലായിടത്തും നിരീക്ഷണം ആയിരിക്കുന്നു. ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തി വിദ്യാർത്ഥികളെ പുറത്താക്കുന്നു. 

Image result for rohith vemula

ജാതി ഒരു അക്കാദമിക്ക് ഡിസ്‌കോഴ്‌സ് എന്ന നിലയിൽ വ്യാപകമായി ചർച്ചയ്ക്ക് വന്നു, ഇപ്പോഴും ആ ചർച്ചകൾ നടക്കുന്നു എന്നത് രോഹിത്തിന് ശേഷം ഉണ്ടായ മാറ്റങ്ങളിൽ ഒന്നാണ്. എന്നാൽ എല്ലാറ്റിനെയും ജാതി എന്ന ഒറ്റ കണ്ണിലൂടെ മാത്രം കാണുന്ന പ്രവണതയും അധികരിച്ചിട്ടുണ്ടെന്ന അഭിപ്രായം ചിലർ പങ്കു വെക്കുന്നു. 

പുറത്ത് ഊരിവച്ചു കയറാൻ ചെരിപ്പല്ല ജാതി എന്ന തിരിച്ചറിവ് അക്കാദമിക്ക് രംഗത്ത് ഉണ്ടാവേണ്ടിയിരിക്കുന്നു. ആയിരക്കണക്കിന് വർഷത്തെ ജാതി വിവേചനം 'എല്ലാ വിദ്യാർത്ഥികളെയും ഒരു പോലെ പേരിഗണിക്കുക എന്ന തുല്യത സിദ്ധാന്തം വഴി പരിഹരിക്കാനാവില്ല. ദളിത് ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന എന്നത് ഔദാര്യമല്ല അത് ഭരണഘടനാ അവകാശവും നീതിയും ആണ്. രോഹിത്തിന്റെ രക്തസാക്ഷിത്വം ഇപ്പോഴും ബ്രഹ്മണ്യ അക്കാദമിക്ക് ഇടങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 


Loading...