26-02-2018

കൃഷ്ണമ്മാൾ: തോറ്റു മടങ്ങാത്ത പോരാട്ട വീര്യം

Victim | Kochi


മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം തൊഴിലാളി സംഘടനകളുണ്ടെങ്കിലും കൃത്യമായ തൊഴിലാളി പ്രശ്‌നത്തെ പ്രശ്‌നവല്‍ക്കരിക്കുന്നതിലും പരിഹാരം കാണുന്നതിലും അവ പരാജയപ്പെടുന്നുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് എന്‍.ടി.യു.ഐ(New Trade Union Initiative ) എന്ന തൊഴില്‍സംഘടനയുടെ തുടക്കം, ഗാര്‍ഹിക തൊഴിലാളികള്‍, ക്‌ളീനിംഗ് തൊഴിലാളികള്‍, കശുവണ്ടിമേഖലയിലെ തൊഴിലാളികള്‍, തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട് ഈ സംഘടന.
കൃഷ്ണമ്മാളിന് വയസ്സ് 61  ആണ്. 21 ാം വയസ്സില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണവര്‍. തുടക്കം മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി. ഇടയ്ക്ക് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിവിട്ടെങ്കിലും പിന്നീട് ശ്രദ്ധപതിപ്പിച്ചത് ട്രേഡ്  യൂണിയൻ മേഖലയാണ്.
തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വീതം വയക്കുകയാണെന്നും ബഹുഭൂരിപക്ഷവും ഏതെങ്കിലും തൊഴില്‍ സംഘടനകളില്‍ അംഗമല്ലെന്നും പറഞ്ഞുകൊണ്ടാണ് കൃഷണമ്മാള്‍ തുടങ്ങിയത്. കാലങ്ങളായി സമരം ചെയ്ത് തൊഴിലെടുക്കുന്നവര്‍ നേടിയെടുത്ത അവകാശങ്ങള്‍ സര്‍ക്കാരും മുതലാളിമാരും ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കുന്നുണ്ട്. തങ്ങളുടെ സംഘനയിലേക്ക് വര്‍ഷാവര്‍ഷം കടന്നുവരുന്ന അംഗങ്ങളുടെ കണക്കെടുപ്പില്‍ മാത്രം ഒതുങ്ങിപ്പോകുന്ന തൊഴില്‍ സംഘടനകളില്‍ നിന്നും തൊഴിലാളികളെ വീതം വെക്കാതെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് അവയെ സമരമുഖത്തെത്തിക്കുക എന്നതാണ് എന്‍.ടി.യു.ഐ ചെയ്യുന്നതെന്ന് കൃഷ്ണമ്മാള്‍.
2006 ല്‍ എന്‍.ടി.യു.ഐ രൂപം കൊണ്ട് 6 മാസത്തിനുള്ളില്‍ സംഘടനയുടെ കേരളഘടകവും പ്രവര്‍ത്തനം തുടങ്ങി. അന്നു മുതല്‍ കൃഷ്ണമ്മാള്‍ സംഘടനടയില്‍ അംഗമാണ്. നിലവില്‍  എന്‍.ടി.യു.ഐ യില്‍ അഫിലിയേറ്റ്  ചെയ്തിട്ടുള്ള  Kerala State Cleaning Destination Workers Union, ഗാര്‍ഹിക തൊഴിലാളി യൂണിയന്‍, കശുവണ്ടി തൊഴിലാളി യൂണിയന്‍ എന്നിവയുടെയെല്ലാം ചുമതല കൃഷ്ണമ്മാളിനാണ്. കശുവണ്ടി തൊഴിലാളി യൂണിയന്റെ ജനറല്‍സെക്രട്ടറിയും കൃഷ്ണമ്മാള്‍ തന്നെ.
ഇതുമലിലെ കശുവണ്ടി ഫാക്ടറിയില്‍  തൊഴിലാളികള്‍ക്ക് 2005 ലെ ഓണക്കാലത്ത് ബോണസ് 4500 ല്‍ നിന്നും 1500 രൂപയാക്കി കുറച്ച മാനേജ്‌മെന്റിനെതിരെ കൃഷ്ണമ്മാളിന്റെ നേതൃത്വത്തില്‍ വലിയൊരു സമരം നടന്നു. ലേബർ കമ്മീഷൻ  തീരുമാനപ്രകാരം ബോണസ്സ് 4500 രൂപയാണെങ്കിലും CITU ഉള്‍പ്പെടെയുള്ള സംഘടനകളുമായി മുതലാളിമാര്‍ നടത്തിയ ധാരണക്കൊടുവിലാണ് 1500 ആയി ബോണസ് കുറച്ചതെന്ന് കൃഷ്ണമ്മാള്‍ പറയുന്നു. വര്‍ഷത്തില്‍  15 ദിവസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നല്‍കണമെന്ന തൊഴില്‍ നിയമത്തിന്റെ ലംഘനത്തിനെതിരേയും അന്ന് സമരം നടന്നു. പി.എഫ് ഇനത്തില്‍ തൊഴിലുടമ അടക്കേണ്ട തൊഴിലാളികളില്‍ നിന്നും പിരിച്ച സംഖ്യയും അടച്ചിട്ടില്ലെന്ന് കണ്ടെത്തി. വിജയം തൊഴിലാളികള്‍ക്കായിരുന്നു. 5-6 ദിവസത്തെ ശമ്പളം മാത്രമായിരുന്നു ഗ്രാറ്റുവിറ്റി  ഇനത്തില്‍ അതുവരെ ലഭിച്ചിരുന്നത്. ജില്ലാ ലേബർ ഓഫീസറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഇതിനു ധരണയായെങ്കിലും യു.ടി.യു, ഐ.എന്‍.ടി.യു.സി  ഉള്‍പ്പെടെയുള്ള സംഘടനകളെ മാനേജ്‌മെന്റ് സ്വാധീനിക്കുകുയും ഡി.എല്‍.ഒ യുടെ ഒത്തുതീര്‍പ്പ് അംഗീരിക്കില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. തുടര്‍ന്ന് 12 തൊഴിലാളികള്‍ ഒഴികെ എല്ലാവരും പി.എഫ് തുക വാങ്ങിയെങ്കിലും സമരം തുടരുകയും ഒടുവില്‍ 15 ദിവസത്തെ ശമ്പളം തന്നെ ഗ്രാറ്റുവിറ്റിയായി തൊഴിലാളികള്‍ക്ക് ലഭിക്കുകയും ചെയ്തു. സംഘടന നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ഇടപെടലായിരുന്നു അത്.
തുടര്‍ന്ന് നടന്ന 2006 ലെ പുനലൂരിലെ പേപ്പര്‍ മില്‍ സമരവും ശ്രദ്ധിക്കപ്പെട്ടു. 26 വര്‍ഷമായി പൂട്ടിക്കിടന്ന ഫാക്ടറിയിലെ 2000 ത്തോളം തൊഴിലാളികള്‍ക്കാണ് സമരം മൂലം  കുറച്ചെങ്കിലും നീതി ലഭിച്ചത്. മൂന്നര വര്‍ഷത്തെ ഇടപെടലിനൊടുവില്‍ രണ്ടുവര്‍ഷത്തെ പി.എഫ്, ഗ്രാറ്റുവിറ്റി, ബോണസ് ഇവയൊക്കെ തിരിച്ചു കിട്ടാനായത്. എന്‍.ടി.യു.ഐയുടെ ഇടപെടലുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയായിരുന്നു.
കൃഷ്്ണമ്മാളിന്റെ നേതൃത്വത്തില്‍ 2006 ല്‍ തന്നെ കേരളത്തിലെ ക്ലീനിങ്  തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. Kerala State Cleaning Destination Workers Union -ന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ മാസശമ്പളമായി ലഭിച്ചിരുന്ന 1500 രൂപയില്‍ നിന്നും 6000 രൂപയായി തുക ഉയര്‍ന്നു. കുടുംബശ്രീ വഴി വിവിധ വകുപ്പുകളില്‍ കോണ്‍ട്രാക്റ്റില്‍ ചേര്‍ക്കുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ടൂറിസം മേഖലയിലെ ക്‌ളീനിംഗ് തൊഴിലാളികളുടെ നേതൃത്വത്തില്ഡ നടന്ന സമരത്തിന് ശേഷം 6000 എന്ന ചെറിയ കൂലി വര്‍ദ്ധനവിലേക്കെത്തി.
ഇന്ന് ഹോസ്പിറ്റല്‍ മേഖലകളിലെ ക്‌ളീനിംഗ് തൊഴിലാളികളെയും ചേര്‍ത്ത് കൊണ്ട് എന്‍.ടി.യു.ഐ യുടെ നേതൃത്വത്തിലുള്ള ക്‌ളീനിംഗ് തൊഴിലാളി സമരത്തിന്റെയും മുന്‍പന്തിയില്‍ എന്‍.ഐ.ടി.യു ഉണ്ടായിരുന്നു. ജോലിയില്‍ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ തൊഴിലാളികളെ പുറത്താക്കാനമുള്ള മാനേജ്‌മെന്റിന്റെ ശ്രമം സംഘനട ഇടപെടലിനെത്തുടര്‍ന്ന് നിര്‍ത്തലാക്കി. പ്രിന്‍സിപ്പല്‍ ഓഫീസ് മാര്‍ച്ചും പ്രിന്‍സിപ്പലിനെതടഞ്ഞ് നിര്‍ത്തിയുള്ള സമരവും സംഘടന നയിച്ചു. കളക്ടര്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് അന്ന് സമരം താല്‍ക്കാലികതമായി നിര്‍ത്തിയത്. എന്നാല്‍ 2 ദിവസമായി ജോലിക്കെത്തിയില്ലെന്ന് കാരണം പറഞ്ഞ് തൊഴിലാളികളെ ഒഴിവാക്കാന്‍ നോക്കിയെങ്കിലും വീണ്ടും സമരം തുടങ്ങിയതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലായി.
ഹോസ്പിറ്റലിലെ കരാര്‍ തൊഴിലാളികള്‍ക്കെതിരെയുള്ള തൊഴില്‍ ചൂഷണവും കൃഷ്ണ്ണമാളിന്റെ നേതൃത്വത്തിലുള്ള  സംഘടന ചര്‍ച്ചയാക്കി. പെര്‍മനന്റ് തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയാണ്. എന്നാല്‍ 7 മണിക്കെത്തുന്ന കരാര്‍ തൊഴിലാളികള്‍ക്ക് അത് 7 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ്. തുടര്‍ന്ന് കളക്ടറുടെ  ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഇരുകൂട്ടറുടേയും സമയം 8 മണിക്കൂറായി നിജപ്പെടുത്തിയതും ചരിത്ര നേട്ടമായി.
ടൂറിസം മേഖലയിലെ ക്‌ളീനിംഗ് തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സംഘടന ഇപ്പോള്‍ കൂടുതലായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ DTPC ഓഫീസിനു മുന്‍പില്‍ തൊഴിലാളികള്‍ നടത്തിയ സമരവും ഏറെക്കുെറെ വിജയമായിരുന്നു. എന്നാല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും തീരുമാനമായിട്ടില്ല.
ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടുകയോ, ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോകുന്ന മേഖലയാണ് ഗാര്‍ഹിക മേഖലയിലെ തൊഴിലാളകളുടെ പ്രശ്‌നങ്ങള്‍. കുറച്ചുകാലം മുന്‍പ് വരെ കൊച്ചി നേവല്‍ബേസിലെ ക്‌ളീനിംഗ് തൊഴിലാളികളുടെ മാസശമ്പളം ഒരു കുപ്പി മദ്യമായിരുന്നു. പിന്നീട് ഗാര്‍ഹികതൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ തൊഴില്‍ സംഘടനകള്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ചെറിയ ശമ്പളം കിട്ടിത്തുടങ്ങുന്നത്. തൊഴിലാളികള്‍ക്ക് അനുവദിച്ച സെര്‍വെന്റ്‌സ് കോട്ടേഴ്‌സില്‍ തൊഴില്‍സമയങ്ങളൊന്നും പാലിച്ചിരുന്നില്ല. 24 മണിക്കൂറില്‍ ഏതു സമയത്തു വിളിച്ചാലും ചെല്ലണമെന്നും തൊഴിലാളികള്‍ക്ക് ആണ്‍്മക്കളുണ്ടെങ്കില്‍ പതിനെട്ടു വയസ്സു തികഞ്ഞാല്‍ നേവല്‍ ബേസ് വിട്ടുപോകണമെന്നും അലിഖിത നിയമമായിരുന്നു. ഈ സമയത്ത് കൃഷ്ണമ്മാളിന്റെയും സംഘടനയുടേയും നേതൃത്വത്തില്‍ മുവ്വായിരത്തോളം വരു്ന്ന തൊഴിലാളികള്‍ക്കു വേണ്ടി സമരം നടന്നു. എന്നാല്‍ പതിവ്‌പോലെ പിരിച്ചുവിടല്‍ ഭീഷണി നടന്നെങ്കിലും സമരം കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്്. നോവ്ല്‍ബേസിലേക്ക് മാര്‍ച്ച് നടക്കുകയും മിനിമം വേതനം തൊഴിലാളികള്‍ക്ക് നടപ്പിലാക്കുമെന്ന് ഉറപ്പില്‍ സമരം ഒത്തുതീരുകയായിരുന്നു.
ഇലക്ട്രിസിറ്റി കരാര്‍ തൊഴലാളി യൂണിയന്‍, പെര്‍മനന്റ് തൊഴിലാളി യൂണിയന്‍, ഷിപ്പയാര്‍ഡ് തൊഴിലാളി യൂണിയന്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങി പൊതുമേഖലയിലും എന്‍.ടി.യു.ഐ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുണ്ട്. മിനിമം വേതനം, തൊഴിലിനനുസൃതമായ കൂലി, തൊഴില്‍ സംരക്ഷണം, ജോലിസ്ഥിരപ്പെടുത്തല്‍ , ആനുകൂല്യങ്ങള്‍ നേടിയെടുക്കല്‍ തുടങ്ങി വിവിധങ്ങളായ തൊഴില്‍പ്രശ്‌നങ്ങളില്‍ എന്‍.ടി.യു.ഐ.യും കൃഷ്ണമ്മാളും സജീവമായ ഇടപെടലുകള്‍ നടത്തി വരുന്നു.
കൃഷ്ണമ്മാളിന്റെ അച്ഛനും അമ്മയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ പാര്‍ട്ടി അംഗങ്ങളായിരുന്നു. വിദ്യാഭ്യാസക്കാലത്തു തന്നെ എസ്.എഫ്.ഐ യുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കിലും സജീവരാഷ്ട്രീയത്തിലിടപെടുന്നത് പാര്‍ട്ടിയുടെ മഹിളാരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതലാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ക്‌ളര്‍ക്കായി ജോലി കിട്ടിയിരുന്നെങ്കിലും ജോലിക്കാര്യം വീട്ടിലറിയാതെ മഹിളാരംഗത്ത് സജീവമാകാനായിരുന്നു അവരുടെ തീരുമാനം. തുടര്‍ന്ന് കൊല്ലം ജില്ലയിലെ സി.പി.എം മഹിളാരംഗത്തിന്റെ ജില്ലാ സെക്രട്ടറിയായി. പാര്‍ട്ടിയിലും ഇക്കാലയളവില്‍ കൃഷണമ്മാള്‍ സജീവമായിരുന്നു. പാർട്ടി പരിപാടി ഭേദഗതി ചെയതതോടെ പാര്‍ട്ടിയുമായി അഭിപ്രായ വിത്യാസം ഉണ്ടായി. കുറച്ചു കാലം പാര്‍ട്ടിയില്‍ പിന്നീട് തുടര്‍ന്നു. 2005 ൽ  എം.സി.പി.ഐ.യു (മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ്) ല്‍ അംഗമായി. നിലവില്‍ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്.
സി.പി.എമ്മി.ല്‍ ഉണ്ടായിരുന്ന സമയത്ത് എം.വി രാഘവന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീകള്‍ക്കുള്ള സ്റ്റേറ്റ് വളണ്ടിയര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. സ്വയരക്ഷക്കായി സ്ത്രീകസഖാക്കളെ കായ്യികവും മാനസികവും സജ്ജമാക്കുകയെന്ന ലക്ഷ്യം കൂടി അന്ന് ക്യാമ്പില്‍ നിര്‍വഹിക്കപ്പെട്ടു. കണ്ണൂരില്‍ വെച്ച് നടന്ന ക്യാമ്പില്‍ ഒരു ജില്ലയില്‍ നിന്ന് രണ്ടു പേര്‍ വീതം തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പ് ലീഡര്‍ കൃഷണമ്മാളും തുടര്‍ന്ന് വനിതസംരക്ഷണബില്ലിനായുള്ള സമരത്തിലും പങ്കെടുത്തിരുന്നു. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് വിമന്‍ എന്ന വനിത സംഘനടയില്‍ നിലവില്‍ അംഗമാണ്. എം.സി.പ.ഐ യുടെ വനിതാസംഘടനയാണ് എ.ഐ.എഫ്.ഡി.ഡബ്‌ള്യു.
സംസാരം അവസാനിപ്പിക്കുന്നതിനിടയില്‍ ഭാവി സമരപരിപാടികളെകുറിച്ചും അവര്‍ പറഞ്ഞു. തൊഴില്‍ മേഖലകളിലേക്ക് ഏറ്റവും കുറഞ്ഞ കൂലിയുള്ള തൊഴിലാളികളെ വിതരണം ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാരായ കുടുംബശ്രീക്കെതിരെയുള്ള സമരമാണ് നിലവില്‍ നടക്കുന്നതെന്നാണ് കൃഷ്ണമ്മാള്‍ പറഞ്ഞത്. കുടുംബശ്രീ വഴി നിയമിതരായ സ്ത്രീകളാരും സ്ഥിരപ്പെട്ടിട്ടില്ലെന്ന് കൃഷ്ണമ്മാള്‍ പറയുന്നു. വി.വി.ധ പകുപ്പുകളില്‍ ക്‌ളീനിംഗ് തൊഴിലാളികളും അറ്റന്‍ഡര്‍മാരുമൊക്കെയാണ് കുടുംബശ്രീ വഴി കയറിയവരെ സ്ഥിരപ്പെടുത്തുകയെന്ന മുദ്രാവാക്യമാണ് പുതിയ സമരത്തിന്റേത്

കടപ്പാട് : സംഘടിത 


Loading...