26-02-2018

​കൊച്ചിയിൽ കളി കാണാൻ കാത്തിരുന്നവരെ നിരാശരാക്കുന്ന വാർത്ത

Sports | ​കൊച്ചി


അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം പെയ്തിറങ്ങാന്‍ ഒരു ദിവസം മാത്രം മുന്നില്‍ നില്‍ക്കെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തിരിച്ചടി നല്‍കി ഫിഫ. സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം 29,000മായി വെട്ടിക്കുറച്ചതാണ് ആരാധകര്‍ക്ക് തിരിച്ചടിയായത്. നേരത്തെ 41,000 പേരെ മല്‍സരം കാണാന്‍ അനുവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് കാണികളുടെ എണ്ണം വെട്ടിക്കുറക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം പരമാവധി 32,000 പേര്‍ക്ക് മാത്രമേ കളി കാണാന്‍ അവസരം ലഭിക്കൂ. ഇതിനനുസരിച്ച് ടിക്കറ്റ് വില്‍പ്പനയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ശനിയാഴ്ച ബ്രസീലും സ്‌പെയിനും തമ്മിലുള്ള ആവേശ പോരിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. കൊച്ചിയിലെത്തിയ സ്പാനിഷ് ടീം മഹാരാജ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ടീമിന്റെ കുന്തമുനയായ അന്‍ഡോറയുടെ പരിക്ക് തിരിച്ചടി നല്‍കില്ലെന്നാണ് പ്രതീക്ഷയെന്നും കിരീടം നേടിത്തരാന്‍ പ്രാപ്തരായ താരങ്ങള്‍ ടീമിനൊപ്പമുണ്ടെന്നും സ്‌പെയിന്‍ പരിശീലകന്‍ സാന്‍ഡിയാഗോ ഡാനി പറഞ്ഞു. അതേ സമയം സൂപ്പര്‍ താരം വെനീഷ്യസ് ജൂനിയര്‍ ഇല്ലാതെയാണ് ബ്രസീല്‍ കൊച്ചിയില്‍ ബൂട്ടുകെട്ടുന്നത്.


Loading...