17-08-2018

​ഇന്ത്യയിൽ ലഭ്യമാകുന്നത് നിയന്ത്രിതമായ ഇന്റർനെറ്റ് സൈറ്റുകൾ മാത്രമെന്ന് പഠനം

Tech | ഡൽഹി


ഇന്ത്യയിലെ ഇന്റർനെറ്റ് സേവനദാതാക്കൾ ഒട്ടുമിക്ക വെബ്‌സൈറ്റുകളും തടഞ്ഞുവെച്ചിരിക്കുകയാണെന്നു പത്ത് രാജ്യങ്ങളിൽ നടന്ന പഠനം സൂചിപ്പിക്കുന്നു. 42 കണ്ടന്റ് ഫിൽറ്ററിംഗ്‌ സംവിധാനങ്ങൾ രാജ്യത്ത് സേവനം നൽകുന്ന ദാതാക്കൾ ഉപയോഗിച്ച് വരുന്നു. പഠനം നടത്തിയ 10 പിന്നോക്ക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളത് ഇന്ത്യയിൽ.

കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനും ടൊറന്റോ ആസ്ഥാനമായുള്ള സിറ്റിസൺ ലാബും ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്. നെറ്റ്സ്വീപ്പർ  എന്ന കനേഡിയൻ കമ്പനി പ്രധാന ഇന്റർനെറ്റ് സാങ്കേതികത ദാതാവായിരിക്കുന്ന പത്ത് രാജ്യങ്ങളെയാണ് പഠന വിധേയമാക്കിയത്. നെറ്റ്‌സ്വീപ്പര് ആശയങ്ങൾ ശുദ്ധീകരണ സംവിധാനങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണ്.

ഇന്ത്യയിലെ 12 ഇന്റർനെറ്റ് സേവനദാതാക്കൾ 42 ആശയ ശുദ്ധീകരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പാക്കിസ്ഥാൻ 20 ശുദ്ധീകരണ സംവിധാനങ്ങൾ ഇന്റർനെറ്റിൽ പ്രയോഗിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനമാണ് പാക്കിസ്ഥാന്റേത്. ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. പത്ത് രാജ്യങ്ങളിലായി 2,464 സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതിൽ 1,158 സൈറ്റുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നതാണ്. 

പോണുമായും പൈറസിയുമായും ബന്ധപ്പെട്ട സൈറ്റുകളാണ് കൂടുതലായും നിരോധിച്ചിരിക്കുന്നവയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും യുനൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻസ്, ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പുകൾ, ഹെൽത്ത് ഫോറങ്ങൾ, ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ, നിരോധിക്കപ്പെട്ടവയിലുണ്ട്. എന്നാൽ സർക്കാർ ഇത്തരം സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്ന് വക്താവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എബിസി ന്യൂസ്, ദി ടെലഗ്രാഫ് യു.കെ., അൽ ജസീറ, റോഹിങ്ക്യ അഭയാർത്ഥികളുമായി ബന്ധപ്പെട്ട സൈറ്റുകൾ തുടങ്ങിയവയും ഇപ്പോഴും രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്ത്യ, കുവൈത്ത്, പാക്കിസ്ഥാൻ, ഖത്തർ, സോമാലിയ, സുഡാൻ, യു എ ഇ, യെമൻ , എന്നീ രാജ്യങ്ങളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 


Loading...