15-08-2018

​അക്കൗണ്ടില്ലെങ്കിലും ഡേറ്റ ലഭിക്കുമെന്ന് ഫെയ്‌സ്ബുക്ക്

Tech | കൊച്ചി


സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാത്തവരുടെ വിവരങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലാത്തവരുടെയും ലോഗൗട്ട് ചെയ്ത് പുറത്തുപോയവരുടേതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭിക്കുന്നുണ്ടെന്ന് പ്രോജക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡേവിഡ് ബേസര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സൈറ്റുകളോ ആപ്ലിക്കേഷനോ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങളാണ് തങ്ങള്‍ക്ക് ലഭിക്കുക. ആരൊക്കെയാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതെന്ന് മറ്റ് വെബ്‌സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും അറിവില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം  ഉപയോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തിയുടെ മുഖം തിരിച്ചറിയുന്ന 'ഫേഷ്യല്‍ റെക്കഗ്നിഷന്‍' ടൂൾ ഉപയോഗിക്കുന്ന ഫേസ്ബുക്കിനെതിരെ അമേരിക്കൻ സ്വദേശികൾ കോടതിയെ സമീപിച്ചു.  ഈ സംവിധാനം ഉപയോഗിച്ചതിന് ഫെയ്‌സ്ബുക്ക് നിയമനടപടി നേരിടണമെന്ന് കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജി ജെയിംസ് ഡൊണാറ്റോ ഉത്തരവിട്ടു.

യു.എസിലെ ഇലിനോയ് സ്വദേശികളായ നിമേഷ് പട്ടേല്‍, ആഡം പേസെന്‍, കാര്‍ലോ ലികാറ്റ എന്നിവരാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെയാണ് ഫെയ്‌സ്ബുക്ക് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചുവന്നത്. ഇലിനോയ് സംസ്ഥാനത്തിന്റെ ബയോമെട്രിക് സ്വകാര്യതാസംരക്ഷണ നിയമത്തിന്റെ ലംഘനമാണിതെന്നും പരാതിക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. 

പരാതിയില്‍ കഴമ്പുണ്ടെന്നും ഫെയ്‌സ്ബുക്ക് നിയമനടപടി നേരിടണമെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കി. നഷ്ടപരിഹാരമായി കോടികള്‍ നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2011 ജൂണ്‍ ഏഴുമുതല്‍ ഇലിനോയ് സംസ്ഥാനത്ത് നിന്നുള്ള ആരുടെയൊക്കെ വിവരങ്ങളാണോ ഫെയ്‌സ്ബുക്ക് അനധികൃതമായി ശേഖരിച്ചത് അവരുടെ പരാതിയില്‍ നടപടി തുടരുമെന്നും ജഡ്ജി പറഞ്ഞു.

പരാതിക്ക് പ്രസക്തിയില്ലെന്നും കേസിനെ നേരിടുമെന്നും ഫെയ്‌സ്ബുക്ക് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം തുടക്കകാലം മുതലേ സുതാര്യമാണ്. സെറ്റിങ്‌സില്‍ മാറ്റം വരുത്തി സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ ടാഗ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനുള്ള സൗകര്യം ലഭ്യമാണെന്നും ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

2010-ലാണ് ഫെയ്‌സ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍ നടപ്പിലാക്കിയത്. സ്വകാര്യത ലംഘിക്കുന്നുവെന്നാരോപിച്ച് 2012-മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ടൂള്‍ ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്.
 


Loading...