22-04-2018

​ടാറ്റാ ടെലിസര്‍വീസസ് അടച്ചുപൂട്ടുന്നു; തൊഴില്‍ നഷ്ടമാകുന്നത് 5000 പേര്‍ക്ക്

Business | കൊച്ചി


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ടാറ്റ ടെലിസര്‍വീസസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ടാറ്റ. ഏകദേശം 5000 സ്ഥിരം തൊഴിലാളികളുള്ള സ്ഥാപനമാണിത്. ഇവര്‍ക്കെല്ലാവര്‍ക്കുംതന്നെ ഒറ്റയടിക്ക് തൊഴില്‍ നഷ്ടമാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ കുറഞ്ഞത് മൂന്നുമാസമെങ്കിലും വരെയുള്ള നോട്ടീസ് നല്‍കിയാകും പിരിച്ചുവിടല്‍. മുതിര്‍ന്ന ജീവനക്കാര്‍ക്ക് ആറുമാസം വരെയുള്ള നോട്ടീസ് പീരിയഡ് നല്‍കും. ഇവര്‍ക്ക് വിആര്‍എസും നല്‍കാനും തീരുമാനമുണ്ട്. എന്നാല്‍ കുറച്ചധികം ആളുകളെ ടാറ്റ സണ്‍സിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കുമെന്ന് കമ്പനിയോടടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സാമ്പത്തികവര്‍ഷത്തിലെ അവസാന ദിവസം വരെ കമ്പനി പ്രവര്‍ത്തിക്കും. അതായത് അടുത്തവര്‍ഷം മാര്‍ച്ച് 31 ആകും സര്‍ക്കിള്‍ മേധാവികള്‍ക്കുള്‍പ്പെടെ കമ്പനി വിടേണ്ട അവസാന തീയതി. എപ്പോള്‍ ജോലി അവസാനിപ്പിച്ചാലും ഈ സാമ്പത്തിക വര്‍ഷം നല്‍കാനുള്ള എല്ലാ മാസത്തേയും ശമ്പളവും നല്‍കും.

അടച്ചുപൂട്ടാന്‍ തീരുമാനമെടുക്കുന്നതിന് അവസാനനിമിഷം വരെ പുതിയ നിക്ഷേപകരെ കണ്ടെത്താനും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരേയും കമ്പനി തെരഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ 30,000 കോടി രൂപയോളം വരുന്ന കടബാധ്യത ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തന സാധ്യതകളും അവസാനിച്ചു.

ഒമ്പത് വര്‍ഷം മുമ്പ് ജപ്പാനിലെ എന്‍ഐടി ഡോകോമോ 1400 കോടി രൂപ ടാറ്റ ടെലിസര്‍വീസസില്‍ നിക്ഷേപിക്കുകയും ടാറ്റയുടെ ടെലി സര്‍വീസുകള്‍ക്ക് പുത്തനുണര്‍വ് പകരുകയും ചെയ്തിരുന്നു. ഡോകോമോ വിപണിയിലെത്തി സൃഷ്ടിച്ച സെക്കന്റ് പള്‍സ് എന്ന പുതിയ സംവിധാനം അന്നത്തെ തരംഗമായിരുന്നു.എന്നാല്‍ ജാപ്പനീസ് കമ്പനിയുമായുള്ള തല്ലിപ്പിരിയല്‍ ടാറ്റ ടെലിസര്‍വീസിനെ വലിയ കടക്കെണിയിലാഴ്ത്തി. ടാറ്റയുടെ ഒന്നരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ ഒരു കമ്പനി അടച്ചുപൂട്ടുന്നത്.


Loading...