22-04-2018

​കൗമാര ലോകകപ്പിന്റെ കിരീടപോരാട്ടത്തിന് കൊല്‍ക്കത്ത ഒരുങ്ങി

Sports | കൊല്‍ക്കത്ത


കൗമാര ലോകകപ്പിന്റെ കിരീടപോരാട്ടത്തിന് കൊല്‍ക്കത്ത ഒരുങ്ങി. നാളെ രാത്രി എട്ടിനാണ് ഫൈനല്‍. യൂറോപ്പിന്റെ വന്‍ പേരുകളായ സ്പെയ്നും ഇംഗ്ളണ്ടും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനത്തിന് ബ്രസീലും മാലിയും പോരടിക്കും. ഇതുവരെയില്ലാത്ത ആള്‍ക്കൂട്ടത്തിനാകും സാള്‍ട്ട്ലേക് സ്റ്റേഡിയം സാക്ഷിയാകുക.

അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇംഗ്ളണ്ടും സ്പെയ്നും. സ്പെയ്ന്‍ ചാമ്ബ്യന്‍മാരായി. ലോകകപ്പില്‍ ബ്രസീലിനെപ്പോലും മലര്‍ത്തിയടിച്ചാണ് ഇംഗ്ളണ്ട് മുന്നേറിയത്. സ്പെയ്നാകട്ടെ ഈ ലോകകപ്പില്‍ ഏറ്റവും സുന്ദരമായി കളിച്ച ടീമും. യൂറോപ്യന്‍മാരുടെ പോരിന് കൊല്‍ക്കത്ത കാത്തിരിക്കുന്നു. കൊല്‍ക്കത്തക്കാര്‍ക്ക് സ്പെയ്നിനെയാണ് ഇഷ്ടം. ഇംഗ്ളണ്ടിന്റെ ഗ്രൂപ്പ്, പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇവിടെയായിരുന്നു. അന്ന് ഇംഗ്ളണ്ടിനുവേണ്ടി നിറഞ്ഞ കൈയടിച്ചിട്ടുണ്ട് ഈ നാട്ടുകാര്‍. എന്നാല്‍ ബ്രസീലുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തോടെ ആ ഇഷ്ടം മാറി. അന്ന് ആര്‍പ്പുവിളിച്ചത് ബ്രസീലിനുവേണ്ടിയായിരുന്നു. ആ ആര്‍പ്പുവിളികള്‍ നാളെ സ്പെയ്നു വേണ്ടി മുഴങ്ങും. സ്പെയ്നിന്റേത് മോഹിപ്പിക്കുന്ന കളിയെന്നാണ് കൊല്‍ക്കത്തക്കാര്‍ പറയുന്നത്.

ഇംഗ്ളണ്ട് കഴിഞ്ഞദിവസം പരിശീലനം നടത്തിയില്ല. മാലിക്കെതിരായ സെമി കഴിഞ്ഞ് മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ സ്പാനിഷ് താരങ്ങള്‍ വൈകിട്ടോടെ മൈതാനത്തേക്കിറങ്ങി. നേരത്തെ ഇരട്ടുപിടിക്കുന്ന നഗരത്തില്‍, വൈകിട്ട് ആറിന് സ്പാനിഷ് കുട്ടികള്‍ പരിശീലനത്തിനെത്തി. സാള്‍ട്ട്ലേക് സ്റ്റേഡിയത്തില്‍ പരിശോധനയ്ക്കിറങ്ങി, നേരെ പരിശീലന മൈതാനത്തിലേക്ക്. കൈയടിച്ചും പൊട്ടിച്ചിരിച്ചും ആഹ്ളാദത്തിലായിരുന്നു ടീം. ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെട്ടില്ല. റൂയിസും ഫെറാന്‍ ടോറസും സെര്‍ജിയോ ഗോമസും ഉള്‍പ്പെടെയുള്ള താരങ്ങളെ കോച്ച്‌ സാന്റിയാഗോ ഡിനിയ മാറ്റി പരിശീലിപ്പിച്ചു.

ബുധനാഴ്ച ബ്രസീലിനെ തോല്‍പ്പിച്ച്‌ ഫൈനലില്‍ കടന്ന ഇംഗ്ളീഷ് താരങ്ങള്‍ വിശ്രമത്തിലായിരുന്നു. നൈജര്‍ വ്യാഴാഴ്ചത്തെ പരിശീലനം റദ്ദാക്കി. ബ്രസീലും ഇറങ്ങിയില്ല. ഫൈനല്‍ കാണാന്‍ ഫിഫാ തലവന്‍ ഇന്‍ഫാന്റീനോ ഉള്‍പ്പെടെ ഫിഫയുടെ വന്‍ സംഘം എത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐ എം വിജയന്‍, ബൈചുങ് ബൂട്ടിയ, മുന്‍ ക്രിക്കറ്റ്താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൌരവ് ഗാംഗുലി, ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ കളികാണാനെത്തും. 

 ഇന്ത്യ ഫുട്ബോള്‍ രാജ്യമായി മാറിക്കഴിഞ്ഞെന്ന് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റീനോ. ഈ ടൂര്‍ണമെന്റിനെ ഇത്രയും വലിയ വിജയമാക്കിയതിന് രാജ്യത്തെ ഫുട്്ബോള്‍ ആരാധകര്‍ക്ക് നന്ദി പറയുന്നുവെന്നും ഇന്‍ഫാന്റീനോ പ്രതികരിച്ചു. ഫൈനലിന് മുന്നോടിയായി കൊല്‍ക്കത്തയിലെത്തിയതായിരുന്നു ഇന്‍ഫാന്റീനോ.

 അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യ കാണികളുടെ എണ്ണത്തില്‍ ലോകറെക്കോഡിലേക്ക്. ലൂസേഴ്സ് ഫൈനലും ഫൈനലും ശേഷിക്കെ ഇന്ത്യ റെക്കോഡിനരികിലെത്തി. ചൈനയില്‍ 1985ല്‍ ടൂര്‍ണമെന്റ് കാണാന്‍ 12,30,976 പേരെത്തി. ഇന്ത്യയില്‍ ഇതിനകം 12,24,027 പേര്‍ കളി കണ്ടു. 2011ല്‍ മെക്സിക്കോയിലാണ് പിന്നെ കൂടുതല്‍പേരെത്തിയത്- 10,02,314.


Loading...