26-02-2018

​കേന്ദ്ര സർവകലാശാല പ്രവേശനത്തിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു SC/ST കമ്മീഷൻ ഇടപെടുന്നു

Cover Story | കാസർഗോഡ്


കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല  പ്രവേശനത്തിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു. സർവകലാശാലയിലെ PhD പ്രവേശനത്തിലാണ് സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടന്ന പൊതു പ്രവേശന പരീക്ഷയായ CUCET എഴുതിയ വിദ്യാർത്ഥികളാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. പരീക്ഷ എഴുതിയ ദളിത് വിദ്യാർത്ഥിയുടെ പരാതിയിൽ കേന്ദ്ര പട്ടികജാതി പട്ടികവർഗ കമ്മീഷൻ ഇടപെടുന്നു. തിരുത്തൽ നടപടിയിന്മേൽ ഇരുപത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ സർവകലാശാല രെജിസ്ട്രാറിനോട് നിർദ്ദേശിച്ചിരിക്കുന്നത്. PhD പ്രവേശനത്തിന് യോഗ്യത നേടിയവരുടെ ഒരു ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഈ ലിസ്റ്റിൽ ഉള്ളവർ പലരും ഇന്റർവ്യൂവിനു പോലും ഹാജരായില്ലെന്നും പ്രവേശനം നേടിയ പലരും വിട്ടു പോയെന്നും വിദ്യാർഥികൾ പറയുന്നു. പല റിസർച്ച് ഡിപ്പാർട്മെന്റുകളിലും പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികളുടെ എണ്ണം നാമ മാത്രമാണ്. 

JRFകാരെ ഒഴിച്ച് നിർത്തിയാൽ CUCET പരീക്ഷയിൽ നിന്നും ലിസ്റ്റിലുള്ള SC/ST/OBC വിദ്യാർത്ഥികളുടെ എണ്ണം നാമമാത്രമാണെന്നും സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും വിദ്യാർഥികൾ പറയുന്നു. എന്നാൽ ഈ വർഷം തന്നെ സീറ്റുകൾ നികത്തണം എന്ന് നിർബന്ധമില്ലെന്നും അവ അടുത്ത വർഷം നികത്തിയത് മതി എന്നുമാണ് സർവകലാശാല അധികൃതരുടെ വാദം.എല്ലാ വർഷവും സർവകലാശാല ഇതുതന്നെയാണ് പറയുന്നത് എന്നും പല ഡിപ്പാർട്ട്മെന്റുകളിലും SC/ST വിഭാഗത്തിൽ നിന്നുള്ള ഗവേഷകരുടെ എണ്ണം ഇത്രയും വർഷമായിട്ടും നാമമാത്രമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. 


ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷ ഒരു തരത്തിലും വിദ്യാർത്ഥികളുടെ ഗവേഷണ അഭിരുചി അളക്കാൻ പര്യാപ്തമല്ലെന്നും ഇന്റർവ്യൂവിൽ ആണ് അത് തെളിഞ്ഞു വരുന്നത് എന്നും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ സർവകലാശാല അധികൃതരെ തെല്ലും അലോസരപ്പെടുത്തുന്നില്ല എങ്കിലും മികച്ച ഗവേഷണ അഭിരുചിയുള്ള വിദ്യാർഥികൾ പോലും അർഹമായ അവസരത്തിൽ നിന്നും അശാസ്ത്രീയമായ പരീക്ഷയുടെ കാരണത്താൽ മാറ്റി നിർത്തപ്പെടുന്നു എന്നത് ഗൗരവകരമാണ്. മുൻ വർഷങ്ങളിലും സംവരണ മാനദണ്ഡങ്ങൾ സർവകലാശാല ലംഘിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നല്ല പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പൊതുവിഭാഗത്തിനു പകരം സംവരണ സീറ്റുകളിലേക്ക് മാറ്റിയിട്ടുണ്ടത്രെ. അർഹരായ വിദ്യാർത്ഥികളുടെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.

No automatic alt text available.
യൂജിസിയുടെ പുതിയ നയപ്രകാരം കാറ്റഗറി 3ൽ വരുന്ന സർവകലാശാലയിൽ അടുത്ത അധ്യയന വർഷം മുതൽ NET/JRF/Mphil യോഗ്യതയുള്ളവർക്ക് മാത്രമാണ് PhD പ്രവേശന യോഗ്യത. നിരവധി ദളിത്-പിന്നോക്ക വിദ്യാർത്ഥികളുടെ ഗവേഷണമോഹം ഇതോടെ അവസാനിക്കുന്നു. മോഡി സർക്കാരിന്റെ സംവരണ വിരുദ്ധതയാണ് കേന്ദ്രസർവ്വകലാശാലയിലും വെളിവാകുന്നത്.മാനവിക വിഷയങ്ങളിലെ ഗവേഷങ്ങൾ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ട് എന്ന് അക്കാദമിക്ക് സമൂഹം ആരോപിക്കുന്നുണ്ട്. സംഘപരിവാർ പിടിമുറുക്കിയിരിക്കുന്ന സർവകലാശാല മുമ്പും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.


Loading...