14-12-2017

ഐഡന്റിറ്റി മറച്ച് വെച്ച് സന്ദേശങ്ങളയക്കാം; സാറാഹ ആപ്പ് വൈറലാകുന്നു.

Tech | കൊച്ചി


സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖ് വികസിപ്പിച്ചെടുത്ത സറാഹാ എന്ന ആപ്ലിക്കേഷനാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ താരം. പരസ്യമായി തുറന്നു പറയാന്‍ മടിക്കുന്ന അഭിപ്രായങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നില്‍. ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ സറാഹാ സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ ഡെവലപ്പര്‍മാര്‍ പറയുന്നത്. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സറാഹാ ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇപ്പോള്‍ ഇന്ത്യയിലും ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വളരെ ലളിതമായ ആശയത്തിലാണ് സറാഹാ ആപ്പ് രൂപംകൊണ്ടത്. ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ മാത്രം മതി. ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹാ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവും അപ്ലിക്കേഷനില്‍ ലഭ്യമാണ്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്‌സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫ്‌ലാഗ് ചെയ്യുകയോ ഡെലിറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി പ്രിയപ്പെട്ടവയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ആവാം.ആപ്പ് വളരെ ജനപ്രിയമായിട്ടുണ്ടെങ്കിലും, അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. 

ഈ ആപ്ലിക്കേഷന്‍ പുറത്തിറങ്ങിട്ട് ഏതാനും മാസങ്ങള്‍ ആയെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ പ്രചാരിക്കാന്‍ തുടങ്ങിയത്. വന്‍ വലിയ സ്വീകാര്യതയാണ് ഇന്ത്യയില്‍ ആപ്പ് ദിവസങ്ങള്‍ കൊണ്ട് നേടിയെടുത്തത്.ജൂലൈയില്‍ മുപ്പത് രാജ്യങ്ങളിലാണ് സറാഹാ ആപ്പ് പുറത്തിറക്കിയത്. സറാഹാ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ ഇതിനോടകം സറാഹാ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.