15-08-2018

​സെൻസർ ബോർഡിൻറെ ഇരട്ടജീവിതം: ചിതറിയ കുറിപ്പുകൾ

Opinion | കൊച്ചി


1.
'അങ്കമാലി ഡയറീസ്' കേരളത്തിലെ തിയേറ്ററുകളിൽ ആഘോഷപൂർവ്വം ഓടിക്കൊണ്ടിരുന്നപ്പോൾ ആ സിനിമക്കെതിരെ ഒരു പരാതി കേരളത്തിലെ വിവിധ അധികാരകേന്ദ്രങ്ങളിൽ സമർപ്പിക്കപ്പെട്ടു. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിനോട് ചേർന്ന വനിതാ ജയിലിൽ തടവിൽ കഴിയുന്ന പി.എ. ഷൈന ആയിരുന്നു പരാതിക്കാരി. അങ്കമാലി ഡയറീസിൽ പോലീസ് സ്റ്റേഷൻ കാണിക്കുമ്പോൾ പോലീസ് സ്റ്റേഷനിലെ ചുവരിൽ പിടികിട്ടാപുള്ളികളുടെ പടം വച്ചിട്ടുള്ള ബോർഡിൽ ഷൈനയുടെ പടവും വച്ചിരുന്നു. പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഉപയോഗിച്ച അതെ പടമായിരുന്നു അത്. താൻ ഒരു കുറ്റവാളിയാണെന്ന് മുദ്ര കുത്തുന്ന ഈ നടപടി തന്റെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതാണെന്നും അത് കൊണ്ട് തന്റെ പടം കാണിക്കുന്ന സീൻ നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും ആണ് ഷൈന ആവശ്യപ്പെട്ടത്.എന്നാൽ ഒരു അധികാരകേന്ദ്രവും അത് പരിഗണിച്ചില്ല.എന്നാൽ ഇപ്പോൾ സുരേഷ് നാരായണൻ സംവിധാനം ചെയ്ത ഇരട്ടജീവിതം എന്ന സിനിമക്കു സെൻസർ സർട്ടിഫികറ്റ് നൽകണമെങ്കിൽ സിനിമയിൽ ഒരിടത്തു പരാമർശിക്കപ്പെടുന്ന, കോടിക്കണക്കിനു രൂപയുടെ ബാങ്ക് വായ്പ തട്ടിച്ചെടുത്തു നാടുവിട്ട വിജയ് മല്യയുടെ പേര് വരുന്ന ഭാഗം നീക്കം ചെയ്യണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫികേഷൻ റീജിയണൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നു. ഷൈനയുടെ കാര്യത്തിൽ വേണമെന്ന് തോന്നാത്ത ഒരു കാര്യം പക്ഷെ മല്യയുടെ കാര്യത്തിൽ ആവശ്യമായി മാറുന്ന സെൻസർ ബോർഡിൻറെ ഇരട്ടജീവിതം ആണ് ഇവിടെ വെളിവാക്കപ്പെടുന്നത്.


2. 
സെൻസർ ബോർഡ് ഒരു സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണ്.ഫിലിം സെൻസർ ചെയ്യാൻ അതിനു നിയതമായ മാനദണ്ഡങ്ങൾ 1952 ലെ സിനിമോട്ടോഗ്രാഫ് നിയമം,1983 ലെ സിനിമോട്ടോഗ്രാഫ് സെർട്ടിഫികേഷൻ ചട്ടങ്ങൾ എന്നിവ നിഷ്ക്കർഷിക്കുന്നുണ്ട്. അതനുസരിച്ചു രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തിനെയും ,രാജ്യ സുരക്ഷയെയും ,വിദേശ രാജ്യങ്ങൾ തമ്മിലുള്ള സുഹൃദ് ബന്ധങ്ങളേയും,ദോഷകരമായി ബാധിക്കുന്നതോ പൊതു ക്രമത്തിനും, സദാചാരത്തിനും ഭീഷണിയാകുന്നതോ ,കോടതിയലക്ഷ്യത്തിനും കുറ്റകൃത്യങ്ങൾക്കും കാരണമായേക്കാവുന്നതോ ആയ സിനിമകൾക്കാണ് സർട്ടിഫിക്കറ്റ് നിഷേധിക്കുക. ഈ കാരണങ്ങൾ എല്ലാം തന്നെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു ഇന്ത്യൻ ഭരണഘടന നിഷ്കർഷിച്ചിരിക്കുന്ന പരിധികളാണ് എന്നും കാണാം. ഇവിടെ പ്രസക്തമാകുന്ന ചോദ്യം വിജയ്മല്യയുടെ പേര് പറയുന്നതിലൂടെ മേൽപറഞ്ഞ ഏതു പരിധിയാണ് ലംഘിക്കപ്പെട്ടത് എന്നതാണ്. അതെ സമയം ഷൈനയുടെ കാര്യത്തിൽ അവർ പ്രതിയായ കേസ്സുകളിൽ എല്ലാം തന്നെ അന്വേഷണം നടക്കുകയാണ്. വിചാരണക്ക് മുൻപ് തന്നെ അവരെ കുറ്റവാളിയെന്ന തരത്തിൽ സമൂഹത്തിനു മുന്നിൽ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും ആർക്കും അത് ഒരു പ്രശ്നമായി തോന്നിയതുപോലുമില്ല.


3.
സിനിമയിൽ ഒരിടത്ത് വിജയ് മല്യ നടത്തിയ വെട്ടിപ്പിനെ സംബന്ധിച്ചുള്ള ടെലിവിഷൻ വാർത്ത ഓഡിയോ ഓവർലാപ് ആയി ചേർത്തതിൽ നിന്ന് വിജയ്മല്യയുടെ പേര് ഒഴിവാക്കാൻ CBFC റീജിയണൽ ഓഫീസർ ആവശ്യപ്പെട്ടു എന്നാണ് സിനിമയുടെ സംവിധായകൻ സുരേഷ് നാരായണൻ തന്റെ കുറിപ്പിൽ പറയുന്നത്. വാർത്തയായി ടെലിവിഷനിലും മറ്റും യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രചരിക്കപ്പെട്ടതാണ് വിജയ്മല്യ നടത്തിയ വെട്ടിപ്പും അയാളുടെ നാടുവിടലും. അങ്ങനെ ഉള്ള ഒരു കാര്യം സിനിമയിൽ ഉപയോഗിക്കുമ്പോൾ അത് സെൻസർ ചെയ്യണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? നിയമത്തിനു മുന്നിൽ തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശത്തിന്റെ ലംഘനമല്ലേ അത്?


4.
കാലഹരണപ്പെട്ട ഈ സെൻസറിങ് സമ്പ്രദായം മാറേണ്ടതിനെ കുറിച്ച് കേരളത്തിലെ സിനിമ പ്രവർത്തകരും സാംസ്ക്കാരിക പ്രവർത്തകരും എന്ത് കൊണ്ട് മൗനം പാലിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം.കലാ -ആവിഷ്‌ക്കാര രംഗത്തെ ഭരണകൂടത്തിന്റെ ഇടപെടലിനുള്ള ഒരു ഉപാധിയാണ് സെൻസർ ബോർഡ് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. ചില അപവാദങ്ങൾ ഒഴിച്ച് നിറുത്തിയാൽ സിനിമ-സാംസ്ക്കാരിക മേഖല പൊതുവെ അതിനോട് തണുപ്പൻ പ്രതികരണമാണ് നടത്തുന്നത്. സമീർ എന്ന സിനിമയിൽ ഒരു സംഭാഷണത്തിൽ നിന്നും 'മൻ കി ബാത്' എന്ന വാക്കു നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.മോഡി കാ ഗാവ് എന്ന ചിത്രത്തിന് അനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും എതിർപ്പില്ല സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. സെക്സി ദുർഗ്ഗക്കു നേരിടേണ്ടി വന്ന ഭരണകൂട നടപടികൾ.ഇതെല്ലാം സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളുടെ ലംഘനവും അധികാര ദുർവിനിയോഗവുമാണ് ഇതെല്ലാം.എന്നിട്ടും കാര്യമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും കലയുടെ മൗലികതക്കും അപ്പുറം മൂലധനതാൽപ്പര്യം നിർണ്ണായകമായി മാറുമ്പോൾ ഒത്തുതീർപ്പുകൾ സ്വാഭാവികമായി തീരുകയാണോ ? അടുത്തകാലത്തു നിലപാടുകളുടെ പേരിൽ ശബ്ദമുഖരിതമായ മലയാള സിനിമ ലോകത്തു നിന്ന് ഒരു ശബ്ദവും ഇരട്ടജീവിതം സിനിമക്കു മുന്നിൽ വച്ച അന്യായമായ ആവശ്യത്തിനെതിരെ ഇതുവരെ ഉയരാഞ്ഞത് എന്തെ ?


Loading...