15-08-2018

​ ജഡ്ജിമാരുടെ പത്രസമ്മേളനം സംഘപരിവാർ ഏകാധിപത്യത്തിനെതിരെ

Opinion | കൊച്ചി


2005 ല്‍ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്രാബുദീന്‍റെ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ബീജേപ്പി ദേശീയ പ്രസിഡണ്ട് സാക്ഷാല്‍ അമിത് ഷാ ആണ് . സീ ബി ഐ കോടതിയില്‍ കേസ് കേട്ടുകൊണ്ടിരുന്ന പ്രത്യേക ജഡ്ജി J.T ഉത്പത് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയ അമിത് ഷായെ ശാസിച്ചിരുന്നു . 2014 ജൂണ്‍ 20 ന് കേസ് വെച്ചപ്പോള്‍ മുംബൈയില്‍ ഉണ്ടായിരുന്നിട്ടും ഷാ ഹാജരായില്ല. ഉത്പത് കേസ് ജൂണ്‍ 26 ലേക്ക് വീണ്ടും പോസ്റ്റ്‌ ചെയ്തു . എന്നാല്‍ ജൂണ്‍ 25ന് ജഡ്ജ് ഉത്പതിനെ സ്ഥലം മാറ്റുകയും തല്‍സ്ഥാനത്ത് ബ്രിജ് ഗോപാല്‍ ഹരികൃഷ്ണന്‍ ലോയ എന്നൊരു ജഡ്ജിയെ നിയമിക്കുകയുണ്ടായി . 

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച വലിയ രാഷ്ട്രീയ നേതാക്കള്‍ പ്രതിസ്ഥാനത്ത് വന്ന ഒരു കേസെന്ന നിലയില്‍ കോടതിയുടെ വിശ്വാസ്യത നിലനിര്‍ത്താനായാണ്‌ കേസ് ഗുജറാത്തിനു വെളിയില്‍ മുംബൈയിലേക്ക് മാറ്റിയത്. ഈ കേസ് അവസാനം വരെ ഒരു ജഡ്ജി തന്നെ കേള്‍ക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത്തരം ഉത്തരവുകളെല്ലാം തള്ളികൊണ്ടാണ് ഉത്പതിനേ മാറ്റി ലോയയെ നിയമിച്ചത്. എന്നാല്‍ ആറു മാസം തികയുന്നതിനു മുന്‍പ് ലോയ നിഗൂഡമായ സാഹചര്യത്തില്‍ നാഗ്പൂരില്‍ വെച്ച് മരിക്കുകയുണ്ടായി. അദേഹത്തിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ബന്ധുക്കള്‍ മുന്നോട്ടുവരികയുണ്ടായെങ്കിലും യാതൊരുവിധ അന്വേഷണങ്ങളും അതിന്മേല്‍ നടക്കുകയുണ്ടായില്ല .

തന്‍റെ സഹപ്രവര്‍ത്തകയായ സപ്ന ജോഷിയെന്ന ജഡ്ജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റു രണ്ടു ജഡ്ജിമാര്‍ക്കൊപ്പം ലോയ നാഗ്പൂരില്‍ പോവുകയും കല്യാണത്തിലും തുടര്‍ന്നുള്ള വിരുന്നിലും പങ്കെടുത്തത്തിനു ശേഷം നാഗ്പൂരിലെ രവി ഭവനെന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ മറ്റു രണ്ടു ജഡ്ജിമാര്‍ക്കൊപ്പം അദ്ദേഹം താമസിച്ചു . 2014 നവംബര്‍ 30 നായിരുന്നു കല്യാണം .അന്നുരാത്രി പതിനൊന്നുമണിക്ക് ലോയ തന്‍റെ ഭാര്യയെ ഫോണില്‍ വിളിക്കുകയും ഏകദേശം മുക്കാല്‍ മണിക്കൂര്‍ അവരോട് സംസാരിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹം അവസാനം ചെയ്ത ഫോണ്‍ കാള്‍ .എന്നാല്‍ പിറ്റേ ദിവസം രാവിലെ അഞ്ചുമണിക്ക് തലേദിവസം രാത്രിയില്‍ ലോയ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ബര്‍ദേ എന്നുപറയുന്ന ഒരു ജഡ്ജി വീട്ടുകാരോട് വിളിച്ചു പറഞ്ഞു .അന്നേദിവസം പതിനൊന്നുമണിയോടെ ലോയയുടെ മൃതശരീരം ഒരാംബുലന്‍സില്‍ വീട്ടിലെത്തിച്ചു .ആംബുലന്‍സ് ഡ്രൈവര്‍ അല്ലാതെ മറ്റാരും മൃതശരീരത്തെ അനുഗമിച്ചിരുന്നില്ല .അഞ്ചുമണിക്ക് ലോയ മരിച്ചുവെന്ന്‌ വീട്ടുകാര്‍ അറിഞ്ഞുവെങ്കിലും നാഗ്പൂര്‍ മെഡിക്കല്‍ കോളേജ് രേഖകള്‍ പ്രകാരം അദ്ദേഹം മരിക്കുന്നത് രാവിലെ ആറേകാല്‍ മണിക്കാണ് മരണകാരണം ഹൃദയാഘാതവും.

എന്നാല്‍ ലോയയുടെ വീട്ടുകാര്‍ പറയുന്നത് അദ്ദേഹം നല്ല ആരോഗ്യവാനും മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത വ്യക്തിയും ദിവസേനെ രണ്ടുമണിക്കൂര്‍ ടെന്നീസ് കളിക്കുകയും ചെയ്യുന്ന ആളായിരുന്നു എന്നാണ് .അദേഹത്തിന്‍റെ കുടുംബത്തില്‍ ആര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ആയിരുന്നില്ല .മൃതശരീരത്തില്‍ ചോര പുരണ്ടതും വസ്ത്രങ്ങള്‍ നനഞ്ഞിരുന്നതും വീട്ടുകാരില്‍ സംശയം ഉണ്ടാക്കിയിരുന്നു. രണ്ടാമത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണം എന്ന വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല .ലോയയുടെ മരണം ഒരു സാധാരണ മരണം എന്ന മട്ടിലാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് .എന്നാല്‍ മൂന്നാം നാളില്‍ പാര്‍ലിമെന്റിനു മുന്‍പില്‍ തൃണമൂല്‍ സാമാജികര്‍ സത്യാഗ്രഹം ഇരുന്നതോടെയാണ് ലോയ കേസ് ആളുകള്‍ ശ്രദ്ധിക്കുന്നത് .എന്നാല്‍ അതിന്മേല്‍ വലിയ അന്വേഷണം ഒന്നും ഉണ്ടായില്ല .ഇപ്പോള്‍ ഈ കേസ് വീണ്ടും ജനശ്രദ്ധയില്‍ കൊണ്ടുവന്നത് കാരവന്‍ മാസികയാണ് .ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് പത്രസമ്മേളനം വിളിച്ചതില്‍ ലോയയുടെ മരണത്തിന് ബന്ധമുണ്ട് എന്ന് വേണം നമ്മള്‍ അനുമാനിക്കാന്‍ .

സുപ്രീം കോടതിയിലെ നാല് സീനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പത്രസമ്മേളനം വിളിച്ചു എന്നത് നിയമതൊഴുത്തില്‍ കാര്യങ്ങള്‍ വേണ്ട രീതിയിലല്ല നടക്കുന്നതെന്ന വിവരമാണ് പൊതുജനങ്ങളുടെ മുന്‍പില്‍ വെയ്ക്കുന്നത് .സര്‍ക്കാരിന് അനുകൂലമായി കേസുകള്‍ കേള്‍ക്കുന്ന ജഡ്ജിമാര്‍ക്ക് കേസുകള്‍ കൊടുക്കുന്ന ചീഫ് ജസ്റ്റീസ് ,പക്കാ രാഷ്ട്രീയക്കാര്‍ ആയ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ,രാഷ്ട്രീയക്കാര്‍ നിറഞ്ഞിരിക്കുന്ന രാജ്യസഭയും ,ഭരണഘടനയോട് തെല്ലും ബഹുമാനം ഇല്ലാത്ത ഭരണകൂടവും ഹിന്ദുത്വം ബാധിച്ച ആള്‍കൂട്ടങ്ങളും അതാണ് വര്‍ത്തമാന ഇന്ത്യ. എന്താണീ രാജ്യത്തിന്‍റെ ഭാവി . ഇറ്റാലിയന്‍ മാഫിയാകള്‍ ജഡ്ജിമാരെ കൊന്നുകൊണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നാമെങ്ങോട്ടാണ് നടക്കുന്നത് .

ലോകത്തിനു മുന്‍പില്‍ ഒരു നാണക്കേടായി ഇന്ന് സുപ്രീം കോടതി മാറിയതിനും അങ്ങേയറ്റം ഹൃദയവേദനയോടെ പത്രക്കാര്‍ക്ക് മുന്‍പില്‍ ആ നാല് ജഡ്ജിമാര്‍ക്ക് ഇരിക്കേണ്ടി വന്നതിനും ഉത്തരവാദികള്‍ പശുവിന്‍റെ പേരില്‍ ,ഹിന്ദുത്വത്തിന്‍റെ പേരില്‍ നോട്ടു നിരോധനത്തിന്‍റെയും GST യുടേയും പേരില്‍, ദേശീയഗാനത്തിന്‍റെ പേരില്‍ ഹിന്ദുത്വദേശീയതയുടെ പേരില്‍,ഒരായിരം ഉനകളുടെ പേരില്‍ ഭരണകൂടം നമ്മുടെ തലയ്ക്കു വിലപറഞ്ഞപ്പോള്‍ തലകുനിച്ചിരുന്ന നമ്മളാണ് .അന്നു നമ്മള്‍ അങ്ങനെ ഇരുന്നതുകൊണ്ടാണ്‌ ഇന്നാ ജഡ്ജിമാര്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത് എന്നത് ഒരു പ്രതിപക്ഷ രാഷ്ട്രീയക്കാരനും മറക്കരുത് .


Loading...