15-08-2018

​ജിഗ്നേഷ് മേവാനിയുടെ വിജയം കേരളരാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമോ ?

Opinion | കൊച്ചി


സാമൂഹ്യമാധ്യമങ്ങളിലും പല കോളേജ്/യൂണിവേഴ്സിറ്റി കാമ്പസുകളിലും മേവാനിയുടെ വിജയത്തെ ആഘോഷിച്ചതായി കണ്ടു . ബ്രാഹ്മണ മുതലാളിത്തവും ബ്രാഹ്മണ ജാതീയതയുമാണ്‌ എന്‍റെ രാഷ്ട്രീയ ശത്രുക്കള്‍ എന്ന് കൃത്യമായി പറഞ്ഞു കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തു എന്നത് ഒരു ചെറിയ കാര്യമല്ല .അദ്ധേഹത്തിന്‍റെ മണ്ഡലം സ്ഥിരമായി ഒരു പാര്‍ട്ടിയെ ജയിപ്പിക്കുന്ന മണ്ഡലവുമല്ല . 2007 ലേ തിരഞ്ഞെടുപ്പില്‍ ബീജേപ്പി ആണ് അവിടെ ജയിച്ചത്. എന്നാല്‍ 2012 ല്‍ കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചു .2017 മേവാനി വിജയിക്കുകയും ചെയ്തു .ഗുജറാത്തിലെ 52 സംവരണ മണ്ഡലങ്ങളിലേയും വോട്ടിംഗ് രീതി നോക്കുമ്പോള്‍ ഉനകള്‍ തുടര്‍ക്കഥ ആകുമ്പോള്‍ പോലും ദലിത് ജനതകള്‍ക്ക് തങ്ങളുടെ പ്രതിഷേധം ബാലറ്റിലൂടെ കൃത്യമായി പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്ന വസ്തുത നാം കാണാതെ പോകരുത് .മരണം വരെ നിരാഹാരം കിടന്ന് അംബേദ്കറെ ബ്ലാക്ക്മെയില്‍ ചെയ്ത് ഗാന്ധി നേടിയ പൂനാ കരാറിന്‍റെ ബലിയാടുകള്‍ ആണ് ഇന്നും സംവരണ മണ്ഡലത്തില്‍ നിന്നും ജയിക്കുന്ന വര്‍ .പേര് സംവരണ മണ്ഡലം എന്നാണെങ്കില്‍ പോലും കാര്യങ്ങള്‍ നടക്കുന്നത് പൊതുമണ്ഡല യുക്തികളിലും സവര്‍ണ്ണ സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചും തന്നെയാണ്.ഈ ഒരു പരിപ്രേക്ഷ്യത്തില്‍ സ്വതന്ത്രനായി നിന്നുകൊണ്ടുള്ള മേവാനിയുടെ വിജയം കൂടുതല്‍ തിളക്കമുള്ള വിജയം തന്നെയാണ് .

എന്നാല്‍ കേരളീയ ദലിത് മുസ്ലീം സമൂഹങ്ങള്‍ക്കിട യില്‍ മേവാനിയുടെ വിജയം ഒരു ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പോലും അതൊരു വലിയ രാഷ്ട്രീയ മാറ്റം കേരളത്തില്‍ ഉണ്ടാക്കും എന്ന് കരുതുക സാധ്യമല്ല . എന്തുകൊണ്ടാണ് അങ്ങനെ പറയേണ്ടി വരുന്നതെന്ന് നോക്കാം .കേരള രാഷ്ട്രീയം ആര്‍ക്കും യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം ''സവര്‍ണ്ണ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം'' വിഭാഗങ്ങളിലെ സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന രണ്ടു മുന്നണികള്‍ ആയി ചേരി തിരിഞ്ഞു നില്‍ക്കുകയാണ് . മറ്റുള്ള ആളുകള്‍ ഈ സവര്‍ണ്ണ മുന്നണികള്‍ക്ക് ഓശാന പാടേണ്ട ഗതികേടിലാണ് . സംവരണ മണ്ഡലത്തില്‍ നിന്നല്ലാതെ ഒരാളെ പോലും ലോക്സഭയിലേക്കോ ,നിയമസഭയിലേക്കോ അയക്കാന്‍ തയ്യാറാകാത്ത സവര്‍ണ്ണ മുന്നണികളെ എങ്ങനെ ജനകീയ പുരോഗമന മുന്നണികള്‍ ആയി കണക്കാക്കാന്‍ കഴിയും . എഴുപതിലേറെ വര്‍ഷത്തെ കേരളാ മോഡല്‍ വികസനത്തിനും ,ഭൂപരിഷ്കരണ വിപ്ലവത്തിനും ശേഷവും ഒരു ദലിതനേപോലും പോളിറ്റ്ബ്യൂറോയില്‍ ചേര്‍ക്കാന്‍ പറ്റും വിധം മാര്‍ക്കം കൂട്ടാന്‍ പറ്റാത്ത പാര്‍ട്ടിയുടെ പുരോഗമനം പുറങ്കാല്‍ കൊണ്ട് ചവിട്ടിയെറിയേണ്ടതല്ലേ എന്ന് ദലിതര്‍ക്ക് തോന്നുന്നില്ലെങ്കില്‍ ഉറപ്പിച്ചോളൂ അയ്യന്‍കാളി സ്വപ്നം കണ്ട പത്ത് പുലയര്‍ ഇനിയും ജനിച്ചിട്ടില്ല . വിപ്ലവവും ജനാധിപത്യവും വിളമ്പുന്ന കേരളത്തിലെ ഇരുമുന്നണികളും കാലാകാലമായി തുടരുന്ന വൃത്തികെട്ട സവര്‍ണ്ണ പ്രീണനത്തെ പ്രതിരോധിച്ചാല്‍ മാത്രമേ കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാക്കുക സാധ്യമാകൂ .

സവര്‍ണ്ണ രാഷ്ട്രീയത്തിന്‍റെ ബലിയാടുകള്‍ ആയ ജനവിഭാഗങ്ങള്‍ ജാതിക്കും മതത്തിനും അതീതമായി രാഷ്ട്രീയമായി ഒന്നിക്കുക എന്നതാണ് കാലം അവരോട് ആവശ്യപ്പെടുന്ന കര്‍ത്തവ്യം .ദലിത് മുസ്ലീം ഹിന്ദു ക്രിസ്ത്യന്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങള്‍ ഒന്ന് ഭൂമിയുടെ അവകാശം ഇല്ലായ്മയും മറ്റൊന്ന് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴിലുക ളില്‍ നിന്നും അവരെ അകറ്റി നിര്‍ത്തുന്നതും ,മൂന്നാ മത്തേത് പാവപെട്ടവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ജനപ്രതിനിധികള്‍ ഉണ്ടാകുന്നില്ല എന്നതുമാണ്‌ . കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെ ആയി കേരളം സവര്‍ണ്ണര്‍ ഭരിച്ചു മുടിക്കുന്നതിനുള്ള ഒരേയൊരു കാരണം ആര് ഭരിച്ചാലും അവരെല്ലാം സവര്‍ണ്ണ സമ്പന്ന താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കു ന്നത് എന്നത് മാത്രമാണ് .എത്രകാലമാണ് പാവപെ ട്ടവര്‍ നക്കാപിച്ച വയോജന പെന്‍ഷനും വിധവാ പെന്‍ഷനും മാത്രം മേടിച്ചു ജീവിക്കേണ്ടത് . ഒരു മാറ്റം വേണ്ടേ .ഇത്ര കാലം സവര്‍ണ്ണര്‍ തിന്നു മുടിച്ചില്ലേ ഇനി കുറേക്കാലം പാവപെട്ടവരും ഭരിക്കട്ടെ ,അവരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടട്ടെ .എന്താണ് മാര്‍ഗ്ഗം .

കേരളത്തിന്‍റെ സവര്‍ണ്ണ രാഷ്ട്രീയത്തെ മുച്ചൂടും തകര്‍ത്തെറിയാന്‍ പറ്റുന്ന എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്ന ഒരു സമയമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത് .ഇല്ലാത്തത് ദലിത ആദിവാസി ജനതകള്‍ക്കും ,ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം ജനതകളിലെ പിന്നോക്കര്‍ക്കും തങ്ങളുടെ രാഷ്ട്രീയ ശക്തി തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇല്ല എന്നതു മാത്രമാണ് .കേരളത്തിലെ ഹിന്ദു ക്രിസ്ത്യന്‍ നാടാന്മാര്‍ ,ദലിത് ആദിവാസി ജനതകള്‍ ,ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ,ഹിന്ദു പിന്നോക്കരിലെ പാവപെട്ടവര്‍ ,മുസ്ലീമുകളിലെ രാഷ്ട്രീയ ബോധമുള്ളവര്‍ ,ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ,തീരപ്രദേശത്തെ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ ധീവരന്മാര്‍ ഇവരെല്ലാം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സവര്‍ണ്ണ മുന്നണി രാഷ്ട്രീയത്തിന്‍റെ ബലിയാടുകള്‍ ആണ് . ആ കാര്യം അവര്‍ തിരിച്ചറിയുന്നില്ല . ധീവര ഹിന്ദുവും ധീവര മുസ്ലീമും .ധീവര ക്രിസ്ത്യാനിയും ,ദലിത് ഹിന്ദുവും ദലിത് ക്രിസ്ത്യാനിയും ,നാടാര്‍ ക്രിസ്ത്യനും നാടാര്‍ ഹിന്ദുവും ,ദലിത് മുസ്ലീമും ദലിത് ബുദ്ധിസ്റ്റുകളും ഒക്കെ ഒരേ ചരിത്ര പൈകൃതം പേറുന്ന ഒരേ പിന്നോക്കാവസ്ഥകളിലൂടെ കടന്നു പോകുന്ന സഹോദര ജനതകള്‍ ആണ് .അവരെ തമ്മില്‍ തല്ലിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയത്തെ അവര്‍ തിരിച്ചറിയുക തന്നെ വേണം .സവര്‍ണ്ണ രാഷ്ട്രീയത്തെ മറയ്ക്കുന്ന മതമേലധ്യക്ഷന്മാരുടെ കുതന്ത്രങ്ങളെ അവര്‍ തിരിച്ചറിയണം . കേരളത്തില്‍ ദലിതര്‍ കഴിഞ്ഞാല്‍ പുറമ്പോക്കില്‍ കിടക്കുന്നവര്‍ കൂടുതലുള്ളത് മുസ്ലീമുകളില്‍ ആണെന്ന സത്യം സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളിലെ മൈലാഞ്ചി തട്ടം പാട്ടുകൊണ്ട് മറയ്ക്കുന്നത് മുസ്ലീമുകള്‍ പോലും അറിയുന്നില്ല അല്ലെങ്കില്‍ അതറിയാന്‍ അവരിലെ സമ്പന്നര്‍ അവരെ സമ്മതിക്കുന്നില്ല .

സവര്‍ണ്ണ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന ദലിത് ബഹുജന്‍ രാഷ്ട്രീയം പ്രത്യക്ഷത്തില്‍ തന്നെ ഭൂമിക്ക് വേണ്ടിയും ജോലിക്ക് വേണ്ടിയും രാഷ്ട്രീയാധികാര ത്തിനു വേണ്ടിയും ഉള്ള സമരമാണ് .അതുകൊണ്ട് തന്നെ അവയൊക്കെ ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന സവര്‍ണ്ണ സമ്പന്നരേയും സംഘടിത മതങ്ങളേയും എതിര്‍ക്കുക എന്നതില്‍ കുറഞ്ഞ ഒരു അജണ്ടയും ദലിത് ബഹുജന്‍ രാഷ്ട്രീയത്തിന് ഇല്ല . ജിഗ്നേഷ് മേവാനിക്ക് ആത്മാഭിമാനത്തോടെ മുന്നോട്ടു വയ്ക്കാന്‍ കഴിയുന്നത് ദലിത് ബഹുജന്‍ രാഷ്ട്രീയമാണ് .അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു സവര്‍ണ്ണ മുന്നണിക്കും ജിഗ്നേഷ് മേവാനിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല .ഇടതുപക്ഷ പോളിറ്റ് ബ്യൂറോ എങ്ങനെയാണോ ദലിതരോട് അയിത്തം പുലര്‍ത്തുന്നത് അതുപോലെ തന്നെ കേരളത്തിലെ സവര്‍ണ്ണ മുന്നണികള്‍ ജിഗ്നേഷ് മേവാനിയോടും അയാള്‍ ഉയര്‍ത്തേണ്ട ദലിത് ബഹുജന്‍ രാഷ്ട്രീയത്തോടും അയിത്തം പുലര്‍ത്തുക തന്നെ ചെയ്യും .

കേരളത്തില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയം യാഥാര്‍ത്യമായാല്‍ അതുകൊണ്ട് സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും യാതൊരു ദോഷവും വരാന്‍ പോകുന്നില്ല .മറിച്ച് വികസനത്തിന്‍റെ ഗുണ ഫലങ്ങള്‍ എല്ലവര്‍ക്കുമിടയില്‍ തുല്യമായി വിതരണം ചെയ്യാന്‍ ഇടയാകുകയും ചെയ്യും .പ്രസിദ്ധ ചിന്തകന്‍ Dudley Seers പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാന്‍ കേരളീയ രാഷ്ട്രീയ സാഹചര്യത്തിലേക്ക് ഒന്ന് മൊഴിമാറ്റട്ടേ '' സവര്‍ണ്ണ മുന്നണികളെ നിങ്ങള്‍ പറയുന്നു കഴിഞ്ഞ അറുപതു വര്‍ഷമായി നിങ്ങള്‍ കേരളത്തെ വളര്‍ത്തുകയും വികസിപ്പിക്കുകയും (growth and development) ആണെന്ന് എന്നാല്‍ കേരളത്തിലെ തൊഴിലില്ലായ്മ ,പട്ടിണി അസമത്വം ഇവ കുറഞ്ഞുവോ ''.ഉണ്ടെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇല്ലെന്നാണ് ഞങ്ങളുടെ മറുപടി . ഇനിയുള്ള കാലത്തെ വികസനം പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും മാറ്റുന്നതാകട്ടെ അല്ലാതെ സിനിമാ കൊട്ടകയിലെ ചീലതുണിയില്‍ മാത്രം പട്ടിണി കിടക്കുന്ന സവര്‍ണ്ണര്‍ക്ക് സാമ്പത്തിക സംവരണം ഉണ്ടാക്കുന്ന രാഷ്ട്രീയമല്ല ഈ നാടിന് വേണ്ടത് .


Loading...