15-08-2018

ജനകീയ മുന്നണി ഉണ്ടാകുന്നത് തീക്കാറ്റൂതുന്ന സമരങ്ങളിലൂടെയാണ്

Opinion | കൊച്ചിഇന്ത്യയിലെ ഐതിഹാസിക കര്‍ഷക സമരങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒന്നാണ് നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കിസാന്‍ സഭയുടെയും-സി പി എമ്മിന്‍റെയും നേതൃത്വത്തില്‍ കര്‍ഷകസംഘടനകള്‍ നടത്തിയ ലോംഗ് മാര്‍ച്ച്. ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളാണ് മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയുമൊക്കെ കര്‍ഷകര്‍ . പുത്തന്‍ വികസന സങ്കല്‍പ്പങ്ങളില്‍ കോര്‍പ്പറേറ്റ് അത്യാര്‍ത്തിയുടെ നിയമങ്ങള്‍ നടപ്പായപ്പോള്‍ രാജ്യത്തെങ്ങും കുടിയിറക്കപ്പെടുകയും ഭരണകൂടം കൊട്പ്പറേറ്റ് സൈന്യമായി മാറുകയും ചെയ്തപ്പോള്‍, നൂറ്റാണ്ടുകളായുള്ള തങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ ഖനനയന്ത്രങ്ങളുടെ ഹുങ്കാരങ്ങള്‍ക്കായി ആട്ടിയോടിപ്പിക്കപ്പെട്ട ആദിവാസികളും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും കര്‍ഷക ആത്മഹത്യയുടെ പെരുക്കപ്പട്ടികയിലേക്ക് പേരുചേര്‍ക്കുന്ന കര്‍ഷകരും ചേര്‍ന്നാണ് ഈ മഹാജാഥ നടത്തിയത്.

ഇന്ത്യന്‍ സമൂഹത്തില്‍ നിരന്തരം ഉയരേണ്ട കര്‍ഷക-തൊഴിലാളി പ്രക്ഷോഭങ്ങളുടെ പ്രാധാന്യം കൂടിയാണ് ഈ സമരം ചൂണ്ടിക്കാണിക്കുന്നത്. വ്യവസായത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകള്‍ മാത്രമല്ല, സി പി എമ്മിന്‍റെ നേതൃത്വത്തിലുള്ള ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരും നടപ്പാക്കിയ കോര്‍പ്പറേറ്റ് ദല്ലാള്‍ സൈനിക അടിച്ചമര്‍ത്തലിന്‍റെയൊക്കെ ഇരകളാണ് ഇന്ത്യയിലെ കര്‍ഷരും ആദിവാസികളും.

Image result for farmers protest mumbai

അവരാണ് ഈ സമരം നടത്തുന്നത്. ഇടതുപക്ഷമെന്ന, കമ്മ്യൂണിസ്റ്റ് പാര്‍ടിയെന്ന പേരിന്നുപോലും അര്‍ഹതയില്ലാത്ത വിധത്തില്‍ സിംഗൂരിലും നന്ദിഗ്രാമിലും പെരുമാറിയ സി പി എം അതിന്റെ പ്രായോഗിക പരിപാടികളില്‍ വടക്കേ ഇന്ത്യയില്‍ ഇത്തരം തെറ്റുതിരുത്തലുകളിലൂടെ രാജ്യത്തെ കര്‍ഷക-ആദിവാസി മുന്നേറ്റങ്ങളില്‍, ബഹുജനപ്രക്ഷോഭത്തിന്‍റെ മുന്നില്‍ നില്ക്കാന്‍ തയ്യാറാവുന്നു എന്നതിന്‍റെ സൂചനയാണ് ഇതെങ്കില്‍ അത് ഒട്ടും മോശമല്ലാത്ത കാര്യമാണ്. ജനകീയ സമരങ്ങളെ, മാവോവാദികളെന്നും വിരുദ്ധരെന്നുമൊക്കെ മുദ്രകുത്തി കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയെ, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി വേട്ടയായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ പിന്തുണച്ച സി പ്പി എമ്മിന്‍റെ ബംഗാള്‍ ചരിത്രത്തെ എല്ലാം കയ്യൊഴിയാന്‍ ഇതവര്‍ക്ക് ഒരവസരമാണ്. അല്ലാതെ കണ്ടില്ലെടാ ഉത്തമന്‍മാരെ എന്നുള്ള പതിനാറാം തരം വായനയാണ് ഈ സമരത്തില്‍ നടത്തുന്നതെങ്കില്‍ തീര്‍ച്ചയായും കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ നടത്തിപ്പുകാരായി അധപതിച്ച നയവ്യതിയാനത്തെ അന്നും വലിയ വായില്‍ ന്യായീകരിച്ച സിംഹങ്ങള്‍ക്ക് ഒന്നുകൂടി അലറാം.

നന്ദിഗ്രാമിലെ വെടിവെപ്പും സിംഗൂരും ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും ഗോദാവരി പരുലേക്കറും തെലങ്കാനയും കയ്യൂരും എല്ലാം ഒരുമിച്ച് പോകില്ല. അതുകൊണ്ട് ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷത്തിനകത്ത് വര്‍ഗ രാഷ്ട്രീയത്തെ തിരിച്ചുപിടിക്കാനുള്ള ആഭ്യന്തര സമരത്തിന്നുകൂടി ഈ സമരം കാരണമാകേണ്ടതുണ്ട്. കാല്‍പനികതയുടെ കുളിര്‍ക്കുറിപ്പുകളുടെ ചര്‍ച്ചയല്ല വേണ്ടത്. ഈ തട്ടിപ്പാണ് സമരത്തിന്‍റെ രാഷ്ട്രീയ-സാമ്പത്തിക മുദ്രാവാക്യങ്ങളെ പരാമര്‍ശിക്കാതെ പരീക്ഷക്ക് പോകുന്ന കുട്ടികളെ ഒഴിവാക്കിയ കര്‍ഷകരുടെ നല്ല മനസിനെക്കുറിച്ച് പറയുന്ന ദേശീയ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ പലതും. പക്ഷേ അതിലുമുണ്ട് അവരെയും മോദി സര്‍ക്കാരിനെയും ഭയപ്പെടുത്തുന്ന ഒരു കാര്യം. അത് നഗരത്തിലെ നാനാവിധ ജനവിഭാഗങ്ങള്‍ കര്‍ഷക സമരത്തോട് പല രീതിയില്‍ കാണിച്ച ഐക്യദാര്‍ഢ്യം. ജനകീയ മുന്നണി ഉണ്ടാകുന്നത് തീക്കാറ്റൂതുന്ന സമരങ്ങളിലൂടെയാണെന്നും അവസരവാദ മുന്നണിയിലൂടെയല്ലെന്നും അത് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തുന്നു.

Image result for farmers protest mumbai

ഇന്ത്യയില്‍ കഴിഞ്ഞ പല ദശാബ്ദങ്ങളായി നടക്കുന്ന ചെറുതും വലുതുമായ നിരവധി കര്‍ഷക ആദിവാസി പോരാട്ടങ്ങളുണ്ട്. അതിന്‍റെയൊക്കെ ഭാഗമായാണ് മുംബൈ മാര്‍ച്ചിനെയും കാണേണ്ടത്. ചെറുകിട ഭൂവുടമകള്‍ കൂടിയായ കര്‍ഷകരുടെ ന്യായമായ സമരങ്ങള്‍ രാജസ്ഥാനിലും ഹരിയാനയിലുമൊക്കെ കിസാന്‍ സഭ നേതൃത്വവും നടത്തുന്നുണ്ട്. ഒട്ടും നിസാരമായ വെല്ലുവിളിയല്ല കര്‍ഷക സമരങ്ങളും അവയോടുള്ള സാധാരണ ജനങ്ങളുടെ ഐക്യപ്പെടലും മോദിക്ക് നല്കാന്‍ പോകുന്നത്.

ഒരേ സമയം ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയാധികാര ഭീഷണിക്കെതിരെയും ഭൂവുടമ-മുതലാളിത്ത ഭരണവര്‍ഗത്തിനെതിരെയും നടക്കേണ്ട ഇരട്ടമുന്നണി സമരങ്ങളിലേക്ക് വിജയകരമായി മുംബൈ ലോംഗ് മാര്‍ച്ച് അണിചേരട്ടെ!


Loading...