21-06-2018

​ഹിന്ദുത്വ ഭീകരതയുടെ ഗർവ്വിന്റെ കാലുകൾ ഇളകിത്തുടങ്ങിയിരിക്കുന്നു

Opinion | കൊച്ചി


2014-ല്‍ യോഗി ആദിത്യനാഥ് 3.13 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് ഇപ്പോള്‍ ബി എസ് പി പിന്തുണയോടെ സമാജ് വാദി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. എസ് പി ബി എസ് പി സ്ഥാനാര്‍ത്ഥികള്‍ ആ തെരഞ്ഞെടുപ്പില്‍ നേടിയ മൊത്തം വോട്ടുകള്‍ യോഗിയുടെ ഭൂരിപക്ഷത്തിന്റെ അടുത്തുമാത്രമായിരുന്നു. 19 കൊല്ലമായി അയാളുടെ കുത്തക മണ്ഡലം. 1989 മുതല്‍ അയാളടക്കമുള്ള ഗോരഖ്നാഥ് മഠത്തിന്റെ മേധാവികളെ മാത്രം ചുമന്ന മണ്ഡലം. 3 തവണ യോഗിയുടെ മുന്‍ഗാമി യോഗി അവേദ്യനാഥും, 5 തവണ യോഗി ആദിത്യനാത്തും. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ എല്ലാം തികഞ്ഞ മണ്ഡലം. യോഗിയുടെ ഹിന്ദു യുവവാഹിനിയെന്ന ഹിന്ദുത്വ ഗുണ്ടാ സംഘത്തിന്റെ ശക്തികേന്ദ്രം. എന്നിട്ടും ബി ജെ പി തോല്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി കേശവ് മൌര്യയുടെ രാജി മൂലം ഒഴിവുവന്ന ഫൂല്‍പ്പൂര്‍ മണ്ഡലത്തിലും എസ് പി -ബി എസ് പി കൂട്ടുകെട്ടാണ് വിജയിക്കുന്നത്. 3.76 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് അയാള്‍ 2014-ല്‍ ജയിച്ച മണ്ഡലമാണിത് എന്നോര്‍ക്കണം.

ദളിത് വോട്ടുകളില്‍ വന്ന ചോര്‍ച്ച ഒരു പ്രവണതയാവുകയും ബി എസ് പീക്ക് സ്വന്തം നിലയ്ക്ക് പിടിച്ചുനില്‍ക്കുക പോലും ദുര്‍ഘടമായിരിക്കുകയും ചെയ്യുന്നു എന്ന രാഷ്ട്രീയ തിരിച്ചറിവും ദളിത് വോട്ടുകളെ വിശാല ഹിന്ദു രാഷ്ട്രീയത്തിലേക്ക് ബി ജെ പി ആട്ടിത്തെളിക്കുന്നു എന്ന കാഴ്ച്ചയും എസ് പിയുമായി ഒരു സഖ്യത്തിലേര്‍പ്പെടാന്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ മായാവതിയെ പ്രേരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു സഖ്യത്തിന് അഖിലേഷ് യാദവ് തയ്യാറായിരുന്നു എന്നാണ് വാസ്തവം.

എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരി ഒരു കൊല്ലം കഴിയുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍, അഞ്ചുവര്‍ഷത്തെ മോദിയുടെ വാചകമടിയും ഭരണപരാജയവുമായി ജനങ്ങളെ അഭിമുഖീകരിക്കുന്ന 2019-ല്‍ ഈ വിശാലസഖ്യത്തെ നേരിടുക ബി ജെ പീക്ക് എളുപ്പമാകില്ല എന്നു മാത്രമല്ല, യു പിയില്‍ ഏതാണ്ട് പരാജയം ഉറപ്പിക്കാവുന്ന അവസ്ഥയില്‍ എത്തിക്കും. ഉത്തര്‍പ്രദേശിലെ 73 സീറ്റുകളുടെ പിന്‍ബലത്തിലാണ് മോദി സര്ക്കാര്‍ അതിന്റെ ഹിന്ദുത്വ ഭീകരതയുടെ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത് എന്നുകൂടി ഓര്‍ക്കണം.

പൊതുതെരഞ്ഞെടുപ്പിന് മുമ്പായി വിശാലമായ ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ മുന്നണികള്‍ പ്രാദേശിക സഖ്യങ്ങളുടെ രൂപത്തില്‍ രൂപപ്പെടാനുള്ള സാധ്യതയാണ് തുറക്കുന്നത്. നോട്ടുനിരോധനം, കള്ളപ്പണം, പാകിസ്ഥാന്‍, ശ്മശാന്‍-ഖബറിസ്ഥാന്‍ , ഗോമാതാവ്, അങ്ങനെ കെട്ടിപ്പോക്കിയ തട്ടിപ്പുകളെല്ലാം തെരഞ്ഞെടുപ്പിന് മുമ്പായി ഇളകിവീഴുകയാണ്. ഒന്നൊന്നായി ചെറുവര്‍ഗീയ ലഹളകളുടെ അടുത്ത അദ്ധ്യായമാണ് വരാനിരിക്കുന്നത്.

പക്ഷേ ഒന്നുറപ്പ്; ഇന്ത്യ കണ്ട ഏറ്റവും അധമനായ, വര്‍ഗീയ കൂട്ടക്കൊലക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്ക്കും കാര്‍മികത്വം വഹിച്ച പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ അധ്യക്ഷനും സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്രത്തിലെ യോഗി പ്രധാനമന്ത്രിയുമെല്ലാം ഒരുപോലെ തൂത്തെറിയപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പുകളും ഗുജറാത്തില്‍ അതീവ ദുര്‍ബലമായ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനത്തിന്റെ മുന്നില്‍പ്പോലും കഷ്ടിച്ച് കടന്നുകൂടിയതും നോക്കുമ്പോള്‍ മേയാന്‍ പോയ പശുക്കള്‍ തിരികെ വരുന്ന കുളമ്പടി ശബ്ദം മാത്രമാണെന്ന് സംഘപരിവാറിന്റെ ഹിന്ദുത്വ ഗുണ്ടകള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. അവ കുതിരപ്പുറത്തുവരുന്ന പടയാളികളാണ്. കര്‍ഷകരുടെ ചെറുജാഥകളില്‍ അവരുടെ കൊടിക്കാലുകള്‍ നിലത്തുമുട്ടുന്ന ശബ്ദമാണ്. നിങ്ങളെ കാത്തിരിക്കുന്ന പോരാട്ടത്തിന്റെ ഇരമ്പമാണ്.

സംഘ പരിവാറിന്റെ ഹിന്ദുത്വ ഭീകരതയുടെയും മോദി-അമിത് ഷാ ക്രിമിനല്‍ സംഘത്തിന്റെ വാഴ്ച്ചയുടെയും ഗര്‍വ്വിന്‍റെ കാലുകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു.


Loading...