15-08-2018

ഇസ്ലാമോഫോബിയ ഉള്ളവര്‍ എല്ലാവരും സംഘിയാണോ?

Opinion | കൊച്ചി


ഇസ്ലാമോഫോബിയ ഉള്ളവര്‍ എല്ലാവരും സംഘിയാണോ? അല്ലെന്നാണ് എന്റെ തോന്നല്‍. ഇസ്ലാമോഫോബിയ, പല കാരണങ്ങള്‍കൊണ്ട് ഇസ്ലാമെന്ന് കേള്‍ക്കുമ്പോള്‍ തന്നെയുള്ള ഭീതിയാണ്. അത് പല അളവിലുണ്ടാകാം. സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷമെന്ന് രൂപത്തിലും അതെല്ലാതെയും 80 കളുടെ അവസാനത്തോടെ ശക്തമായ, ഇസ്ലാമിനെതിരെ തുടങ്ങിയ പ്രചണ്ടമായ പ്രചാരണങ്ങളും, ഇതിനെ ചെറുക്കാനെന്നോണം, ഇസ്ലാമിനെക്കാള്‍ സവിശേഷമായി മറ്റൊന്നുമില്ലെന്നും ഇനി ഒന്നും ഉണ്ടാകാന്‍ പോകുന്നുമില്ലെന്നുമുള്ള തരത്തില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ വിവിധ രൂപങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനമാണെന്നു തോന്നുന്നു ഇസ്ലാമോഫോബിയ ഉണ്ടാക്കിയതും നിലനിര്‍ത്തുന്നതും. മുസ്ലീങ്ങളായി ജനിച്ചവരില്‍ പോലും കാണും ചിലപ്പോള്‍ ഇസ്ലാമോഫോബിയ. വളരെ സട്ടിലായി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യരോഗാവസ്ഥയാണ് ഇസ്ലാമോഫോബിയ. ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ എല്ലാം ഇസ്ലാമോഫോബിക്ക് ആവണമെന്നില്ല. അത് സംഗതി വേറെതന്നെയാണ്. ഇസ്ലാമിനെയല്ല, ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെപോലും വിമര്‍ശിച്ചാല്‍ അത് ഇസ്ലാമോഫിബിയയാണെന്നും അതുകൊണ്ടുതന്നെ സംഘിയാണെന്നുമുള്ള പ്രചാരണത്തിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് ഒരു വിധ്വംസക സംഘമാണ്.( അവരെ പോസ്റ്റ് മോഡോണിസ്റ്റുകള്‍ എന്നൊക്കെ വിളിക്കേണ്ടതുണ്ടോ, അത്രയൊന്നും പരിഗണനയൊന്നും ഈ വെട്ടുകിളിക്കൂട്ടം അര്‍ഹിക്കുന്നില്ലെന്നാണ് എന്റെ തോന്നല്‍). 

എം ടി വാസുദേവന്‍ നായരുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലും ഇതൊക്കെ തന്നെയാണ് കാണുന്നത്. അതിന് പക്ഷെ ഈ വിധ്വംസക സംഘം മാത്രമല്ല ഉത്തരവാദികള്‍ എന്ന് മാത്രം. വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് ശരിയാണെങ്കില്‍ ( അവരെ അവിശ്വസിക്കാന്‍ എനിക്ക് കാരണങ്ങള്‍ ഇല്ല) 
എം ടി പ്രകടിപ്പിക്കുന്നത് ഒരു ഭീതിയാണ്. അതിന് അദ്ദേഹത്തിന്റെതായ കാരണങ്ങളുണ്ടാകാം. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ചിലകാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിറച്ച സംശയങ്ങള്‍ ആയിരിക്കാം ആ ഭീതിയുടെ അടിത്തറ. ആ ഭീതി പ്രകടിപ്പിച്ചത് ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലുമാവില്ല. സംഘ്പരിവാരത്തിന്റെ ഇസ്ലാം വിരുദ്ധ യുക്തി പിന്‍പറ്റിയതുകൊണ്ടല്ല അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നു വേണം മനസ്സിലാക്കാന്‍. ഇതിന് കാരണം അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള ജീവിതവും പൊതുനിലപാടുകളുമാണ്. അപ്പോള്‍, എം ടിയെ സംഘിയാക്കേണ്ടത് നേരത്തെ സൂചിപ്പിച്ച വിധ്വംസക സംഘത്തിന്റെ മാത്രം താല്‍പര്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഈ വിധ്വംസക സംഘം, സംഘികള്‍ക്ക്, വലിയ സഹായമാണ് ചെയ്യുകയുമാണ്. (അത് ഇക്കാര്യത്തില്‍ മാത്രമല്ല, മിക്കകാര്യങ്ങളിലും അങ്ങനെയാണ്) ഞങ്ങളല്ലാതെ മറ്റാര്‍ക്കും സംഘികളെ നേരിടാന്‍ ആവില്ലെന്ന വിടുവായിത്തം പറഞ്ഞുകൊണ്ടുതന്നെയാണ് ഇത് ചെയ്യുന്നതെന്നാണ് തമാശ. യഥാര്‍ത്ഥത്തില്‍ നേരത്തെ സൂചിപ്പിച്ച സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷമാണ്, ഇവരുടെയും പിടിവള്ളി. 

പക്ഷെ മറ്റൊരു കാര്യം ഈ വിവാദവുമായി സംഭവിച്ചത് 'എന്റെ എം ടി അങ്ങനെയല്ലെന്ന' ചിലരുടെയുടെ നെഞ്ചത്തടിച്ചുള്ള കരച്ചിലാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഇസ്ലാമോഫോബിയക്ക് ചിലപ്പോഴെങ്കിലും വിധേയരായി പോകുന്നവര്‍ സംഘികളാണോ? അല്ല തന്നെ. അതില്‍ പലരും ആ പ്രശ്‌നം സ്വയം തിരിച്ചറിയുകയും, ഇസ്ലാമോഫോബിയ ഉണ്ടാക്കുന്ന രാഷ്ട്രീയവസ്ഥയെ മനസ്സിലാക്കി അതിന്റെ പിടിയില്‍നിന്ന് മോചിതരാകുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ്, കടുത്ത മതേതരരും മതവിമര്‍ശകരും ആകുമ്പോഴും, കമ്മ്യൂണിസ്റ്റുകാര് ഇസ്ലാമോഫോബിയ വളര്‍ത്തുന്ന കുടിലതകള്‍ക്കെതിരെ ബോധവാന്മാരിയിരിക്കുകയും അതിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുന്നത്. 'എം ടി മറ്റെന്ത് പറയുമായിരുന്നുവെന്നാണ്' ചിലര്‍ ഞങ്ങളിതൊക്കെ നേരത്തെ മനസ്സിലാക്കാന്‍ ശേഷിയുള്ളവര്‍ എന്ന അഹന്തയോടെ ചോദിക്കുന്നത്. ജനനവും അക്കാലത്തെ കുടുംബ പാശ്ചാത്തലവും അറിഞ്ഞാല്‍ ഒരാള്‍ എന്തൊക്കെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് പ്രവചിക്കാനാവുമെന്നാണ് ഇവരുടെ വാദം. ഇവര്‍ യഥാര്‍ത്ഥത്തില്‍ റദ്ദാക്കുകയും തള്ളികളയുകയും ചെയ്യുന്നത് ഒരാളുടെ ജീവിതത്തെയാണ്, അയാളുടെ സമൂഹവുമായുള്ള ഇടപെടലിനെയാണ്. ചരിത്രത്തെ തന്നെയാണ്.

സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും സംഘിയാക്കുന്ന വിധ്വംസക സംഘത്തിന്റെ ഇത്തരത്തിലുള്ള പ്രചാരണത്തെ നേരിടാന്‍ പക്ഷെ കാല്‍പനികമായി 'എന്റെ എംടി, അവസാനത്തെ തരിമണ്ണ'് തുടങ്ങിയ ആര്‍പ്പുവിളികൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. അത് ഇവരുടെ പ്രചാരണത്തിന് പ്രാമുഖ്യം നല്‍കുകയെയുള്ളൂ. 'നിര്‍മ്മാല്യം എടുത്ത എം ടി, മുത്തങ്ങിയില്‍ പോയ എംടി' ലൈനിലുള്ള പ്രയോഗങ്ങള്‍ മതിയാവില്ല, വിധ്വംസക സംഘത്തിനും സംഘികള്‍ക്കുമെതിരെ പ്രയോഗിക്കാന്‍. |'എന്റെ എംടി, അദ്ദേഹത്തിന്റെ ഉന്നതരാഷ്ട്രീയ ചിന്ത', തുടങ്ങിയ ഫാന്‍സ് അസോയേഷന്‍ സംഘത്തിന്റെ കൂകിവിളികളൊന്നും കൊണ്ട് വിധ്വംസകരും, സംഘികളും പിരിഞ്ഞുപോകുമെന്ന് കരുതരുത്. അതിന് ആദ്യം വേണ്ടത് എം ടിയെ കാണാന്‍ പോകുകയും അദ്ദേഹത്തിന്റെ ചില വാക്കുകള്‍ കേട്ട് സ്തംഭിച്ചുപോകുകയും പിന്നീട് അത് പുറത്തു പറയുകയും ചെയ്ത വിദ്യാര്‍ത്ഥികളെ വിശ്വസിക്കുകയാണ്. പിന്നിട് എം ടി തന്നെ വിശദികരിച്ചത് ഒന്നു കൂടി മനസ്സിലാക്കുകയാണ്. സംഘ്പരിവാറിനെ എതിര്‍ത്തുകൊണ്ടിരുന്ന, പൊതുവില്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന എം ടി പോലും ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാവും എന്ന് ആലോചിക്കുകയാണ് വേണ്ടത്. ഇക്കാലമത്രയും ഇസ്ലാമോഫോബിയക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ അത്രയൊന്നും ഫലം കണ്ടില്ലെന്ന് മനസ്സിലാക്കാനുള്ള വിനയം അപ്പോള്‍ ഉണ്ടായേക്കും. അതുണ്ടാകുകയാണ് സംഘികളെയും വിധ്വംസക സംഘത്തെയും നേരിടാനുള്ള പ്രധാന ഉപാധി.


Loading...