26-02-2018

​ദൽഹി യൂണിവേഴ്‌സിറ്റി സമരം: ഹിന്ദു കോളേജില്‍ മാത്രം ഒതുങ്ങി നില്‍കേണ്ടതല്ല.

Campus Live | കൊച്ചി


കഴിഞ്ഞ 3 ആഴ്ചയിൽ കൂടുതലായി ഇന്ത്യയിൽ മുൻ നിരയിൽ നിൽക്കുന്ന  കേന്ദ്ര സർവകലാശാല എന്നവകാശപ്പെടുന്ന ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ സമരത്തിലാണ്. 117 വർഷങ്ങൾ പിന്നിട്ട ഹിന്ദു കോളേജ് അഡ്മിനിസ്ട്രേഷൻ ഇവിടെ പെൺകുട്ടികളും പഠിക്കുന്നുണ്ടെന്നും അവർക്കും ഹോസ്റ്റൽ വേണമെന്നുള്ള തിരിച്ചറിവിൽ ആദ്യമായി വിമൻസ് ഹോസ്റ്റൽ തുറന്നു. ആൺകുട്ടികളുടെ ഇരട്ടി ഫീസോടെ,അതായത് 91000 രൂപ വർഷത്തേക്ക്. ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ടവർക്ക് സ്‌ക്കോളർഷിപ്പ് നൽകി ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിക്കപ്പെടേണ്ടിടത്താണ് മെൻസ് ഹോസ്റ്റലിന്റെ ഇരട്ടി ഫീസ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ എത്തിപ്പെടാൻ സാധിക്കേണ്ട ഇത്തരം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് ഉപരിവർഗ-ഉപരിമധ്യവർഗത്തിന്റേതു മാത്രം ആക്കിമാറ്റാൻ ശ്രമങ്ങൾ നടക്കുന്നത്.

2016 മാർച്ചിൽ ആണ് ആദ്യമായി കോളേജ് വിമൻസ് ഹോസ്റ്റലിൽ അപേക്ഷ ക്ഷണിക്കുന്നത്, ഏകദേശം 130000 വാർഷിക ഫീസോടെ. അതേ സമയം ആൺകുട്ടികളുടെ ഫീസ് 47000 ആയിരുന്നു. തുടർന്നുണ്ടായ വിദ്യാർത്ഥികളുടെ സമരവും ABVP നയിക്കുന്ന DUSU ( ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ ) ന്റെ ലേലം വിളി കണക്കെയുള്ള ഇടപെടലും കലാശിച്ചത് ഹോസ്റ്റൽ അഡ്മിഷൻ പൂർണമായി നിർത്തിവയ്ക്കുന്നതിലാണ്. സമരം കാരണമെന്ന് പ്രിൻസിപ്പൽ അഞ്ചു ശ്രീവാസ്‌തവ അവകാശപ്പെട്ടെങ്കിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലാത്തതിനാൽ നാഷണൽ ഗ്രീൻ ട്രിബുണലിന്റെ അനുമതി ലഭിക്കാത്തതിനാലാണ് എന്നതാണ് സത്യം. ഈ ജനുവരിയിൽ കോളേജിൽ തുടങ്ങിയ പ്ലാന്റിന്റെ നിർമാണം ഇപ്പോളും നടന്നുക്കണ്ടിരിക്കുകയാണ്.

പിന്നീട് ഒരു വർഷത്തേക്ക് ഒരു വാർത്തകളുമില്ലായിരുന്ന വിമൻസ് ഹോസ്റ്റലിന്റെ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നുവെന്ന് വിദ്യാർത്ഥികൾ അറിയുന്നത് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് ക്ലാസ്സ്‌ റെപ്പുകൾ മുഖേന വാട്സാപ്പിൽ വന്ന മെസ്സേജുകളിലൂടെയാണ്. കോളേജ് വെബ്സൈറ്റിൽ കേവലം രണ്ടു ദിവസത്തെ സമയപരിധിയിൽ ഉണ്ടായിരുന്ന ഒരു നോട്ടീസും അഡ്മിനിസ്ട്രേഷൻ അയച്ച പേർസണൽ ഇമെയിലും ആയിരുന്നു അഡ്മിഷനാധാരം. മെൻസ് ഹോസ്റ്റൽ പിന്തുടർന്നുവരുന്ന നടപടികൾ പോലെ പ്രോസ്‌പെക്ട്‌സോ ഫീ സ്ട്രക്ച്ചറിന്റെ ബ്രേക്ക്‌ അപ്പൊ കട്ടോഫ് ലിസ്റ്റോ ഒന്നും വിമൻസ് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള യൂണിവേഴ്സിറ്റി ഓർഡിനൻസ്, സുരക്ഷയുടെ പേരിൽ വിവേചനപരമായ നിയമങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന UGC ഗൈഡ്‌ ലൈൻ  തുടങ്ങിയവ ലംഘിച്ചാണ് വിമൻസ് ഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അഡ്മിഷനിൽ റിസർവേഷൻ പോളിസി നടപ്പിലാക്കിയിട്ടുണ്ടോ എന്നുപോലും വ്യക്തമല്ല. ഇമെയിൽ അയച്ച രേഖകളിലൂടെയാണ്  ഹോസ്റ്റൽ അപേക്ഷിച്ച വിദ്യാർത്ഥികൾ ഫീസ് 91,000 ആണെന്നറിയുന്നത്. ഫീസ് ഇപ്പോഴും പബ്ലിക് ഡൊമൈനിൽ ലഭ്യമല്ല. ജൂലൈ 20 നു അപേക്ഷ ക്ഷണിച്ചു വന്ന നോട്ടീസിന് മുൻപ് തന്നെ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസം തുടങ്ങിയിരുന്നുവെന്നത് മറ്റൊരു വസ്തുത. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഭൂമിയിൽ പ്രവർത്തിക്കുന്ന പൊതുസ്ഥാപനത്തിലാണ് ഇത്തരം ക്രമക്കേടുകൾ നടക്കുന്നത്. ഒരു തരത്തിലും സുതാര്യമല്ലാത്തതും UGC, യൂണിവേഴ്സിറ്റി നിയമങ്ങളെ പാടെ തകിടം മറിക്കുന്നതുമായ അഡ്മിഷനെതിരെ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും 350 ഓളം ഒപ്പുകളുമായി ഒരു മെമ്മോറാണ്ടം പ്രിൻസിപ്പലിന് സമർപ്പിക്കുകയും ചെയ്തു.

നിയമാനുസ്തൃതമായ രീതിയിൽ അഡ്മിഷൻ പുനരാരംഭിക്കാനും നോ പ്രോഫിറ്റ് നോ ലോസ്സ് ബേസിൽ ഫീ നിശ്ചയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 28 സമർപ്പിച്ച മെമ്മോറാണ്ടത്തിന് യാതൊരു മറുപടിയും ഇല്ലാഞ്ഞപ്പോൾ ഓഗസ്റ്റ് 1 നു ഹോസ്റ്റലിന്റെ നിർമാണവും പ്രവർത്തനവുമായി ബന്ധപെട്ടു 24 ചോദ്യങ്ങൾക്കുള്ള മറുപടിയും പ്രിൻസിപ്പൽ അഞ്ചു ശ്രീവാസ്തയോട് ഞങ്ങൾ ആവശ്യപ്പെട്ടു. വിമൻസ് ഹോസ്റ്റലിലെ ശേഷിക്കുന്ന സീറ്റ്‌ മുഴുവൻ ഇതേ വികലമായ നടപടിയിലൂടെ വിറ്റു തീർക്കുകയായിരുന്നു അഡ്മിൻ അപ്പോൾ. ഞങ്ങൾക്ക് യാതൊരു പ്രതികരണവും ലഭിച്ചില്ല. 91,000 എന്ന ഭീമമായ ഫീസിനെതിരെ ഉണ്ടാവാനിടയുള്ള വിദ്യാർത്ഥി പ്രതിരോധം ഭയന്ന് രഹ്യസമായി അഡ്മിഷൻ നടത്തിയ അഡ്‌മിനെതിരെ ഓഗസ്റ്റ് 3 നു ഞങ്ങൾ സമരം ആരംഭിച്ചു. ഞങ്ങളോട് ഔദ്യോദികമായി പ്രതികരിക്കണമെന്ന ആവശ്യം വീണ്ടും അവഗണിക്കപ്പെട്ടപ്പോൾ ഓഗസ്റ്റ് 9 ഞങ്ങൾ അഡ്മിൻ ഓഫീസിന്റെ മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഓഗസ്റ്റ് 17 നു മറ്റു വിദ്യാർത്ഥി സംഘടനകളും ഐക്യദാർഢ്യവുമായി മുന്നോട്ട് വരികയുണ്ടായി.

ഓഗസ്റ്റ് 16 നു ഞങ്ങൾ 5 പേർ ഹിന്ദു കോളേജ് അഡ്‌മിനെതിരെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. ഇത് ഹിന്ദു കോളേജിൽ മാത്രം ഒതുങ്ങുന്ന ഒറ്റപെട്ട പ്രശ്നങ്ങൾ അല്ല. ഡൽഹി യൂണിവേഴ്സിറ്റിയിലെ പല കോളേജുകളിലും ഹോസ്റ്റൽ ഫീ 80000 മുതൽ 140000 വരെയാണ്. ഹിന്ദു കോളേജ് അഡ്മിന്റെ അധികാര ദുരുപയോഗത്തിനെതിരെ കോടതിയിൽ അനുകൂല വിധിയുണ്ടാകുമെന്നും ഈ ജുഡീഷ്യൽ ഇടപെടൽ സാമാന അവസ്ഥയിലുള്ള മറ്റു കോളേജുകളിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഗസ്റ്റ് 11 നു പൊതുഇടത്തിൽ വച്ചു 15 പേർക്ക് കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയാണ് അഡ്മിൻ സമരത്തെ നേരിട്ടത്. കോളേജിന്റെ എല്ലാ ഗേറ്റുകളും ലോക്ക് ചെയ്തു പ്രിൻസിപ്പലിനേയും മറ്റു സ്റ്റാഫ്‌ അംഗങ്ങളെയും മണിക്കൂറുകളോളം പൂട്ടിയിട്ടു എന്നതാണ് ആരോപണം. എന്നാൽ സമരം തുടങ്ങിയത് മുതൽ കോളേജ് ഗേറ്റുകൾ  മുഴുവൻ ലോക്കുകളാണ്. അറിയിപ്പോ വിശദീകരണമോ കൂടാതെ ക്യാമ്പസ്സിലെ പല സ്ഥലങ്ങളിലേക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കപെടുകയാണ്. സ്റ്റാഫ്‌ റൂമിൽ പോകാൻ അപ്ലിക്കേഷൻ എഴുതാനും id കാർഡ് ഇല്ലെങ്കിൽ ആധാർ കാണിക്കാനുമൊക്കെയാണ് അവർ ആവശ്യപ്പെടുന്നത്. 8 മണിക്ക് ശേഷം നോൺ ഹോസ്റ്റല്ലേഴ്സിന് കോളേജിൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള നോട്ടീസും പ്രത്യക്ഷപെട്ടു. ഇത്തരത്തിൽ അഡ്മിന്റെ സ്വകാര്യ സ്വത്തെന്ന മട്ടിൽ ഏകപക്ഷീയമായ പല നിയമങ്ങളും നടപ്പിലാക്കി കോളേജിനെ ഒരു ജയിൽ ആയി മാറ്റി ക്കൊണ്ടിരിക്കുകയാണ് അഡ്മിൻ. എന്നിട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു വിദ്യാർത്ഥികളെ ഭയപ്പെടുത്തി സമരം തകർക്കാൻ ശ്രമിക്കുകയാണ് അഡ്മിൻ ചെയ്യുന്നത്. ഷോ കോസ് നോട്ടീസ് കൂടാതെ ഞങ്ങളുടെ വീടുകളിലേക്ക് വിളിച്ചു റസ്റ്റിക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു ഇവർ. ' നിങ്ങളുടെ മകൾ പിഞ്ചി റാത്തോഡ്  എന്ന ഭീകര സംഘടനയിൽ അംഗമാണ് '. 'മകൻ മാവോയിസ്റ് അനുകൂലിയാണ് ', ഇങ്ങനെ പോകുന്നു അച്ഛനമ്മമാരോടുള്ള അഡ്മിന്റെ ഭാഷ്യം. ഏറ്റവും പുതുതായി ഡിസ്‌സിപ്ലിൻ റിസോഴ്സ്‌ കമ്മിറ്റിക്കു മുന്നിൽ അടുത്താഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലും ഹിമാചലിലും രാജസ്ഥാനിലും അടക്കമുള്ള ഞങ്ങളുടെ വീട്ടുകാർക്ക്  നോട്ടീസുകൾ അയച്ചിരിക്കുകയാണ് ഇവർ. അധികാരത്തിന്റെ വിഭ്രാന്തിയിൽ ഏതു വിധേനെയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന അഡ്മിന്റെ ബലം അരാഷ്ട്രീയത ആഘോഷമായി കൊണ്ടുനടക്കുന്ന ഉപരിവർഗ ഉപരിമധ്യവർഗമായ ഒരു ഭൂരിപക്ഷം തന്നെയാണ്.

ഭരണവർഗത്തിന്റെ കൃത്യമായ ഇടപെടലുകളിലൂടെയുള്ള കാമ്പസ്സുകളുടെ അരാഷ്ട്രീയവത്കരണം പൊതുമേഖലയുടെ സ്വകാര്യവത്കരണവുമായി കൂട്ടിവായിക്കേണ്ടതാണ്. 2015-16 ലെ UGC ഫണ്ട്‌ കട്ടോടെ പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ ഉന്നതവിദ്യാഭ്യാസത്തിന്റ 'അച്ഛേ ദിൻ '. പൊതു ഭൂമിയിൽ 5 സ്റ്റാർ ഹോട്ടലുകൾ കണക്കെ നിർമിക്കപ്പെടുന്ന എ.സി, ലിഫ്റ്റ് അടക്കമുള്ള  ഹോസ്റ്റലുകളും ഭാരിച്ച ഫീസ് കൊടുത്തു അവിടെ നിൽക്കാൻ തയ്യാറാവന്നുന്ന വിദ്യാർത്ഥികളുമുള്ള ഈ യൂണിവേഴ്സിറ്റിയിൽ ഈ സമരം ഹിന്ദു കോളേജിൽ മാത്രം ഒതുങ്ങി നിൽകേണ്ടതല്ല.


Loading...