15-08-2018

​കൊളീജിയത്തിനെതിരെ ജഡ്ജിമാർ; സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ

National | ന്യൂഡൽഹി


 സുപ്രീംകോടതി കൊളീജിയത്തിനെതിരേ നാല് ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ഇന്ന് കോടതി ചേർന്നതിന് പിന്നാലെയാണ് കൊളീജിയത്തിന്‍റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന ജഡ്ജി ജെ.ചലമേശ്വർ ഉൾപ്പടെ നാല് പേർ രംഗത്തുവന്നിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാക്കാൻ ജസ്റ്റീസ് ചലമേശ്വർ ഉച്ചയ്ക്ക് വാർത്താസമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്.

കൊളീജിയത്തിന്‍റെയും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെയും പ്രവർത്തനത്തിൽ നേരത്തെ തന്നെ ഒരു വിഭാഗം ജഡ്ജിമാർ അതൃപ്തരായിരുന്നു. കേസുകൾ വിവിധ ബെഞ്ചുകൾക്ക് നൽകുന്നതിലും കൊളീജിയത്തിന്‍റെ പ്രവർത്തനത്തിലും സുതാര്യതയില്ലെന്നായിരുന്നു അതൃപ്തരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസിന് തന്നെ ജസ്റ്റീസ് ചലമേശ്വർ നേരത്തെ കത്ത് നൽകിയിരുന്നു.

വ്യാഴാഴ്ച കൊളീജിയം ചേർന്ന് സുപ്രീംകോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിർദ്ദേശിക്കുകയും ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതാണ് ഒരു വിഭാഗം ജഡ്ജിമാരെ ചൊടിപ്പിച്ചത്. കൊളീജിയത്തിൽ അംഗമാണെങ്കിലും അഭിപ്രായ വ്യത്യാസം മൂലം കാലങ്ങളായി ജസ്റ്റീസ് ചലമേശ്വർ യോഗങ്ങളിൽ പങ്കെടുക്കാറില്ല. തീരുമാനങ്ങൾ അദ്ദേഹത്തെ അറിയിക്കുന്നതാണ് രീതി. വ്യാഴാഴ്ച ചേർന്ന കൊളീജിയം യോഗത്തിന് ശേഷമാണ് ജഡ്ജിമാർ നിലപാട് കടുപ്പിച്ചത്. ജസ്റ്റീസ് ചലമേശ്വർ ഉൾപ്പടെയുള്ള നാല് ജഡ്ജിമാർ കോടതിയിൽ കയറാതിരുന്നതോടെ നാല് കോടതികളുടെ പ്രവർത്തനം തടസപ്പെട്ടു.


Loading...