15-08-2018

​വേതന വർദ്ധന ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ ബസ് തൊഴിലാളി സമരം എട്ടാം ദിവസം

National | ചെന്നൈ


വേതന വര്‍ധന ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് എട്ടാം ദിവസവും തുടരുന്നു. ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ സംയുക്തമായി നടത്തുന്ന ബസ് സമരം യാത്രക്കാരെ ഏറെ വലച്ചു.

അടിസ്ഥാന ശമ്പളത്തില്‍ 2.57 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരാഴ്ചയായി ബസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തിവരുന്നത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് തൊഴിലാളികളോട് സമരത്തില്‍ നിന്ന് പിന്മാറാന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. താത്കാലിക ജീവനക്കാരെ വെച്ച് കൂടുതല്‍ ബസ് സര്‍വ്വീസ് നടത്താന്‍ ഗതാഗത വകുപ്പ് നീക്കം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.

ബുധനാഴ്ച തമിഴ്‌നാട് ഗതാഗത മന്ത്രി എംആര്‍ വിജയ ഭാസ്‌കര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തൊഴിലാളികള്‍ പണിമുടക്കുമായി മുന്നോട്ടുപോകുകയായിരുന്നു. അതേസമയം ഇന്ന് വീണ്ടും ജീവനക്കാരുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. മാസം 30000 രൂപ വേതനം ലഭിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം, എന്നാല്‍ 24000 രൂപ മാത്രമാണ് അധികൃതര്‍ അനുവദിച്ചത്.

അതേസമയം വേതന വര്‍ധനവ് ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്കില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ എംഎല്‍എമാരുടെ ശമ്പളം ഉയര്‍ത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി പ്രതിഷേധത്തിന് വകവെച്ചു. സംസ്ഥാനത്തെ 235 എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള ബില്ലാണ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്.

നിലവില്‍ 55000 രൂപയുണ്ടായിരുന്ന എംഎല്‍എമാരുടെ ശമ്പളം 1.05 ലക്ഷമായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. ബില്‍ പാസായാല്‍ വ്യാഴാഴ്ച്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ബില്‍ പാസായാല്‍ മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ തുക 12000 രൂപയായിരുന്നത് 20000 രൂപയായി വര്‍ധിക്കും. എംഎല്‍എമാരുടെ മണ്ഡല വികസനത്തിനായി നല്‍കി വരുന്ന തുക രണ്ട് കോടിയില്‍ നിന്ന് ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.


Loading...