22-04-2018

​നജീബ് എല്ലായിടത്തുമുണ്ട്, ക്യാമ്പസുകളില്‍, ഗ്രാമങ്ങളില്‍, നഗരങ്ങളിൽ, പെരുവഴിയില്‍, ജയിലറകളില്‍

Victim | ഹൈദരാബാദ്


ജെ എന്‍ യു വിദ്യാര്‍ത്ഥിയായിരുന്ന നജീബ് എ ബി വി പി പ്രവര്‍ത്തകരുടെ അക്രമണത്തിന് ഇരയായ ശേഷം അപ്രത്യക്ഷനായി 365 ദിവസങ്ങള്‍ പിന്നിട്ടിട്ടും 'എവിടെ നജീബ്' എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അധികാരികള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും, വിശിഷ്യാ സര്‍വകലാശാലകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതൊക്കെ ഗൗനിക്കാതെ സി ബി ഐ ആരുടേയൊക്കെയോ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഇരുട്ടില്‍ തപ്പുകയാണ് എന്ന ആക്ഷേപം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 'എവിടെ നജീബ്' എന്ന ചോദ്യം ഉന്നയിച്ച് സി ബി ഐ ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ച നജീബിന്റെ ഉമ്മയെ അറസ്റ്റ് ചെയ്തു നീക്കുകയാണ് ചെയ്തത്. ഈയൊരു സാഹചര്യത്തില്‍ 'എവിടെ നജീബ്' എന്ന ചോദ്യത്തിന്റെ പ്രസക്തിയും തിരോധാനത്തിലേക്ക് നയിച്ച സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലവും പരിശോധനക്ക് വിധേയമാക്കുകയാണ് ഇവിടെ:

ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം രാജ്യം കലുഷിതമായ രാഷ്ട്രീയ - സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ നജീബ് തിരോധാനം ഒറ്റപ്പെട്ട ഒരു സംഭവമല്ല. അനീതിക്കെതിരെ ചോദ്യം ചെയ്തതിന്റെ ഫലമായി രാജ്യത്തിന്റെ പലഭാഗത്തും മരിച്ചു വീഴുന്ന, നിശ്ശബ്ദരാക്കപ്പെടുന്ന ജനങ്ങളുടെ പ്രതിനിധിയാണ് നജീബ്. ഫാസിസ്റ്റ് കാലത്ത്, പിറന്ന ദേശത്തില്‍ പോലും 'അപര'വല്‍ക്കരിക്കപ്പെടുകയും മുഖ്യധാരയില്‍ നിന്ന് അകറ്റപെട്ട് പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്ത ന്യൂനപക്ഷങ്ങളുടെ കൂടി പ്രതിനിധി. കല്‍ബര്‍ഗി, പന്‍സാരെ, ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, പെഹ്ലു ഖാന്‍, രോഹിത് വെമുല, ജുനൈദ്, റിയാസ് മൗലവി, ഫൈസല്‍ കൊടിഞ്ഞി തുടങ്ങിയവരെ കൊലപ്പെടുത്തിയ അതേ വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും ഇര.
ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള അക്രമത്തിന്റെയും കലാപത്തിന്റെയും പശ്ചാത്തലത്തില്‍ വേണം നജീബ് തിരോധനം കാണാന്‍. ഫാസിസ്റ്റ് രാഷ്ട്രീയം ചരിത്രം പുനര്‍ നിര്‍മിക്കുന്ന പ്രക്രിയയിലാണിപ്പോള്‍. തങ്ങളുടേതല്ലാത്ത സംസ്‌കാരത്തിന്റെ ഭാഗമായവരെയൊക്കെ മുഖ്യധാരയില്‍ നിന്ന് അകറ്റണമെങ്കില്‍ അത്തരമൊരു നറേറ്റീവ് ആവശ്യമാണെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് ഈ പ്രക്രിയയുടെ തുടക്കം. വൈവിധ്യങ്ങള്‍ക്കും വൈജാത്യങ്ങള്‍ക്കും പേരുകേട്ട രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും ഏകാത്മകമാക്കാന്‍ സവര്‍ണ ഫാസിസം ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയും, നിയമ നിര്‍മാണ സംവിധാനവും, മാധ്യമങ്ങളും ആ ആഖ്യാനം നടപ്പിലാക്കാനുള്ള സംവിധാനത്തിലെ കണ്ണികളായി മാത്രം മാറുന്നു. ഈ 'സത്യാനന്തര കാലഘട്ടത്തില്‍' ചിലര്‍ക്ക് മാത്രം അവകാശപ്പെടുന്നതും മറ്റുള്ളവരെ അകറ്റി നിര്‍ത്താന്‍ പര്യാപ്തമായ പുതിയൊരു ചരിത്രാഖ്യാനം മേല്‍ക്കോയ്മ നേടുന്നതിലും അത്ഭുതപ്പെടാനായി ഒന്നുമില്ല.

പുതിയ ചരിത്രങ്ങളായിരിക്കും ഇനിയുള്ള പാഠപുസ്തകങ്ങളില്‍ ഇടം പിടിക്കുക. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരെ രാജ്യസ്‌നേഹത്തിന്റെ പതാക വാഹകരാക്കുകയും രാഷ്ട്ര നിര്‍മിതിയില്‍ മുഖ്യ പങ്ക് വഹിച്ച പലരേയും വിസ്മൃതിയിലേക്ക് തള്ളപ്പെടുകയുമാണ്. പുതിയ ചരിത്ര പുരുഷന്മാര്‍ അവതരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. താജ്മഹല്‍ ഇന്ത്യയുടെ അഭിമാന സ്തൂപമേയല്ല, മറിച്ച് അത് 'വൈദേശികാധിപത്യ'ത്തിന്റെ അടയാളമാണ് എന്ന് പുതിയ തലമുറ പഠിക്കും. ന്യൂനപക്ഷ മതങ്ങള്‍ വൈദേശിക മതങ്ങളാണെന്നും ആ മതക്കാരുടെ സാംസ്‌കാരിക മുദ്രകള്‍ തകര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള പ്രചാരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആറുനാട്ടില്‍ നൂറു ഭാഷ എന്ന പോലെയുള്ള ഭാഷാ വൈവിധ്യത്തെ 'രാഷ്ട്രഭാഷ'യുടെ കാരാള ഹസ്തങ്ങള്‍ക്ക് കീഴിലാക്കാന്‍ പുതിയ വിജ്ഞാപനങ്ങള്‍ ആഴ്ച തോറും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഗീബല്‍സിയന്‍ നുണപ്രചാരണങ്ങളിലൂടെ തങ്ങള്‍ക്ക് ശക്തിയില്ലാത്ത കേരളം പോലെയുള്ള മേഖലകളെ കലാപ ഭൂമിയാക്കി ചിത്രീകരിക്കുന്ന പ്രചരണത്തെ വലിയൊരു ശതമാനം ജനങ്ങളും തിരിച്ചറിഞ്ഞുകഴിഞ്ഞു.

'മുതലാളിത്തവും ഭരണകൂടവും ഒന്നാവുക' എന്ന മുസോളിയന്‍ ശൈലി അവലംബിച്ച് കുത്തകകള്‍ തഴച്ചുവളരുമ്പോള്‍, ഭരണപരാജയങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍, സാമ്പത്തിക മേഖല കൂപ്പുകുത്തുകയും തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴുമൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കലാപങ്ങള്‍ പുറപ്പെടുകയും വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ച് വിടുകയും ചെയ്തുകൊണ്ടേയിരിക്കും. അതിര്‍ത്തി കാക്കുന്ന പട്ടാളമൊക്കെ രാജ്യസ്‌നേഹത്തിന്റെ ചിഹ്നമായി സങ്കുചിത ദേശീയവാദത്തിനു കീഴില്‍ അവരുടെ പ്രതികരണ ശേഷി തന്നെ നശിപ്പിക്കുമെന്ന് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവര്‍ക്കൊക്കെ രാജ്യദ്രോഹികളെന്നുള്ള മുദ്ര ചാര്‍ത്തിക്കൊടുക്കുകയും, ജനതയുടെ പ്രതികരണ ശേഷി നശിപ്പിച്ച് എന്തും നിസ്സംഗരായി ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഭരിക്കാനുള്ള യോഗ്യത വിദ്വേഷ പ്രസംഗങ്ങളും കലാപ ആസൂത്രണവുമായി മാറിയപ്പോള്‍ രഥയാത്രയിലൂടെ വര്‍ഗീയ രഥം തെളിയിച്ച അദ്വാനിയില്‍ നിന്ന് ഗുജറാത്ത് കൂട്ടക്കൊല സമയത്ത് 'പട്ടിക്കുട്ടികള്‍ കാറിടിച്ച് ചത്തപ്പോള്‍ താന്‍ പിന്‍സീറ്റിലായിരുന്നു' എന്ന് വ്യക്തമാക്കിയ മോഡിയിലേക്കും, മോഡിയില്‍ നിന്ന് പരസ്യമായി കൂട്ട കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ആഹ്വാനം ചെയ്ത യോഗിയിലേക്കും തീവ്രത വര്‍ധിക്കുകയും അതൊക്കെ നിശ്ശബ്ദമായി ഉള്‍കൊണ്ടാന്‍ ജനങ്ങള്‍ പതിയെ പ്രാപ്തരായിക്കഴിയുകയും ചെയ്തു. ഇങ്ങനെ ജനാധിപത്യം ജനക്കൂട്ടത്തിന്റെ ആധിപത്യമാവുമ്പോള്‍ എന്തു കഴിക്കണം, എന്തു ധരിക്കണം, വിശ്വസിക്കണം എന്നൊക്കെ ആ ജനക്കൂട്ടവും അവരുടെ പ്രത്യശാസ്ത്രവും തീരുമാനിക്കും. അത് കൊണ്ട് തന്നെയാണ് ഗോഹത്യകള്‍ സര്‍വസാധാരണമാവുന്നതും, ഗോഹത്യക്ക് നേതൃത്വം നല്‍കിയ പ്രതിക്ക് സര്‍ക്കാര്‍ ജോലിയും പാരിതോഷികവും ലഭിക്കുന്നതും.

അടുക്കളയിലും, കിടപ്പുമുറിയിലും സര്‍ക്കാര്‍ ഇടപെടുന്ന സംവിധാനമായി നമ്മുടെ ജനാധിപത്യം മാറി. രണ്ടു പേരുടെ പ്രണയം പോലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയും കോടതി ഇടപ്പെട്ട് വിവാഹം പോലും അസാധുവാക്കി വീട്ടുതടങ്കിലാക്കപ്പെടുന്ന ഹാദിയമാരെ സൃഷ്ടിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ഇടപെടുന്ന ഓരോ മുസ്ലിമിനും നിരന്തരം രാജ്യസ്‌നേഹം തെളിയിക്കേണ്ട ചുമതല കൂടിയുള്ള ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് നജീബ് തിരോധാനം ചര്‍ച്ച ചെയ്യേണ്ടത്. ഈ വെറുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലല്ലാതെ നജീബ് തിരോധാനം കാണുക അസാധ്യമാണ്.

അതുകൊണ്ട് തന്നെ നജീബ് എല്ലായിടത്തുമുണ്ട്. പശുവിന്റെ പേരില്‍ തെരുവോരങ്ങളില്‍ മരിച്ചു വീഴുന്ന നിസ്സഹായരില്‍, രാജ്യത്തെ ഉന്നത സര്‍വകലാശാലകള്‍ പോലും തങ്ങള്‍ക്ക് ജീവിക്കാന്‍ അസഹ്യമായി തീര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട ദളിതരില്‍, വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടുന്ന നിരപരാധികളില്‍, നീതി നിഷേധിക്കപ്പെട്ട് അഴിക്കകത്ത് കഴിയുന്ന നൂറുകണക്കിന് വിചാരണ തടവുകാരില്‍... അങ്ങനെ നഗരങ്ങളില്‍, ഗ്രാമങ്ങളില്‍, പെരുവഴിയില്‍, ജയിലറകളില്‍, ക്യാമ്പസുകളില്‍... നീതി നിഷേധിക്കപ്പെടുന്ന, അക്രമിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, അപ്രത്യക്ഷരാവുന്ന ഓരോരുത്തര്‍ക്കും നജീബിന്റെ മുഖം തന്നെയാണ്.

(ഹൈദരാബാദില്‍ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)


Loading...