15-08-2018

​തൃത്താല പോലീസ് ബലറാമിന്റെ കയ്യിലോ? എ കെ ജിയെ അപമാനിച്ചതിനെതിരെ നൽകിയ പരാതി മുക്കി

Kerala | ​തൃത്താല


എ കെ ജിയെ അപമാനിക്കുന്ന പരാമർശങ്ങൾ തുടർച്ചയായി നടത്തിയ വി ടി ബൽറാം എംഎൽഎയ്ക്ക് എതിരായ പരാതി തൃത്താല പോലീസ് മുക്കി. സമൂഹ മാധ്യമത്തിലൂടെ ബോധപൂർവ്വം അവഹേളിക്കുകയും എ കെ ജിയുടേത് എന്നപേരിൽ വ്യാജമായി വരികൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തതായി സാമൂഹ്യ പ്രവർത്തകനായ രാജീഷ് ലീല ഏറാമല ആണ് എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിൽ നാല് ദിവസം മുമ്പ്  പരാതി നൽകിയത്.  കടവന്ത്ര പോലീസ് പരാതി തൃത്താല പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. എന്നാൽ പോലീസിന്റെ ഔദ്യോഗിക മാർഗം വഴി ഓൺലൈൻ ആയി തൃത്താല പൊലീസിന് അയച്ച പരാതി അവിടെ ലഭിച്ചിട്ടില്ല എന്നാണ് തൃത്താല എസ്‌ഐ വാദിക്കുന്നത്. 

കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും പരാതി ഫോർവേഡ് ചെയ്തതായി സ്റ്റേഷനിൽ രേഖകൾ ഉണ്ട്. ഇത് കടവന്ത്ര പോലീസിൽ നിന്നും ന്യൂസ്‌പോർട്ടിന് നേരിട്ട് മനസിലാക്കാൻ സാധിച്ചു. ഈ പരാതി തൃത്താലയിൽ ലഭിച്ചിട്ടില്ല എന്ന് തൃത്താല എസ ഐ പറയുമ്പോൾ ബോധപൂർവ്വം എസ്‌ഐ പരാതി മുക്കിക്കളയുകയായിരുന്നു എന്ന അനുമാനത്തിലാണ് എത്താൻ സാധിക്കുന്നത്.

പരാതി ലഭിച്ച ദിവസം തന്നെ തൃത്താല പൊലീസിന് കൈമാറിയെന്നും, അവിടെ എന്ത് നടപടി സ്വീകരിച്ചു എന്ന് പറയാൻ സാധിക്കില്ലെന്നും കടവന്ത്ര പോലീസ് വ്യക്തമാക്കി. നടപടി കൈക്കൊള്ളുന്നില്ലെങ്കിൽ വിവരാവകാശ നിയമപ്രകാരം വസ്തുതകൾ ആരായേണ്ടി വരുമെന്നും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് വെബ്‌സൈറ്റ് വഴി പരാതിയുടെ തൽസ്ഥിതി അന്വേഷിച്ചപ്പോൾ അവിടെ ലഭിച്ചതായി നമ്മുടെ അന്വേഷണത്തിൽ വ്യക്തമായി.

തൃത്താല പോലീസ് സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ, എസ്.ഐ പരാതി കിട്ടിയില്ലെന്ന് പറഞ്ഞാൽ അതിൽ അപ്പുറം ഒന്നും പറയാൻ കഴിയില്ല എന്നാണ് ജോലിയിൽ ഉണ്ടായിരുന്ന പോലീസുകാരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. പരാതിയിന്മേലുള്ള നടപടി ക്രമങ്ങൾ മൂടിവയ്ക്കാനുള്ള എസ്.ഐ യുടെ നീക്കം സംശയാസ്പദമാണ്.

എ കെ ജി എഴുതിയ ആത്മകഥയിലെ ഏടുകള്‍ എടുത്ത് തന്റെ മാനസീകാവസ്ഥയ്ക്കനുസരിച്ചു കൊണ്ട്  എ കെ ജിയുടെ പേരില്‍ വ്യാജമായി വരികള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും  ജനങ്ങള്‍ ബഹുമാനിക്കുന്ന മരണപ്പെട്ട നേതാവിനെയും അദ്ദേഹത്തിന്‍റെ ഭാര്യ സുശീലാ ഗോപാലനേയും അവഹേളിക്കുകയും അതുവഴി സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും മുന്‍മന്ത്രി കൂടിയായ സുശീല ഗോപാലന്റെ സ്ത്രീ എന്ന നിലയിലുള്ള ആത്മാഭിമാനത്തെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെയും പൊതുമധ്യത്തില്‍ കടന്നാക്രമിക്കുകയും ചെയ്തിരിക്കുകയാണ് എം എല്‍ എ കൂടിയായ വി ടി ബല്‍റാം എന്നുമാണ്  പരാതി


Loading...