21-06-2018

കോഴിക്കോട് ലോ കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം

Kerala | കോഴിക്കോട്


കോഴിക്കോട് ലോ കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിക്ക് നേരെ എസ്എഫ്ഐ അതിക്രമം. കോളേജിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥി അമീൻ ഹസ്സൻ എന്ന വിദ്യാർത്ഥിയെയാണ് എസ്എഫ്ഐ നേതാക്കൾ ആക്രമിച്ചത്. ആക്രമിക്കപ്പെട്ട അമീൻ ഫ്രാറ്റണിറ്റി പ്രവർത്തകനാണ്. അമീൻ കോളേജ് പ്രിന്സിപ്പാലിന് പരാതി നൽകി.

അമീൻ ഹസ്സൻ ഇന്ന് നടന്ന സെമസ്റ്റർ പരീക്ഷ എഴുതിയതിനു ശേഷം മടങ്ങവെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആസാദിന്റെ നേത്രത്വത്തിൽ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ അമീനെ പിന്തുടരുകയും ടോയിലെറ്റിന് സമീപത്തേക്കു വലിച്ച് കൊണ്ട് പോവുകയും ചെയ്യുകയാണ് ഉണ്ടായത്. അവിടെ വെച്ച് ആസാദിന്റെ നേത്രത്വത്തിൽ ഉള്ള സംഘം അമീനെ ആക്രമിക്കുകയായിരുന്നു. കോളേജിൽ കണ്ടാൽ  ശരിയാക്കി കളയും എന്നായിരുന്നു എസ്എഫ്ഐക്കാരുടെ ഭീക്ഷണി. അവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഓഫീസിൽ എത്തിയ അമീൻ ഹസ്സൻ കോളേജ് പ്രിന്സിപ്പാലിന് പരാതി നൽകി. 

തുടർന്നും പരീക്ഷകൾ എഴുതാൻ ഉള്ളതിനാലും എസ്എഫ്‌ഐക്കാർ വധ ഭീക്ഷണി മുഴക്കിയതിനാലും ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും  അമീൻ പ്രിന്സിപ്പലിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ കോളേജ് ഇലക്ഷന് ശേഷം കോഴിക്കോട് ഗവണ്മെന്റ് കോളേജിൽ മറ്റു വിദ്യാർത്ഥി സംഘടനാ  പ്രവർത്തകർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നാലോളം വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ അക്രമികൾക്കെതിരെ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല.


Loading...