15-08-2018

​കാലുപിടിച്ചു പറഞ്ഞിട്ടും മുഖ്യമന്ത്രിയെ കാണാനാവാതെ ശ്രീജിത്തിന്റെ 'അമ്മ

Kerala | തിരുവനന്തപുരം


സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അവസ്ഥ പറയാന്‍ താന്‍പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ. പക്ഷേ കാണാന്‍ അനുവദിച്ചില്ല. പരാതി ഉണ്ടെങ്കില്‍ അത് ഓഫീസില്‍ കൊടുക്കാന്‍ പറഞ്ഞ് സെക്രട്ടേറിയറ്റിലുള്ളവര്‍ വിരട്ടും. മകന്‍ തെരുവില്‍ നീതിക്കായി പട്ടിണികിടന്ന് അവശനിലയിലാണെന്ന് മുഖ്യമന്ത്രിയോട് പറയാന്‍ അനുവദിക്കണമെന്ന് ഒരു ദിവസം സെക്രട്ടേറിയറ്റിലെത്തി കാലുപിടിച്ച് പറഞ്ഞു, എന്നിട്ടും ആരും വകവെച്ചില്ല

ശ്രീജിത്തിനോട് സമരം നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മകനെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊന്നു. ഇവനും കൂടെ ഇങ്ങനെ കിടന്നാല്‍ എന്റെ ജീവിതം എന്താകുമെന്നും ചോദിച്ചിട്ടുണ്ട്. 'എന്റെ മുന്നില്‍ കിടന്നാണ് അവന്‍ പിടിഞ്ഞുമരിച്ചത്' എന്നു മാത്രമാണ് അപ്പോഴൊക്കെ ശ്രീജിത്ത് പറഞ്ഞത്. ഒരു നേരമെങ്കിലും എന്തെങ്കിലും കഴിക്കാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. സമരം നിര്‍ത്താന്‍ പറഞ്ഞ് എംഎല്‍എയോടൊപ്പവും ശ്രീജിത്തിനെ കണ്ടു. അന്വേഷണം നടക്കുമെന്നും സമരം നിര്‍ത്താനും പറയുമ്പോള്‍ സിബിഐ അന്വേഷണം ഏറ്റെടുത്തെന്നുള്ള അറിയിപ്പ് കിട്ടുമ്പോള്‍ സമരം നിര്‍ത്താമെന്നാണ് ശ്രീജിത്തിന്റെ മറുപടി. നീതിതേടി സെക്രട്ടേറിയറ്റില്‍ അലഞ്ഞ് മടുത്തപ്പോള്‍ ഇവരെല്ലാം നമ്മളെ പറ്റിക്കുകയാണെന്നും ഇനി ഇത് മതിയാക്കാമെന്നും പലതവണ അവനോട് പറഞ്ഞതാണ്. കോടതി വഴി പോകാമെന്നും പറഞ്ഞു. 

താങ്ങാന്‍ പറ്റാത്ത വേദനയാണ് മനസ് നിറയെ. അടിച്ചു കൊല്ലുന്നതിന് പകരം കൈയ്യോ കാലോ ഒടിച്ചിട്ട് എന്റെ മകനെ അവര്‍ക്ക് തിരിച്ചുതരാമായിരുന്നു. എന്ത് നിലവിളിച്ചിട്ടുണ്ടാവും അവന്‍... ഒരു ഗ്ലാസ് വെള്ളം പോലും  കൊടുക്കാന്‍ പറ്റീല. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്. നീതിക്ക് വേണ്ടിയാണ് ശ്രീജിത്ത് ഇപ്പോള്‍ തെരുവില്‍ കിടക്കുന്നത്. ആരോഗ്യം നഷ്ടപ്പെട്ട് കുടുംബം തകരും. എന്റെ അവസ്ഥ ഒരു അമ്മയ്ക്കും വരരുതെന്നാണ് പ്രാര്‍ത്ഥന. എന്നിരുന്നാലും നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും മുന്നില്‍ ഞാന്‍ തലകുനിയ്ക്കാന്‍ പോകുന്നില്ല. 'തലകുനിച്ചാല്‍ പിന്നെ ഞങ്ങള്‍ തീര്‍ന്നു'. 


Loading...