15-08-2018

ആർ എസ് എസ് ന് ശാഖ കേരളാ പോലീസിൽ; അറിഞ്ഞിട്ടും മൗനത്തിൽ മുഖ്യനും പോലീസ് മേധാവിയും

Kerala | തിരുവനന്തപുരം


കേരള പൊലിസില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി  നല്‍കിയ  റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തന്നെ മുക്കിയാതായി ആരോപണം. വിശദമായ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടാണ് പൊലിസ് ആസ്ഥാനത്തു നിന്നുതന്നെ പൂഴ്ത്തിയത്. ആര്‍എസ്എസ് സെല്‍ പോലീസിനുള്ളില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നതായി മാസങ്ങള്‍ക്കു മുന്‍പ് വിവരം ലഭിച്ചിരുന്നു. എന്നാൽ  ആര്‍ക്കുമെതിരേ ഡിജിപി ലോക്‌നാഥ് ബഹ്‌റ നടപടിയെടുക്കാൻ തയ്യാറായില്ല. ആർ എസ് എസ് സെല്ലിന്  നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദവികളില്‍ തുടരുകയാണ്.

ഡി.ജി.പിയുടെ ഓഫിസിലെ ഒരു  ഉദ്യോഗസ്ഥനും ഇന്റലിജന്‍സില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനുമാണ് ആര്‍.എസ്.എസ് സെല്ലിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട് പറയുന്നു. തത്ത്വമസി എന്ന പേരിൽ പോലീസിനുള്ളിൽ  പ്രവർത്തിക്കുന്ന  ആര്‍.എസ്.എസ് സെല്ലിന്റെ   ആശയവിനിമയത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് ഉള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17ന്  സംഘപരിവാർ അനുകൂലികളായ 27 പൊലീസുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇവര്‍ കന്യാകുമാരിയില്‍ പഠനശിബിരമെന്നപേരില്‍ ഒരു  രഹസ്യയോഗം ചേര്‍ന്നിരുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആ യോഗത്തിൽ   പൊലിസ് സേനയ്ക്കുള്ളിലെ   പ്രവര്‍ത്തനം ഊർജിതമാക്കാൻ  തീരുമാനം ഉണ്ടായി. 

എല്ലാ മാസവും  ചരിത്രപ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളില്‍ യോഗം ചേരാനും, പൊലീസിലെ ആർ എസ് എസ് ശാഖയുടെ സുഗമമായ നടത്തിപ്പിന് അംഗങ്ങളിൽ നിന്നും  100 രൂപ വീതം മാസവരി ഈടാക്കാനും   തീരുമാനിച്ചിരുന്നു. ഈ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഡി ജി പി ക്ക്  നിര്‍ദേശം നല്‍കിയിരുന്നു. ഡി ജി പി കഴിഞ്ഞ ഒക്ടോബറില്‍ അന്നത്തെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് അന്വേഷണച്ചുമതല നല്‍കി. മാസങ്ങള്‍ക്കു മുന്‍പ് ഇന്റലിജൻസ്  അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടും  നടപടി എടുക്കാന്‍ ഡിജിപി തയാറായില്ല. ഇതിനെക്കുറിച്ച് വിശദീകരണം  സര്‍ക്കാരും ചോദിച്ചിട്ടില്ല. സി.പി.എം ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിലും  പൊലിസില്‍ ആര്‍.എസ്.എസ് പിടിമുറുക്കുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നിരുന്നു. എന്നിട്ടും   ആര്‍എസ്എസ് സെല്ലിനെതിരെ മുഖ്യമന്ത്രി നിശ്ശബ്ദനായിരിക്കുന്നത്  പാര്‍ട്ടിക്കുള്ളില്‍ ചർച്ചയായിട്ടുണ്ട്. 


Loading...