15-08-2018

​ശ്രീജിത്തിൻറെ സമരം ജനങ്ങൾ ഏറ്റെടുത്തു

Kerala | തിരുവനന്തപുരം


പാറശാലയില്‍ പൊലീസ് കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് നവമാധ്യമ കൂട്ടായ്മ. രാവിലെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമരത്തിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.  ആയിരകണക്കിനാളുകളാണ് നവമാധ്യമ കൂട്ടായ്മ വഴി ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച് ഇന്ന് സമരപന്തലില്‍ എത്തിചേര്‍ന്നിരിക്കുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ സംഗമിച്ചു.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശം ഉയര്‍ന്ന സംഭവമായിരുന്നു ശ്രീജിവിന്റെ മരണവും, അനുജന് നീതിതേടിയുളള ശ്രീജിത്തിന്റെ സമരവും.  അതേസമയം കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഉടന്‍ തന്നെ സര്‍ക്കാര്‍ കത്ത് നല്‍കും.

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.

എന്നാൽ കേസിൽ കുറ്റാരോപിതനും ചവറ സർക്കിൾ ഇൻസ്പെക്ടറുമായ ബി.ഗോപകുമാർ പൊലീസിലെ സ്ഥിരം ക്രിമിനൽ ആണെന്ന് തെളിയിക്കുന്ന അദ്ദേഹത്തിൻറെ സർവീസ് ബുക്ക് വിശദശാംശങ്ങൾ ന്യൂസ്‌പോർട്ട് ഇന്നലെ പുറത്ത്‌വിട്ടിരുന്നു. 


Loading...