21-06-2018

​മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമർശം സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala | തിരുവനന്തപുരം


മതസ്പര്‍ദ്ധ വളര്‍ത്തുന്ന അഭിമുഖം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ലേഖകന്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലും സെന്‍കുമാറിന്റെ വിവാദമായ ശബ്ദരേഖയില്ല. ലേഖകന്‍ ഹാജരാക്കിയ സിഡിയില്‍ എഡിറ്റിങ്ങുകള്‍ നടന്നതായും ഫോറന്‍സിക് കണ്ടെത്തി. ഏഷ്യാനെറ്റ് ആണ് വാർത്ത ആദ്യം പുറത്ത് വിട്ടതെങ്കിലും  ഔദ്യോഗികമായി വിവരങ്ങൾ പുറത്ത് വന്നിട്ടില്ല എന്നതും സംശയാസ്പദമാണ്. ഇത് രണ്ടാം തവണയാണ് ഒരേ വാർത്ത ഏഷ്യാനെറ്റ് പുറത്ത് വിടുന്നത്.

തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് ലേഖനത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് കേസില്‍ സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍കുമാര്‍ വിവാദ പരമാര്‍ശം നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു ലേഖകന്റെ മൊഴി. ഇതിനെ തുടര്‍ന്നാണ് തെളിവുകള്‍ ഹാജരാക്കാന്‍ ലേഖകനോട് ആവശ്യപ്പെട്ടത്.

ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഒരു മതവിഭാഗത്തിനെ കുറിച്ച് സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ചിന് കീഴിലെ സൈബര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

പൊലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പാരമര്‍ശങ്ങളാണ് കേസിന് ആധാരമായത്. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 ഉം മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും. ഇതായിരുന്നു സെന്‍കുമാറിന്റെ വിവാദമായ പ്രസ്താവന. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്‍കുമാര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.

ഇസ്‌ലാമിക് ഭീകരസംഘടനയായ ഐഎസും സംഘപരിവാര്‍ സംഘടനയായ ആര്‍എസ്എസും തമ്മില്‍ താരതമ്യം സാധ്യമല്ലെന്നും കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


Loading...