15-08-2018

​ഫാൻസുകാർ കണ്ടം വഴി ഓടട്ടെ; മമ്മൂട്ടിയുടെ പിന്തുണ പാർവതിക്ക്

Entertainment | കൊച്ചി


കസബ വിവാദത്തെ തുടർന്ന് പാർവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ഫാൻസുകാരെ തള്ളിപ്പറഞ്ഞ് മമ്മൂട്ടി. തനിക്ക് വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വാക്കുകൾ. ഇതാദ്യമായാണ് വിവാദത്തിൽ മമ്മൂട്ടി പ്രതികരിക്കുന്നത്.

സംഭവം നടന്ന ദിവസം തന്നെ പാർവതി വിവരം അറിയിച്ചിരുന്നുവെന്നും ഉടനെ അവരെ ആശ്വസിപ്പിച്ചിരുന്നതായും മമ്മൂട്ടി പറഞ്ഞു. ഇതൊന്നും സാരമാക്കേണ്ടെന്നും നമ്മളെ പോലുള്ള ആളുകളെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പാർവതിയോട് പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റും തിരക്കായതിനാൽ പല കാര്യങ്ങളും ശ്രദ്ധയിൽപ്പെട്ടില്ല.

വിവാദത്തിന്റെ പുറകെ പോകാറില്ലെന്നും നമുക്ക് വേണ്ടത് നല്ല രീതിയിലുള്ള സംവാദമാണെന്നും മമ്മൂട്ടി പറഞ്ഞു. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...