15-08-2018

​കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി എറണാകുളം സ്വദേശിനി ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്തു

Kerala | കൊച്ചി


കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് എറണാകുളം സ്വദേശിനി തങ്കമ്മ ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്. മുന്നോട്ടുള്ള ജീവിതത്തിന് പണം തടസമായതോടെയാണ് തങ്കമ്മ ജീവനൊടുക്കാന്‍ തീരുമാനിച്ചത് .

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ കുറെ മാസങ്ങളായി സർവ്വീസിൽ നിന്നും വിരമിച്ചവർക്കും ആശ്രിതർക്കും കൃത്യമായി പെൻഷൻ ലഭിക്കാത്ത അവസ്ഥയാണ്. എൽഡിഎഫ് അധികാരത്തിൽ വന്നതിനു ശേഷവും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചവർ നിരന്തരം പെന്ഷന് വേണ്ടി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു എങ്കിലും സർക്കാർ പെൻഷൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. അതിനിടയിലാണ് തങ്കമ്മയെ പോലുള്ള പെൻഷൻ ആശ്രയിച്ച് ജീവിതം നീക്കിയിരുന്നവർ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്യേണ്ടതായി വരുന്നത്. 

കെഎസ്ആർടിസിയിൽ ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കമ്മയ്ക്കു ലഭിച്ചിരുന്ന പെൻഷൻ തുക കൊണ്ടാണ് തങ്കമ്മയും മകനും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തങ്കമ്മയുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു എന്ന് കേരള ഓൺലൈൻ ന്യൂസ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ചു മാസമായി തങ്കമ്മയ്ക്കു പെൻഷൻ ലഭിച്ചിരുന്നില്ല എന്നാണു അറിയുന്നത്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മാനസീക വെല്ലുവിളി നേരിടുന്ന മകനെ പരിചരിക്കുന്നതിനും ചികിത്സിക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനും തങ്കമ്മയ്ക്കു സാധിക്കാത്ത ഒരു സാഹചര്യത്തിലാണ് തങ്കമ്മ ജീവൻ ഒടുക്കിയിരിക്കുന്നത്. 

കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി മൂലം ജീവൻ അവസാനിപ്പിക്കേണ്ടി വരുന്ന ഈ വർഷത്തെ ആദ്യത്തെ ആളാണ് തങ്കമ്മ. ഇതിനു മുമ്പ് പലരും പേശാൻ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടതായി വന്നിരുന്നു. കഴിഞ്ഞ വര്ഷം മാത്രം അഞ്ചോളം ആൾക്കാർ പെൻഷനുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തതായാണ് കരുതുന്നത്. കഴിഞ്ഞ വര്ഷം ജൂലൈയിൽ പെൻഷൻ നൽകാത്ത സർക്കാരാണ് തന്റെ മരണത്തിനു ഉത്തരവാദി എന്നു ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് സുകുമാരൻ എന്നയാൾ ആത്മഹത്യ ചെയ്തത് സർക്കാരിനെതിരെ വലിയ ചർച്ചകൾ ഉണ്ടാക്കാൻ കാരണമായിരുന്നു.

എന്നാൽ അതിനു ശേഷവും പ്രതിസന്ധിയും ആത്മഹത്യയും തുടർക്കഥയാകുന്നതായാണ് തങ്കമ്മയുടേത് അടക്കമുള്ളവരുടെ ഈ ദാരുണമായ മരണങ്ങൾ സൂചിപ്പിക്കുന്നത്. കെഎസ്ആര്ടിസിയിലേതടക്കമുള്ള പെൻഷനുകൾ വിതരണം ചെയ്യുന്നതിൽ സർക്കാർ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. 


Loading...