21-06-2018

​ഷുഹൈബ് വധം സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

Kerala | കൊച്ചി


 മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസ് സി.ബി.ഐയ്ക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചു കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. 

കേസ് ഈ മാസം 23ന് വിശദമായി വാദം കേൾക്കും. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവരുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്‌ജി ജസ്‌റ്റിസ് കമാൽപാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.പി. ഷുഹൈബിനെ ഫെബ്രുവരി 12ന് രാത്രിയാണ് അക്രമികൾ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.

ഷുഹൈബിനെ കൊലപ്പെടുത്തി മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും 11 പ്രതികളെ അറസ്റ്റ് ചെയ്തെന്നും ആയുധങ്ങളും അക്രമികൾ സഞ്ചരിച്ച വാഹനവും കണ്ടെടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് കേസന്വേഷണം സി.ബി.ഐയ്ക്കു വിട്ടതെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

മറുപടി സത്യവാങ്മൂലം നൽകാൻ സമയം നൽകിയില്ലെന്ന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു. തുടർന്നാണ് കേസ് വിശദമായ വാദം കേൾക്കാനായി മാറ്റിയത്. സിംഗിൾബെഞ്ചിന്റെ വിധിയും പരാമർശങ്ങളും പൊലീസിന്റെ മനോവീര്യവും ആത്മവിശ്വാസവും തകർക്കുന്നതാണെന്ന സർക്കാരിന്റെ നിലപാടിലും ഡിവിഷൻ ബെഞ്ച് വാദം കേട്ടേക്കും.


Loading...