15-08-2018

​ഡോ. ലത വാക്കിലും എഴുത്തിലും പ്രയോഗത്തിലും ജനങ്ങൾക്കൊപ്പം നിന്ന ഒരു ഉന്നത ജീവിതം

Cover Story | കൊച്ചി


ലോകത്തിലെ തന്നെ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങൾക്ക് പുത്തൻ ദിശാ ബോധം പകർന്ന വാക്കിലും എഴുത്തിലും പ്രയോഗത്തിലും ജനങ്ങൾക്കൊപ്പം നിന്ന ഡോക്ടർ എ. ലത കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞു.  മൂന്നു ദശകത്തിലേറെയായി പരിസ്ഥിതി സംരക്ഷണ മേഖലയിൽ ശാസ്ത്രീയവും സമഗ്രവുമായ നിലപാടുകൾ കൊണ്ട് വേറിട്ട്  നിന്ന വ്യക്തിത്വമാണ്  ഡോ. എ ലതയുടേത്. മരിക്കുമ്പോൾ ലതയ്ക്ക് അമ്പത്തതൊന്നു വയസ്സായിരുന്നു. കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബിരുന്താന്തര ബിരുദ്ധ പഠനം പൂർ ത്തീകരിച്ച ഡോ . എ ലത പിന്നീട് കൃഷി  വകുപ്പിൽ കൃഷി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗിക ജീവിത കാലഘട്ടത്തിൽ കൃഷിയോടും കര്ഷകരോടും നടത്തിയ ഇടപെടലുകളാണ് ലതയ്ക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ടുന്നതിന്റെയും അധിനിവേശം ചെയ്യപ്പെട്ട നമ്മുടെ കാർഷിക മേഖല കൊന്നു കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകത ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നത്. തൃശ്ശൂർ ഒല്ലൂരിലെ പരിസ്ഥിതി പ്രവർത്തകനും സഹപാഠിയുമായ ഡോ. ഉണ്ണികൃഷ്‌ണനുമായി പഠനകാലത്ത് ആരംഭിച്ച സൗഹൃദം പരസ്പരം ജീവിതകാലം മുഴുവൻ നീണ്ടു നിന്ന താങ്ങും  തണലുമായി തീർന്നു. കൃഷി ശാസ്ത്രജ്ഞൻ തന്നെയായ ഡോ. ഉണ്ണികൃഷ്ണന്റെ കൂടി കൂട്ടായ്മയിൽ പടർന്നു പന്തലിച്ച ലതയുടെ സമര ജീവിതവും പഠന സമരവും കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിന് നൽകിയിട്ടുള്ള സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. 
Image may contain: 10 people
കേരളത്തിലെ അശാസ്ത്രീയമായ റബ്ബർ കൃഷിയും അതുണ്ടാക്കുന്ന പ്രത്യാഗാതങ്ങളും എന്നതാണ് ലതയുടെ ഗവേഷണ വിഷയം. അശാസ്ത്രീയമായ റബ്ബർ കൃഷിയാണ് കേരളത്തിലെ ജലക്ഷാമത്തിനു മുഖ്യകാരണമെന്നു കാര്യ കാരണ സഹിതം ലത സമർത്ഥിച്ചിട്ടുണ്ട്. ജല സംരക്ഷണം മൗലികമായ പ്രശ്നങ്ങളിൽ ഒന്നായി കണ്ട്‌ നദികളും ജലാശയങ്ങളും സംരക്ഷിക്കുന്നതിനായി ലതയുടെ നേതൃത്വത്തിൽ റിവർ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകയുണ്ടായി. ആതിരപ്പള്ളിയെ സംരക്ഷിച്ച് നിർത്തുന്നതിനായുള്ള സമരങ്ങളിൽ ഡോ. ലതയുടെ പങ്ക് അനിർവ്വചനീയമാണ്. ആതിരപ്പള്ളി പദ്ധതിയെ കുറിച്ച് ലതയും സംഘവും നടത്തിയ ഗവേഷണങ്ങളാണ് ഇന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കരുത്ത് പകരുന്നത്. ലോകത്തിന്റെ പല ഭാഗത്തും ലത നടത്തിയ പഠനങ്ങൾ ചർച്ച ചെയ്യപ്പെടുകയുണ്ടായി.

ജനങ്ങൾ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലും, നീതിക്ക് വേണ്ടി നിലകൊള്ളുവാൻ അവർ തിരഞ്ഞെടുത്ത മാർഗ്ഗം ശാസ്ത്രീയ പഠനങ്ങൾ ആയിരുന്നു. ഇത്തരം പഠനങ്ങൾ നടത്തുക മാത്രമല്ല ഇത് ജനങ്ങളിലേക്ക് എത്തിക്കുവാനും അത്തരം വിഷയങ്ങളെ ജനങ്ങളെ ബോധവത്കരിക്കാനും ഡോ. ലത മറന്നില്ല. ശാസ്ത്രീയ പഠനങ്ങളും രാഷ്ട്രീയ പ്രവർത്തനമാണെന്ന് കേരളത്തിന് കാണിച്ച് കൊടുത്ത ജനകീയ ശാസ്ത്രജ്ഞ കൂടിയാണ് അവർ.

ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കിയേ തീരു എന്ന നിലപാടുമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുമ്പോൾ ഡോ . ലത പദ്ധതിയെ സംബന്ധിച്ച് മുൻപ്  ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങൾ ഇവിടെ പുനഃ പ്രസിദ്ധീകരിക്കുന്നു.

ഈ പുഴയെ ഞെക്കിക്കൊല്ലേണ്ടതാര്‍ക്ക്? ആതിരപ്പള്ളി പദ്ധതിയും പാരിസ്ഥിതികാഘാതവും

സാമൂഹിക പ്രത്യാഘാതങ്ങള്‍

ചാലക്കുടി നദീതടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ മാത്രമുള്ള ”കാടര്‍”എന്ന പ്രാക്തന ഗോത്രവിഭാഗത്തിലെ രണ്ട് ഊരുകള്‍ പദ്ധതിപ്രദേശത്തുണ്ട്. പദ്ധതി നടപ്പാക്കുന്നത് ഇവിടെ താമസിക്കുന്ന 300ഓളം ആദിവാസികളെ ബാധിക്കും. വനാവകാശനിയമപ്രകാരം ഇവരുടെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനാവില്ലെന്നിരിക്കെ ആദിവാസികള്‍ എതിര്‍ത്തിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നിയമവിരുദ്ധം കൂടിയാണ്.
Image may contain: 27 people, crowd
​ഒരു പുഴ പൂര്‍ണ്ണമായി ജലപാതങ്ങളിലൂടെ പതിക്കുന്നു എന്നതാണ് വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളെ മറ്റു ജലപാതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പിന്നീട് വാഴച്ചാലില്‍ ഒഴുകിയെത്തുന്ന ജലത്തില്‍ 78ശതമാനവും ടണല്‍ വഴി തിരിച്ചുകൊണ്ടുപോകുമെന്ന് പദ്ധതിരേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി വെള്ളം മാത്രമാണ് വെള്ളച്ചാട്ടങ്ങള്‍ക്കുണ്ടാകുക. ഇന്നു വേനല്‍ക്കാലങ്ങളിലൊഴുകുന്നതിന്റെ പകുതിയോളം വെള്ളം മാത്രമേ മഴക്കാലത്തുപോലുമുണ്ടാകൂ. ഇതോടെ ജലപാതങ്ങളുടെ സൗന്ദര്യം ഇല്ലാതാകുകയും മേഖലയിലെ വിനോദസഞ്ചാരവ്യവസായം തകരുകയും ചെയ്യും. അതിരപ്പിള്ളിക്കും ചാലക്കുടി ഉള്‍പ്പടെയുള്ള സമീപപ്രദേശങ്ങള്‍ക്കും സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുക.

പ്രധാനമായും സന്ധ്യയ്ക്കുശേഷമുള്ള സമയങ്ങളില്‍ മാത്രം മുഖ്യ പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നതിനാല്‍ രാത്രിയില്‍ കുറച്ച് സമയം മാത്രമാണ് പുഴയില്‍ സാമാന്യം നീരൊഴുക്കുണ്ടാകുക. മറ്റു സമയങ്ങളിലെ തുച്ഛമായ നീരൊഴുക്ക്(സെക്കന്റില്‍ 7650 ലിറ്റര്‍) കീഴ്‌നദീതടആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 20ലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ നനവെള്ളവും കുടിവെള്ളവും ഉറപ്പുവരുത്തുന്ന തുമ്പൂര്‍മുഴി ജലസേചനപദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി താളം തെറ്റും.
Image may contain: one or more people, crowd, tree and outdoor
അതിരപ്പിള്ളിപദ്ധതി നടപ്പാക്കിയാല്‍ അതിനുള്ള ജലലഭ്യതയ്ക്കായി നിലവില്‍ മഴക്കാലത്ത് പെരിങ്ങല്‍ക്കുത്തില്‍ നിന്നും ഇടമലയാറിലേക്ക് ജലം കൊണ്ടുപോകുന്ന ഇടമലയാര്‍ ഓഗ്‌മെന്റേഷന്‍ സ്‌കീം നിര്‍ത്തലാക്കുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇടമലയാറില്‍ സംഭരിക്കുന്ന വെള്ളം നിലവില്‍ പ്രധാനമായും വേനല്‍ക്കാലത്താണ് ഉപയോഗപ്പെടുത്തുന്നത്. പ്രതിവര്‍ഷം ശരാശരി 70ദശലക്ഷം യൂണിറ്റോളം അധികവൈദ്യുതി ഉല്പാദനത്തിനുപുറമെ പെരിയാറിലെ വേനല്‍ക്കാല ജലലഭ്യതയില്‍ 250-300ദശലക്ഷം ഘനമീറ്ററിന്റെ വര്‍ദ്ധനവും ഇടമലയാര്‍ ഓഗ്‌മെന്റേഷന്‍ സ്‌കീം വഴി ലഭ്യമാകുന്നുണ്ട്. അതിരപ്പിള്ളിക്കായി ഇത് നഷ്ടപ്പെടുത്തുകയാണ്.

വൈദ്യുതി ലഭ്യതയും വിലയും

163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സ്ഥാപിതശേഷിയുടെ 12ശതമാനത്തോളം മാത്രം വൈദ്യുതിയാണ് ലഭിക്കുക. പ്രതിവര്‍ഷം 170 മുതല്‍ 200 ദശലക്ഷം യൂണിറ്റുവരെ മാത്രം. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ആവശ്യകതയുടെ 0.8ശതമാനത്തോളം മാത്രമാണിത്.

2005ല്‍ 570കോടി രൂപയ്ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയുടെ ഇപ്പോഴത്തെ ചെലവ് 1500 കോടി രൂപയെങ്കിലും വരുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന പദ്ധതി ചെലവും തീരെ കുറഞ്ഞ വൈദ്യുതി ലഭ്യതയും കണക്കിലെടുക്കുമ്പോള്‍ ഇവിടെ നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് 15രൂപയെങ്കിലുമാകും. പാരിസ്ഥിതിക, സാമൂഹിക നഷ്ടങ്ങള്‍ കണക്കാക്കാതെയാണിത്. വൈദ്യുതി ബോര്‍ഡിന് വന്‍സാമ്പത്തിക ബാധ്യതയാണ് പദ്ധതി വരുത്തിവെക്കുക.
Image may contain: 13 people, people smiling, crowd and outdoor
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പിന് 30വര്‍ഷത്തെ ചരിത്രമുണ്ട്. ശക്തമായ നിരവധി പ്രക്ഷോഭങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. പദ്ധതിയെ സംബന്ധിച്ച് ഔദ്യോഗികമായി നടത്തിയ 5 തെളിവെടുപ്പുകളിലും 90ശതമാനത്തിലധികം ജനങ്ങള്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു. 2 തവണ ബഹു.കേരള ഹൈക്കോടതി പദ്ധതിയുടെ അനുമതി തടഞ്ഞിരുന്നു. മൂന്നാംവട്ടം പാരിസ്ഥിതികാനുമതി കാലഹരണപ്പെട്ടതിനാല്‍ മാത്രം കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നാലാമതു പദ്ധതി ബഹു.ഹൈക്കോടതിക്ക് മുന്നിലാണ്.


Loading...