15-08-2018

പോലീസ് നിഷ്ക്രിയരായി ബലറാമിന് നേരെ ചീമുട്ടയേറ് കൂറ്റനാട് സിപിഎം കോൺഗ്രസ് സംഘർഷം

Kerala | പാലക്കാട്


തൃത്താല എംഎല്‍എ വിടി ബല്‍റാമിനെതിരേയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കൂറ്റനാട് വന്‍സംഘര്‍ഷം. പോലീസ് നോക്കി നിൽക്കെയാണ് സിപിഎം പ്രവർത്തകർ ബലറാമിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.  എകെജിയെക്കുറിച്ചുള്ള ബല്‍റാമിന്റെ വിവാദ ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരെയുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഒരു സ്വകാര്യ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയ ബല്‍റാമിന് നേര്‍ക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. എംഎല്‍എക്കെതിരെ  പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പോലീസ് നിസംഗരായി നോക്കി നിൽക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ചീമുട്ടയേറിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും സപിഐഎമ്മുകാരെ നേരിടാന്‍ കോണ്‍ഗ്രസുകാരും സംഘടിക്കുകയും ചെയ്തത്.


Image may contain: sky and outdoor


ബല്‍റാമിന്റെ വിവാദ പരാമര്‍ശമുണ്ടായശേഷം തൃത്താലയിലെ ബല്‍റാമിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു കൂറ്റനാട്ട് നടന്നത്. കൂറ്റനാട് ബല്‍റാം പങ്കെടുക്കേണ്ട പൊതുപരിപാടി തുടങ്ങും മുന്‍പ് തന്നെ സിപിഐഎമ്മുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുകാരും സ്ഥലത്തുണ്ടായിരുന്നു. വേദിയിലേക്ക് ബല്‍റാമിന്റെ കാര്‍ എത്തുമ്പോഴേക്ക് സിപിഐഎമ്മുകാര്‍ കാറിന് നേര്‍ക്ക് പ്രതിഷേധമുയര്‍ത്തി എത്തുകയും ചീമുട്ടയെറിയുകയും ചെയ്തു. എംഎല്‍എയെ സംരക്ഷിക്കാൻ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്.


Image may contain: outdoor


ഇതിനിടെ കല്ലേറുണ്ടാവുകയും  പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ചെയ്തു. സംഘര്‍ഷത്തില്‍ പട്ടാമ്പി എസ്‌ഐ സൂരജ് അടക്കം ഏതാനും പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധം നടന്നെങ്കിലും പരിപാടിയില്‍ ബല്‍റാം പങ്കെടുത്തു. ബല്‍റാമിന് നേര്‍ക്ക് കൈയേറ്റശ്രമമുണ്ടായി.  ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സംഘം എംഎല്‍എയെ  മടക്കിയയച്ചു.

എകെജിയും സുശീല ഗോപാലനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വിടി ബല്‍റാം ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് ബല്‍റാമിനെതിരേ പ്രതിഷേധമുണ്ടായത്. ഇതിനിടെ, പ്രതിഷേധമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കുറച്ചുദിവസത്തേക്ക് പൊതുപരിപാടി ഒഴിവാക്കണമെന്ന് ബല്‍റാമിനോട് പൊലീസ് നിര്‍ദേശിച്ചിരുന്നു.


Loading...