21-06-2018

​പ്രതികളെ എ ഐ വൈ എഫ് സംരക്ഷിക്കുന്നു: ആത്മഹത്യ ചെയ്ത സുഗതന്റെ മകൻ

Kerala | പുനലൂർ:


കൊല്ലം പുനലൂരിൽ പ്രവാസി സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ എ.എെ.വെെ.എഫ് സംരക്ഷിക്കുകയാണെന്ന് മകൻ സുനിൽ ആരോപിച്ചു. പ്രതികളെ പൊലീസും എ.എെ.വെെ.എഫ് നേതാക്കളും ചേർന്ന് സംരക്ഷിക്കുകയാണെന്നും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുനിൽ പറഞ്ഞു. ''നീതി ലഭിക്കില്ലെന്ന് ഉറപ്പായി. ഇനി ആരോടും പരാതിപ്പെടാനില്ല''- സുനിൽ വ്യക്തമാക്കി.

സുഗതൻ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ മൂന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം സ്വീകരണം നൽകിയത് വിവാദമായിരുന്നു. പുനലൂർ ടൗണിൽ വച്ചാണ് എ.ഐ.വൈ.എഫ് നേതൃത്വം ഇവർക്ക് സ്വീകരണം ഒരുക്കിയത്. കേസിൽ അറസ്റ്റിലായ കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉൾപ്പെയുള്ളവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇവർക്ക് സ്വീകരണം നൽകിയതിന് പിന്നാലെയാണ് പൊലീസിനെതിരെയും എ.എെ.വെെ.എഫ് നേതൃത്വത്തിനെതിരെയും വിമർശനവുമായി മകൻ രംഗത്തെത്തിയത്.

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്താണ് പ്രവാസി സംരംഭകനായ സുഗതൻ ആത്മഹത്യ ചെയ്തത്. കൊല്ലം തിരുമംഗലം ദേശീയപാതയ്ക്കരികിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപം വർക്ക് ഷോപ്പ് നടത്താനായി സുഗതൻ പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിർമ്മിക്കുന്നതിനെതിരെയാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയത്.


Loading...