21-06-2018

​പുഴയിൽ കുളിക്കാൻ ഇറങ്ങിയതിന് വനംവകുപ്പ് വെടിവെച്ച ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

Kerala | പുൽപ്പള്ളി


കേരളത്തിൽ വീണ്ടും ആദിവാസി കൊലപാതകം. വയനാട് പുൽപ്പള്ളിയിലാണ് ആദിവാസി യുവാവ് വിനോദ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കന്നാരം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദിന് നേരെ കർണ്ണാടക വനപാലകർ വെടിയുതിർത്തിരുന്നു. തലനാരിഴയ്ക്കാണ് വിനോദ് രക്ഷപ്പെട്ടിരുന്നത്, തുടർന്ന് ഇന്നലെയാണ് വിനോദ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. 

ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ആയിരുന്നു കൂലിപ്പണി കഴിഞ്ഞു വന്ന വിനോദ് കന്നാരം പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിന് മുൻപ് പ്രാഥമിക കൃത്യത്തിനായി കുറ്റിക്കാട്ടിൽ ഇരിക്കുമ്പോഴായിരുന്നു കർണ്ണാടക വനപാലകർ വിനോദിന് നേരെ വെടിയുതിർത്തത്. 

വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വനപാലകർ കടന്നു കളഞ്ഞു. വനപാലകരെ ഭയന്ന് വിനോദും ഓടി രക്ഷാപ്പെടാൻ ശ്രമിച്ചു. അതിനിടയിൽ കോളനിക്കടുത്ത പാറയിൽ തട്ടി വീണ് വിനോദിന് പരിക്കേറ്റിരുന്നു. കേരള- കർണ്ണാടക അതിർത്തി പങ്കുവെച്ച് ഒഴുകുന്ന നദിയാണ് കന്നാരം പുഴ. വണ്ടിക്കടവ് ഊര് വാസികൾ  പ്രാഥമിക കൃത്യത്തിന് ആശ്രയിച്ച് വരുന്ന പുഴയാണ് ഇത്. 

സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുൽപ്പള്ളി പോലീസിൽ പരാതിയും നൽകിയിരുന്നു. വെടിവെയ്പ്പിൽ ഭയന്ന വിനോദ് കഴിഞ്ഞ ദിവസങ്ങളിൽ  പുറത്തിറങ്ങാതെ വീട്ടിനകത്ത് തന്നെ കഴിയുകയായിരുന്നു. ഇന്നലെയാണ് വിനോദിനെ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. അതേസമയം വനംവകുപ്പ് ഗാർഡിനെ സ്ഥലം മാറ്റിയതായാണ് വിവരം. വനത്തിൽ അതിക്രമിച്ച് കടക്കുവാൻ ശ്രമിച്ചതിനാണ് വെടിയുതിർത്തതെന്ന വാദമാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ ഈ മേഖലയിലൂടെ വനംവകുപ്പിൻറെ ഒത്താശയയോടെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കോളനിവാസികൾ സാക്ഷ്യപ്പെടുത്തുന്നു.  
നിരന്തരമായി തുടരുന്ന ആദിവാസി കൊലകൾ സൈനീകവത്കരണത്തെ ആണ് കാണിക്കുന്നതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


Loading...