21-06-2018

ചൈനയിൽ പുകമഞ്ഞ് രൂക്ഷം ; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

International | ചൈന


അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലിനീകരണം സംബന്ധിച്ച്‌ ചൈന നല്‍കുന്ന നാല് തലത്തിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളില്‍ രണ്ടാമത്തേതാണിത്. ബീജിംഗ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിംഗ് സെന്ററാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

മാര്‍ച്ച്‌ 12 മുതല്‍ 14 വരെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നഗരത്തെ വീര്‍പ്പുമുട്ടിക്കും വിധമുള്ള അന്തരീക്ഷ മലിനീകരണം മാര്‍ച്ച്‌ 14 വരെ തുടരുമെന്നാണറിയുന്നത്. പുകമഞ്ഞ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് തലസ്ഥാന നഗരമായ ബീജിംഗിനെ ഏറെ അലട്ടുന്നത്. അതുകൊണ്ടു തന്നെ പടക്കം പൊട്ടിക്കരുതെന്നും വിനോദയാത്രകള്‍ പരാമവധി ഒഴിവാക്കണമെന്നും പൗരന്മാര്‍ക്ക് ഭരണകൂടം പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊടി നിറഞ്ഞ നിര്‍മാണ പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

മാര്‍ച്ച്‌ 14 വരെ മാത്രമേ പ്രശ്നം കാണുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. അതിനു ശേഷം താപനില കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുകമഞ്ഞ് ഇല്ലാതാകുമെന്നാണു കരുതുന്നത്. കൂടാതെ വ്യാവസായിക ഉല്‍പാദനം കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് അധികൃതര്‍ തുടക്കമിട്ടിട്ടുണ്ട്.

2013 ലാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മുന്നറിയിപ്പിനായി നാല് തലത്തിലുള്ള കളര്‍ കോഡ് സംവിധാനം ചൈന തയ്യാറാക്കിയത്. മൂന്ന് ദിവസത്തിലേറെ തുടര്‍ച്ചയായി പുകമഞ്ഞുണ്ടായാല്‍ നല്‍കുന്ന റെഡ് അലേര്‍ട്ട് ആണ് ഇതില്‍ ഏറ്റവും ഉയര്‍ന്നത്. മൂന്നു ദിവസം വരെ പുകമഞ്ഞ് നിലനില്‍ക്കുമ്ബോഴാണ് ഓറഞ്ച് അലേര്‍ട്ട്. രണ്ടു ദിവസമാണെങ്കില്‍ യെല്ലോ അലേര്‍ട്ടും ഒരു ദിവസമാണെങ്കില്‍ ബ്ലൂ അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുക.


Loading...