21-06-2018

​ഭരണഘടനാ ഭേദഗതി ഇന്ന്; ചൈന സമ്പൂർണ്ണ ഏകാധിപത്യത്തിലേക്ക്

International | ബീജിംഗ്


ചൈനയിൽ പ്രസിഡന്റ് സ്ഥാനം ഒരാള്‍ക്കു രണ്ടുതവണ എന്ന നിബന്ധന ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യുന്ന ഭേദഗതി ഇന്നു പാര്‍ലമെന്റ് അംഗീകരിക്കാനിരിക്കുകയാണ്. രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ചിന്‍പിങ്ങിന് ഇതോടെ ആജീവനാന്തം ഭരണം നടത്താം. പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാര്‍ട്ടി തലവന്‍, സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നു മൂന്നു പദവികളും ചിന്‍പിങാണ്‌ ഇപ്പോൾ വഹിക്കുന്നത്.

രണ്ടാം തവണയും അധികാരത്തിൽ എത്തിയിരിക്കുന്ന ചിന്‍പിങ്ങിന്റെ കാലാവധി 2023 ലാണ് അവസാനിക്കുക. തന്റെ എതിരാളികളായി വരാൻ സാധ്യതയുള്ള മുഴുവൻ നേതാക്കളെ ചിൻപിങ് അഴിമതിക്കെതിരായ യുദ്ധത്തിന്റെ മറവിൽ കഴിഞ്ഞ വർഷങ്ങളിൽ ജയിലിൽ അടച്ചിരുന്നു. ചിന്‍പിങ്ങിന്റെ പിന്‍ഗാമിയാകുമെന്നു പോലും കരുതപ്പെട്ടിരുന്ന ബോസിലായി  2013ല്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടപ്പോള്‍ അത് ചിന്‍പിങ്ങിന്റെ കരുനീക്കമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചിന്‍പിങ് അഴിമതിക്കേസില്‍ ശിക്ഷിച്ചതു 100 മന്ത്രിമാരെയാണ്. ഷി ചിന്‍പിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്തിനു ശേഷം തുടങ്ങിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് അഴിമതി ആരോപിക്കപ്പെട്ടവർ ജയിലിൽ അടക്കപ്പെട്ടത്. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ അഴിമതി കേസില്‍ പ്രതികളായി. ഇവര്‍ക്ക് ശിക്ഷയും നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചൈനയിലെ കോടതികളില്‍ 1.95 ലക്ഷം അഴിമതി കേസുകള്‍ പരിഗണിച്ചു. ഇതില്‍ 2.63 ലക്ഷം പേരെ കുറ്റക്കാരായി കണ്ടെത്തി. ഇതില്‍ 101 പേരാണു പ്രാദേശിക, ദേശീയ ഭരണകൂടങ്ങളിലെ മന്ത്രിമാര്‍. ചൈനീസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സു കിയാങ് പാര്‍ലമെന്റിനു (നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കൈക്കൂലി വാഗ്ദാനം ചെയ്തതിനു 13,000 പേരെ ശിക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോ(പിബി)യിലെ നാല് അംഗങ്ങള്‍, പട്ടാളത്തിലെ 100 ജനറല്‍മാര്‍ എന്നിവരും ശിക്ഷിക്കപ്പെട്ടിരുന്നു. അധികാരങ്ങളേയോ സ്ഥാനങ്ങളേയോ നോക്കാതെയുള്ള നടപടിയായിരുന്നു ഇത്.


Loading...