21-06-2018

​മുസ്ലിങ്ങളെ ആക്രമിക്കുന്നവർക്ക് പ്രതിഫലവുമായി ബ്രിട്ടീഷ് വലതുപക്ഷം

International | ലണ്ടന്‍:


 മുസ്‌ലിങ്ങളെ അക്രമിക്കാന്‍ ആഹ്വാനം ചെയ്ത് യു.കെയില്‍  സന്ദേശം പ്രചരിക്കുന്നു. ഏപ്രില്‍ മൂന്ന് മുസ്‌ലിം ശിക്ഷാ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നോട്ടിസ് നിരവധിയാളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റല്‍ വഴിയാണ് നോട്ടിസ് ലഭിച്ചിട്ടുള്ളത്. അടുത്തകാലത്തായി യൂറോപ്പിലാകമാനം ശക്തി പ്രാപിച്ചു വരുന്ന തീവ്ര വലതുപക്ഷ ശക്തികളാണ് ഇതിനുപിന്നിൽ എന്നാണ് സംശയിക്കപ്പെടുന്നത്. 

‘ അവര്‍ നിങ്ങളെ ഉപദ്രവിച്ചു. അവര്‍ നിങ്ങള്‍ സ്‌നേഹിക്കുന്നവരെ വിഷമത്തിലാക്കി. നിങ്ങളുടെ വേദനക്കും ഹൃദയവേദനക്കും അവര്‍ കാരണക്കാരായി. നിങ്ങള്‍ ഇതിനൊക്കെ എന്താണ് ചെയ്യാന്‍ പോവുന്നത്’- ഇതാണ് നോട്ടിസിന്റെ ഉള്ളടക്കം.

മുസ്‌ലിങ്ങളെ അക്രമിക്കുന്നവര്‍ക്ക് പ്രതിഫലവും നോട്ടിസില്‍ വാഗ്ദാനം ചെയ്യുന്നു. മുസ്‌ലിങ്ങളെ തെറിവിളിക്കുന്നവര്‍ക്ക് പത്തു പോയന്റ്. അവരുടെ മുഖത്തേക്ക് ആസിഡ് എറിയുന്നവര്ക്ക് 50 പോയന്റ്. പള്ളികള്‍ക്ക് നേരെ ബോംബിടുന്നവര്‍ക്ക് 1000 പോയന്റും ഇത് മക്കയിലാണെങ്കില്‍ 2,500 പോയന്റുമാണ് വാഗ്ദാനം. അല്‍ജസീറയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

25ലക്ഷത്തിലേറെ മുസ് ലിങ്ങളാണ് ബ്രിട്ടനില്‍ താമസിക്കുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ മതമാണ് ഇസ്‌ലാം.

യു.കെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.


Loading...