26-02-2018

സൗജന്യ ഫോൺ പ്രഖ്യാപനവുമായി റിലയൻസ്

Tech | മുംബൈ


ടെലികോം മേഖലയെ ഞെട്ടിച്ച് അംബാനിയുടെ പ്രഖ്യാപനം. രാജ്യത്തെ എല്ലാവർക്കും സൗജന്യമായി ഫീച്ചർ ഫോൺ നൽകുമെന്ന് അറിയിച്ചു. എന്നാൽ 1500 രൂപ തിരിച്ചുലഭിക്കുന്ന തുകയായി നൽകേണ്ടിവരും. റിലയൻസ് ഇൻഡസ്ട്രീസിന്റെ നാൽപതാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മൊബൈൽ വിപണിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ഇത് ആദ്യമായാണ് ഒരു മൊബൈൽ കമ്പനി ഫീച്ചർ ഫോൺ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നത്. ജിയോ ഫോൺ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് 153 രൂപ മാസം റീചാർജ് ചെയാതൽ അൺലിമിറ്റഡ് ഡേറ്റ, വോയ്സ് കോളുകൾ ലഭിക്കും.

ഓഗസ്റ്റ് 24 മുതൽ ജിയോ ഫോൺ പ്രീ-ബുക്കിങ് ആരംഭിക്കും. ആദ്യം ബുക്കുചെയ്യുന്നവർക്ക് ആദ്യമെന്ന തരത്തിലാകും ഫോൺ ലഭ്യമാകുക. ഈ വർഷം സെപ്റ്റംബർ മുതൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കും. പത്ത് മാസത്തിനിടെ ജിയോ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ഓരോ സെക്കൻഡിലും ഏഴു പുതിയ വരിക്കാർ ജിയോയുടെ ഭാഗമാകുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, സ്കൈപ്പ് എന്നീ സേവനങ്ങളെ മറികടക്കുന്നതാണ് ജിയോയുടെ പുതിയ നേട്ടമെന്നും മുകേഷ് അംബാനി പറഞ്ഞു

നിലവിൽ ജിയോ വരിക്കാർ 12.5 കോടിയാണ്. ഓരോ ദിവസവും 250 കോടി മിനുറ്റ്സ് വോയ്സ്, വിഡിയോ കോളുകൾ ജിയോ വഴി നടക്കുന്നുണ്ട്. ആറു മാസം രാജ്യത്തെ ഡേറ്റാ ഉപയോഗം കേവലം 20 കോടി ജിബിയായിരുന്നു. ഇപ്പോൾ ഇത് 120 കോടി ജിബി ആയി ഉയർന്നു. മൊബൈൽ ഡേറ്റാ ഉപയോഗത്തിൽ ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചത് ജിയോയാണ്. 
അതേസമയം, സൗജന്യ സേവനം ഉപയോഗിച്ചിരുന്നവരെല്ലാം ജിയോയുടെ പണം നൽകിയുള്ള വിവിധ പാക്കേജുകൾ സ്വീകരിച്ചു. ഇത് ചരിത്ര നേട്ടമാണ്. നിലവിൽ പത്ത് കോടി വരിക്കാർ പണം നൽകി സേവനം ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ 99 ശതമാനം ജനങ്ങളെയും ജിയോ കവർ ചെയ്യും. നിവിൽ 2ജി നെറ്റ്‌വർക്ക് കവറേജിനേക്കാൾ മുകളിലാണ് ജിയോ 4ജി എന്നും അംബാനി പറഞ്ഞു. രാജ്യത്ത് ആകെ 78 കോടി ഫോൺ ഉപയോക്താക്കൾ ഉണ്ട്. ഇതിൽ 50 കോടി പേരും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് ജിയോഫോൺ അവതരിപ്പിക്കുന്നത്. വോയ്സ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ജിയോഫോൺ. 4ജി സേവനം ലഭ്യമായ ഹാൻഡ്സെറ്റിൽ ജിയോയുടെ എല്ലാ സേവനങ്ങളും ഫ്രീയായി ഉപയോഗിക്കാം.

അതിനിടെ രാജ്യത്തെ ടെലികോം കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. എയർടെൽ, ഐഡിയ, വോഡഫോൺ, ആർകോം കമ്പനികളുടെ ഓഹരികളാണ് കുത്തനെ ഇടിഞ്ഞത്. ബിഎസ്ഇ ടെലികോം മേഖല 0.91 ശതമാനം താഴോട്ടു പോയി. ഐഡിയ 6.64 ശതമാനവും ഭാരതി എയർടെൽ 3.16 ശതമാനവും താഴോട്ടു പോയി. ആർകോമിന്റെ ഓഹരി നഷ്ടം 1.6 ശതമാനമാണ്.  മുകേഷ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്ന മണിക്കൂറുകൾക്കം കോടികളുടെ നഷ്ടമാണ് വിവിധ കമ്പനികൾക്കുണ്ടായത്.


Loading...