26-02-2018

​വയലപ്ര കായൽ നിയമലംഘനങ്ങളുടെ സർക്കാർ പതിപ്പ്

Cover Story | കണ്ണൂർ


കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ചെറുതാഴം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കായലാണ് വയലപ്ര. കണ്ടൽ കാടുകളും മനോഹരമായ തടാകവും ഈ പ്രദേശത്തേക്ക് ജനങ്ങളെ ആകർഷിക്കുന്നതാണ്. പെരുമ്പ പുഴ ഒഴുകിയെത്തുന്ന വയലപ്ര കായൽ പുഴയുടെ ഒരു ഇടത്താവളമാണെന്നു പറയാം . ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിഞ്ഞ വര്ഷം മുതൽ വിപ്ര എന്ന പേരിൽ ഡി ടി പി സി വാടകയ്ക്ക് കൊടുത്ത കായലിനു മുകളിൽ പണിതിരിക്കുന്ന ഒരു പാർക്കും ആ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

Inline images 3Inline images 2
വിപ്ര പാർക്കിന്റെ പ്രവർത്തനത്തിൽ വലിയ നിയമ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് ന്യൂസ് പോർട്ട് ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്. 2016  ജൂൺ 5 സ്ഥലം എം എൽ എ കൂടിയായ ടിവി രാജേഷ് ആണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. പാർക്കിന്റെ ഉടമസ്ഥത ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ്. ഡി ടി പി സി ഈ പാർക്ക് വിപ്ര എന്ന പേരിൽ ഒരു കമ്പനിക്ക് അഞ്ചു വർഷ പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. നിലവിൽ  പാർക്കിന്റെ നടത്തിപ്പ് വിപ്ര ഫ്‌ളോട്ടിങ് പാർക്ക് മാനേജ്‌മെന്റിനാണ്.

ഒരു കായലിൽ എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ട് ഒരു സർക്കാർ സ്ഥാപനം തന്നെ നിർമ്മാണ പ്രവർത്തികൾ നടത്തിയിരിക്കുന്ന കാഴ്ച്ചയാണ് ചെറുതാഴം പഞ്ചായത്ത് പരിധിയിലെ വയലപ്ര കായൽ കൈയ്യേറ്റത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. കായലിന്റെ ഉള്ളിൽ റസ്റ്റോറന്റും ഫുഡ് കോർട്ടുകളും അടക്കം പ്രവർത്തിക്കുന്നുണ്ട് അവിടെ നിന്നും ഉള്ള മാലിന്യങ്ങൾ കായലിനു സമീപം ഉള്ള കണ്ടൽ കാടുകൾക്ക് നടുവിൽ വച്ചാണ് കത്തിച്ച് കളയുന്നത്. 

കായലിന്റെ എല്ലാ സ്വാഭാവികമായ പ്രകൃതിക്കും കോട്ടം തട്ടുന്ന രീതിയിലാണ് പാർക്കിന്റെ നിർമ്മാണം മുതൽ പദ്ധതി നടന്നു വരുന്നത്.  കണ്ടൽക്കാടുകളും  മീനുകളുടെ പ്രജനന കേന്ദ്രങ്ങളും നിറഞ്ഞു നിന്നിരുന്ന പ്രദേശമായിരുന്നു കായലോരമെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പാർക്കിന്റെ വരവോടുകൂടി പാർക്ക് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ മീനുകളെ കാണാതായതായും അവർ പറയുന്നു. പാർക്കിലേക്ക് കായൽക്കരയിലൂടെയുള്ള റോഡ് വഴിയാണ് എത്തി ചേരേണ്ടത് . റോഡ് നിർമ്മാണത്തിനും പാർക്ക് നിർമ്മാണത്തത്തിനുമായി കണ്ടൽ കാടുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്.

കേരള നിയമസഭാ  2006 ൽ നിർമ്മിച്ച തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം തണ്ണീര്ത്തടങ്ങളുടെ സംരക്ഷണ ചുമതല അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൂടിയാണ്. 2013 ആഗസ്ത് മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജലസ്രോതസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ്  നൽകിയ സർക്കുലർ വ്യക്തമാക്കിയിരിക്കുന്നത് പുഴകൾ ഉൾപ്പെടെ ഉള്ള ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. അത്തരം പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് അനുമതി വാങ്ങിക്കുകയും നിർമ്മാണം ശാസ്ത്രീയവും പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ അതിസൂഷ്മവുമായിരിക്കേണം എന്ന് സർക്കുലർ പ്രത്യേകം നിർദ്ദേശിച്ചിരിക്കുന്നു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളും കൈക്കൊള്ളേണ്ടതാണെന്ന് സർക്കുലർ പറഞ്ഞു വെക്കുന്നുണ്ട്.
Inline images 4
എന്നാൽ 2016 ൽ  പാർക്ക് നിർമ്മാണം  ആരംഭിക്കുന്ന കാലത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട് ഡി  ടി പി സിക്ക് നൽകിയ വിവരാവകാശ അപേക്ഷയിൽ  പരിസ്ഥിതി പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്ന മറുപടിയിൽ  പറയുന്നത് ഡി ടി പി സി യുടെ ചെയർമാൻ കൂടിയായ ജില്ലാ കലക്ടറ്റ്ർ അനുമതി കൊടുത്തതിൻ പ്രകാരമാണ് കായലിൽ നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നത് എന്നാണു. C R Z  ന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്  കായലിൽ പ്രകൃതി സൗഹൃദമായ പാലങ്ങൾ മാത്രമാണ് നിർമ്മിച്ചിരിക്കുന്നത് എന്നും പറഞ്ഞിരിക്കുന്നു. ചെറുതാഴം പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നും മറുപടി നൽകിയിട്ടുണ്ടെങ്കിലും ഈ പറഞ്ഞ അനുമതി പത്രങ്ങളുടെ പകർപ്പ് തരാൻ ഡി ടി പി സി തയ്യാറായിട്ടില്ല.

കായലിനു മുകളിൽ പാർക്ക് നിർമ്മിക്കുന്നതിന് പൈലിംഗ് നടത്തിയാണ് തെങ്ങിന്റെ കുറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. കായൽ പ്രദേശം നിർമ്മാണ പ്രവർത്തന നിരോധിത മേഖലയാണ്.സംരക്ഷിത മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേകാനുമതി ആവശ്യമാണ്. പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം അതീവ പാരിസ്ഥിതിക പ്രാധാന്യം അർഹിക്കുന്ന മേഖല കൂടിയാണ്. ഈ പാർക്കുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങൾ പാർക്കിനു ആവശ്യമായ നിർമ്മാണ അനുമതി, പാരിസ്ഥിതികാനുമതി തുടങ്ങിയ നിയമപരമായ ഒരു അനുമതിയും നേടിയിട്ടില്ല എന്നാണു മനസ്സിലാക്കേണ്ടത്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും ഡിടിപിസി അനുമതി പത്രങ്ങളുടെ പകർപ്പ് തരാൻ തയ്യാറായില്ല എന്നത് R T I ആക്ടിന്റെ ലംഘനം മാത്രമല്ല, അത്തരം രേഖകൾ ഇല്ലാ എന്നുള്ളതിന്റെ സാഷ്യപ്പെടുത്തൽ കൂടിയാണ്.
Inline images 6
ജില്ലാഭരണകൂടവും ചെറുതാഴം പഞ്ചായത്തും ഡി ടി പി സി യും വയലപ്ര കായൽ പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്. ദിവസവും 500-1000 നും ഇടയിൽ ആൾക്കാർ എത്താറുള്ള പാർക്കിൽ നടത്തിപ്പുകാരന് ഒരു വർഷത്തേക്ക് 55000 രൂപ മാത്രമാണ് വാടകയിനത്തിൽ ഡിടിപിസി ഈടാക്കിയിരിക്കുന്നത്. ഇത്രയും കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നതും സംശയാസ്പദമാണ്. ഇത്തരത്തിൽ വലിയ നിയമ ലംഘനങ്ങൾ നടത്തുകയും, തുച്ഛമായ തുകയ്ക്ക് പാർക്ക് ലീസിനു നൽകുകയും ചെയ്തിരിക്കുന്നത് വലിയ ദുരൂഹതകൾ ഉണ്ടാക്കുന്നുണ്ട്. ആരെ സഹായിക്കാനാണ് ഇത്തരത്തിൽ ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ വഴിവിട്ട പ്രവർത്തികൾക്ക് നേതൃത്വം നൽകിയിരിക്കുന്നത് എന്നുള്ളത് വരും ദിവസങ്ങളിൽ പുറത്ത് വരേണ്ടതാണ്.

2016 ൽ തന്നെ കായലിൽ യന്ത്ര വത്‌കൃത ബോട്ടുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതാഴം പഞ്ചായത്തിന് നൽകിയ വിവരാവകാശ അപേക്ഷയിൽ കിട്ടിയ മറുപടികൾ കായൽ സംരക്ഷണത്തിൽ പഞ്ചായത്തിന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട് എന്നാണു കാണിക്കുന്നത്. അപൂർവ്വയിനം മത്സ്യങ്ങളുടെയും കായലോര സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ കായലിൽ പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിച്ച് ബോട്ടുകളും മറ്റും പ്രവർത്തിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പരാമ്പരാഗത യാത്രാ മാര്ഗങ്ങള് മാത്രം ഉപയോഗിച്ച് തദ്ദേശവാസികൾ ഉപയോഗിച്ച് വരുന്ന കായലിലാണ് ദിവസവും പലതവണ യന്ത്ര വൽകൃത ബോട്ട് യാത്രകൾ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ കായലിൽ ബോട്ട് ഓടിക്കുന്നതിന് പ്രത്യേകാനുമതി ആവശ്യമാണ്. എന്നാൽ പഞ്ചായത്തിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം ബോട്ട് ഓടിക്കുന്നതിനു ആരും തന്നെ അനുമതി നൽകിയതായി അറിയില്ല.തടാകത്തിലെ ടൂറിസം പരിപാടികളുടെ  നിയന്ത്രണം ഏതു വകുപ്പിനാണെന്നോ ,ആരാണ് ബോട്ടിംഗിന്‌ അനുമതി നൽകിയത് എന്നോ പഞ്ചായത്തിനറിയില്ല. ചുരുക്കത്തിൽ കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വിഷയവും പഞ്ചായത്തിനറിയില്ല. എന്നാൽ ഗവൺമെന്റ് നിയമങ്ങളെല്ലാം തന്നെ നീർത്തട സംരക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും പറയുന്നു. 
Inline images 5
ലോക പരിസ്ഥിതി ദിനത്തിൽ പ്രവർത്തനം ആരംഭിച്ച കായൽ ടൂറിസം പദ്ധതി ഇന്ന് പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കായലിൽ നിലവിൽ വിപ്രോയുടെ വക ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണെണ്ണയും ഡീസലും ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രവൽകൃത ബോട്ടുകൾ കായലിൽ, തണ്ണീർ തടങ്ങളിൽ ഉപയോഗിക്കുന്നതിനു തീരദേശ പരിപാലന നിയമം തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ  പ്രകാരം പ്രത്യേക അനുവാദം വാങ്ങിക്കേണ്ടതായുണ്ട്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ പ്രകാരം സ്ഥാപനങ്ങൾക്ക് അത്തരത്തിൽ ഒരു അനുമതി നൽകിയതായി അറിയില്ല. സി ആർ സെഡ് നിയമങ്ങളുടെ ലംഘനമാണ് അവിടെ നടന്നിട്ടുള്ളത്.

കേരള ഗവണ്മെന്റ് വലിയ അഭിമാനത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്ന ഹരിത കേരളം പദ്ധതി അതിന്റെ ലക്ഷ്യമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു. '' ജലം പാഴായി പോകാതെ സംരക്ഷിക്കുക, ഉപയോഗം വിവേകത്തോടെ നടത്തുക, കിണറുകൾ, കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ പരിശുദ്ധമായി പരിരക്ഷിക്കുക, പുനരുപയോഗം സാധ്യമാക്കുക, കൃഷിക്ക് സഹായകമായ ജലവിനിയോഗം നടത്തുക എന്നതാണ് ലക്ഷ്യങ്ങൾ ''.  ഹരിത കേരളം പദ്ധതിയെ അടിയോടെ തുരങ്കം വയ്ക്കുകയാണ് പരിശുദ്ധമായി സംരക്ഷിക്കപ്പെടേണ്ടുന്ന വയലപ്ര കായലിനു മുകളിൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും കായലിനു കുറുകെ പാലം പണിയുകയും ചെയ്തുകൊണ്ട് ഡിടിപിസി ചെയ്തിരിക്കുന്നത്.

കായലിനു മുകളിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിൽ  നിലവിലുള്ള നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ട് എന്നാണു ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നിയമം നിർമ്മിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടുന്ന സർക്കാർ സംവിധാനങ്ങൾ തന്നെ നിയമ ലംഘനം നടത്തിയിരിക്കുകയാണ്  ഇവിടെ . കായലിനെ സംരക്ഷിക്കാൻ വരും ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങൾ ഈ വിഷയത്തിൽ ഇടപെടും എന്ന് പ്രതീക്ഷിക്കാം.


Loading...