21-06-2018

​കേരളത്തിലും സാൽവാജൂധം മോഡൽ സേന , നിയമ സഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി

Investigation | തിരുവനന്തപുരം


കേരളത്തിലും സാൽവാജൂധം മോഡൽ സേന , നിയമ സഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യാ മാവോയിസ്റ്റിന്റെ വർദ്ധിച്ചു വരുന്ന പ്രവർത്തനങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി പ്രദേശത്തെ ആദിവാസി യുവാക്കളെ ഉൾപ്പെടുത്തി പ്രത്യേക സേന രൂപീകരിച്ചതായി മറുപടി നൽകിയത്. 

കെഎം ഷാജി , മഞ്ഞലാംകുഴി അലി, എൻ എ നെല്ലിക്കുന്ന് ,എം ഷംസുദ്ദീൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ഇടതു തീവ്രവാദം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മാവോയിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ ആദിവാസി മേഖലകളിൽ ശക്തമാകുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിലെ ഇടതു തീവ്രവാദ പ്രവർത്തനം ഫലപ്രദമായി നേരിടുന്നതിനും നിരീക്ഷിക്കുന്നതിനും മുഖ്യമന്ത്രി ചെയർമാനായി യൂണിഫൈഡ് കമാന്റ് രൂപീകരിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണി ഫലപ്രദമായി നേരിടുന്നതിനായി സിവിൽ പൊലീസിലേക്ക് പ്രത്യേക നിയമനത്തിലെ 75 ആദിവാസി യുവാക്കളെ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മുഖേന നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും, മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പുനരധിവാസ കീഴടങ്ങൽ പദ്ധതിയും ആസൂത്രണം ചെയ്തു വരുന്നു. കൂടാതെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ പോലീസുകാർക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു. ട്രൈബൽ കോളനികളിൽ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണവും നടത്തി വരുന്നതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു . മലപ്പുറം,പാലക്കാട്, വയനാട് കോഴിക്കോട് കണ്ണൂർ എന്നെ ജില്ലകളെ കേന്ദ്രസർക്കാരിന്റെ എസ് ആർ ഇ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മാവോയിസ്റ്റ് പാർട്ടിക്ക് സ്വാധീനം ഉള്ള മധ്യേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രദേശത്തെ യുവാക്കളെ ഉൾപ്പെടുത്തി ഛത്തീസ്‌ഗഡഡ് തുടങ്ങിയ പ്രദേശങ്ങളിൽ രൂപീകരിച്ച സാൽവാജൂധം ഭീകര ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. നിരവധി ആദിവാസികളെ കൊലപ്പെടുത്തുകയും കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് സുപ്രീംകോടതി സാൽവാജൂധം നിരോധിക്കുകയായിരുന്നു. 

നിലമ്പൂർ വ്യാജഏറ്റുമുട്ടൽ നടന്ന സമയത്ത് ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ആദിവാസി ജനതയ്‌ക്കെതിരെ ആദിവാസി യുവാക്കളെ തന്നെ പ്രത്യേക സേനയിലേക്ക് നിയമനം നടത്തിക്കൊണ്ടു സാൽവാജൂധം മോഡൽ പിന്തുടരുകയാണ് കേരള സർക്കാർ . 


Loading...