15-08-2018

​ബാങ്ക് മാനേജർക്ക് കൈക്കൂലി നൽകിയില്ല; മുദ്രാ ലോൺ നിഷേധിച്ച യുവതി കടക്കെണിയിൽ ആത്മഹത്യയുടെ വക്കിൽ

Investigation | കോഴിക്കോട്


കേന്ദ്ര സർക്കാർ കൊട്ടി ഘോഷിച്ചു എഴുന്നള്ളിച്ച് മുദ്ര സ്വയം തൊഴിൽ ലോണിനു അപേക്ഷിച്ച യുവതി, ബാങ്ക് ലോൺ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രോജക്ടിന്റെ പ്രാഥമീക ആവശ്യങ്ങൾക്കായി വാങ്ങിയ കടം തിരിച്ച്‌ കൊടുക്കാൻ സാധിക്കാതെ ആത്മഹത്യയുടെ വക്കിൽ. കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിൽ അമ്മു നിവാസിൽ താമസിക്കുന്ന ലിധിനയ്ക്കാണ് ബാങ്കിന്റെ മാനേജർ ആവശ്യപ്പെട്ട തുക കൈക്കൂലി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ലോൺ നിഷേധിച്ചിരിക്കുന്നത്. 

കേന്ദ്ര സർക്കാരിന്റെ PMEGP പദ്ധതി പ്രകാരം ചപ്പാത്തി മേക്കിങ് യൂണിറ്റ് തുടങ്ങാൻ കോഴിക്കോട് വ്യവസായ കേന്ദ്രം മുഖേനെ പത്ത് ലക്ഷം രൂപ ലിധിനയ്ക്ക് പാസ്സായിട്ടുണ്ട് . അതിനു ആവശ്യമായ പ്രോജക്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലിധിന ബ്ലേഡുകാരിൽ നിന്നും മൂന്നു ലക്ഷം രൂപ കടം വാങ്ങിയാണ് നിർമ്മിച്ചത്. ചപ്പാത്തി നിർമ്മാണ യൂണിറ്റിന്റെ റൂം , വൈദ്യുതി , വെള്ളം , തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുന്നതിനാണ് മൂന്നു ലക്ഷം രൂപ വിനിയോഗിച്ചത്. 


പ്രോജക്ടിനായി പാസ്സായ തുക ബാങ്ക് മുഖേന ലഭ്യമാക്കുന്നതിന് അടിവാരത്ത് ഉള്ള കാനറാ ബാങ്ക് മുഖേനയാണ് ലിധിന ഇടപാടുകൾ നടത്തിയിരുന്നത്.ലോൺ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും മാനേജർ ആവശ്യപ്പെട്ടത് പ്രകാരം ലിധിന ബാങ്കിൽ സമർപ്പിച്ചിരുന്നു. എന്നാൽ സ്വയം തൊഴിലിനു നിശ്ചിത ശതമാനം തുക ഈ പദ്ധതി പ്രകാരം സബ്സിഡിയായി ലഭിക്കും. സബ്സിഡിയായി ലഭിക്കുന്ന തുകയിൽ നിന്നും ഒരു ലക്ഷം രൂപ ബാങ്ക് മാനേജർ ഇടനിലക്കാരൻ മുഖേന ലിധിനയോട് ആവശ്യപ്പെട്ടിരുന്നു. അത് നൽകാൻ തയ്യാറാകാതിരുന്ന ലിധിനയ്ക്ക് ഇപ്പോൾ ലോൺ അനുവദിക്കാൻ സാധിക്കില്ല എന്നാണു അടിവാരത്തെ കാനറാ ബാങ്കിന്റെ നിലപാട്. 


നിയമപരമായി സർക്കാർ സ്ഥാപനമായ വ്യവസായ കേന്ദ്രം അനുവദിച്ച ലോൺ അപേക്ഷ ലഭിച്ചു പതിനഞ്ചു ദിവസത്തിനകം ഉപഭോക്താവിന് ബാങ്ക് ലഭ്യമാക്കേണ്ടതാണ് എന്നാണു അറിയുന്നത്. എന്നാൽ ലിധിന അപേക്ഷയും മറ്റും നൽകി രണ്ടു മാസം കഴിഞ്ഞിട്ടും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ തന്നെ ലോൺ ബാങ്ക് തഴഞ്ഞിരിക്കുകയാണ്. ലിധിനയ്ക്കു ലോൺ നിഷേധിക്കുന്ന ബാങ്കിനും കൈക്കൂലി ചോദിച്ച ബാങ്ക് മാനേജർക്കും എതിരെ പൊതുജനാഭിപ്രായം ശക്തമായി വരികയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ സംഘടനകൾ വ്യക്തികൾ ലിധിനയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...