25-04-2018

​ദുരിതം പേറി കുട്ടമ്പുഴ ആദിവാസി ഊര് വീട് ഇല്ലാത്തവർക്ക് വൈദ്യുതി എത്തിച്ചിട്ട് എന്ത് കാര്യം?

Cover Story | കൊച്ചി


എറണാകുളത്തെ ഏക ആദിവാസി ഊരായ കുട്ടംപുഴയിലെ ജീവിതം ദയനീയമാണ് . പത്തുവർഷം മുൻപ് വാര്യത്തുനിന്നും കുട്ടംപുഴയിലേക്ക് സർക്കാർ മാറ്റി താമസിപ്പിച്ച അറുപത്തിയേഴ്‌  കുടുംബങ്ങളാണ് ഇവിടെയുള്ളത് . പതിനഞ്ചും ഇരുപതും ഏക്കർ ഭുമിയുണ്ടായിരുന്നവർ തങ്ങളുടെ ഭൂമി സർക്കാരിന് നൽകി പകരം രണ്ടേക്കർ എന്ന സെറ്റിൽമെന്റിലൂടെ  കുട്ടംപുഴയിലെത്തുമ്പോൾ വലിയൊരു ദുരന്ത ജീവിതത്തിലേക്കാണ് വരുന്നത് എന്ന് അറിഞ്ഞിരുന്നില്ല. മന്നാൻ, മുതുവാൻ ഗോത്രങ്ങളിൽ പെട്ടവരാണ് ഇവിടെ ഉള്ളത്.

Image may contain: house, tree, outdoor and nature

പത്തുവർഷമായി ഇവിടെ വന്നിട്ടും ഭൂമിയുടെ കൈവശാവകാശ രേഖകളൊന്നും ഇതുവരെയും ആർക്കും സർക്കാർ നൽകിയിട്ടില്ല  .എല്ലാകുടുബങ്ങൾക്കും വീടുവെക്കാൻ അനുമതിക്കായി തിരുവനന്തപുരത്ത്  പോയി റവന്യൂ മന്ത്രിയെ സമീപിച്ചപ്പോൾ പെട്ടന്നു തന്നെ നടപെടികൾ ചെയ്യാം എന്ന് പറഞ്ഞതിനു പിന്നാലെ പതിനഞ്ചു സെന്റ് ഭൂമിയിലെ പാഴ്മരങ്ങൾ  മുറിക്കാൻ അനുമതിക്കായി ഉദ്യോഗസ്ഥർ സ്ഥലം അളന്നു പോയിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. കൃഷിയാണ് ഉപജീവനമാർഗമെങ്കിലും നിലവിലെ ഭൂമിയിലെ പാഴ്മരങ്ങൾ  മുറിക്കാൻ സാധിക്കാത്തതുകൊണ്ട് കൃഷിചെയ്യുവാനും സാധിക്കാത്ത അവസ്ഥയാണ് ഇവർക്ക്. ഏലം തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ പതിനഞ്ചും ഇരുപതും ഏക്കറിൽ കൃഷി ചെയ്തു ജീവിച്ചവരാണ് സർക്കാരിനെ വിശ്വസിച്ചു കൊണ്ട് ഇപ്പോൾ ഉപജീവനമാർഗം വഴി മുട്ടിയിരിക്കുന്നത്. ഊരിലെ എല്ലാ വീടുകൾക്കും  മുളകൊണ്ട് തീർത്ത ചുമരിൽ പുല്ല് ,ഓല എന്നിവ കൊണ്ട് തീർത്ത മേല്കൂരകളുമാണ് ഉള്ളത്.  ഇവിടെയാണ് വൈദ്യുതിമന്ത്രി എം .എം .മണി അടക്കമുള്ളവർ വന്ന്  കഴിഞ്ഞ മെയ് മാസത്തിൽ സമ്പൂർണമായി   വൈദ്യുതികരിച്ചു എന്ന പ്രഖ്യാപനം നടത്തിയത്. ആർക്കും  സ്വന്തമായി വീടുപോലുമില്ലാത്ത ഇവിടെ എങ്ങനെയാണ് സമ്പൂർണ  വൈദ്യുതികരണം നടപ്പിലാക്കിയത്  എന്ന ചോദ്യം ഉയരുന്നുണ്ട്.

Image may contain: plant, tree, outdoor and nature


ഊരിലെ അംഗനവാടിയിൽ  ഉള്ള കക്കൂസ് ,കല്ലുകൊണ്ട് തീർത്ത തറയിൽ ക്ലോസറ്റ് സ്ഥാപിച്ചിട്ടുണ്ട് എന്നതല്ലാതെ  ചുവരുകളോ മേല്കൂരയോ ഇല്ലാതെ തുറസായി കിടക്കുന്ന അവസ്ഥയാണ്. കോളനിയിൽ കക്കൂസ് സ്ഥാപിക്കാൻ  പോലും ഫോറസ്റ്റിന്റെ അനുമതി വേണമെന്നതാണ് കക്കൂസുകൾ നിർമിക്കാൻ തടസമായിമാറുന്നത്.ഈ ഊരിലെ  അംഗനവാടിയുടെ അവസ്ഥയും വ്യത്യസ്തമല്ല സ്വന്തമായൊരു കെട്ടിടമോ കക്കൂസോ അംഗനവാടിക്കില്ല. മൂന്നു വര്ഷം മുമ്പ് മാത്രമാണ് ഈ അംഗനവാടി ഇവിടേയ്ക്ക് മാറ്റി സ്ഥാപിച്ചത്. അതിനു മുമ്പ് നാല് കിലോമീറ്ററുകളോളം ഉൾവനത്തിലാണ് അംഗനവാടി പ്രവർത്തിച്ചു വന്നത്. ആദിവാസി കുട്ടികൾ ദുർഘടമായ പാതയിലൂടെ ഇത്രയും ദൂരം നടക്കേണ്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. മാറ്റി സ്ഥാപിക്കപ്പെട്ട ശേഷം ഇത് വരെ മതിയായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ട നിർബന്ധമായ സൗകര്യങ്ങളുടെ അഭാവം കടുത്ത നിയമലംഘനം കൂടിയാണ്.  പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും കുട്ടികളെ ഹോസ്റ്റലിൽ നിർത്തിപഠിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടെ ഉള്ളവർക്ക്  റേഷൻ കടയിൽ നിന്നും അരിലഭിക്കുന്നു എന്നതൊഴിച്ചാൽ  മറ്റൊന്നും കിട്ടുന്നില്ല.സർക്കാർ അനുകുല്യങ്ങളും ലഭിക്കുന്നില്ലെന്ന് കുട്ടമ്പുഴ നിവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക ആരോഗ്യത്തിനുപോലും കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്നു. ഗർഭിണികളും, പ്രായമായവരും,മറ്റു രോഗികളും ചികിത്സക്കായി കോതമംഗലത്തെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ് . 

Image may contain: tree, outdoor and nature

സർക്കാറിന്റെ വാഗ്ദാനങ്ങളും പദ്ധതികളും പ്രഖ്യാപനങ്ങളും കടലാസുകളിൽ അന്തിയുറങ്ങുമ്പോൾ ഇപ്പോഴും  ഒന്നാം സ്ഥാനത്താണ് കേരളം  എന്ന് അവകാശപ്പെടുമ്പോഴും സ്വന്തം ഭൂമി സർക്കാരിനുകൊടുത്ത് ദുരന്തപൂർണമായ സർക്കാർ സെറ്റിൽമെന്റിൽ ജീവിതം ജീവിച്ചു തീർക്കേണ്ട   നിസ്സഹായാവസ്ഥയിലാണ് കുട്ടമ്പുഴയിലെ ആദിവാസി കുടുംബങ്ങൾ.


Loading...