15-08-2018

ശ്രീജിവിനെ കൊന്ന സി ഐ ഗോപകുമാർ പൊലീസിലെ സ്ഥിരം ക്രിമിനൽ; സംരക്ഷിക്കുന്നത് ആര്? എന്തിന്?

Investigation | കൊച്ചി


'നീതി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും'. തന്റെ അനിയനെ ക്രൂരമായി മർദിച്ചു വിഷം കൊടുത്ത് കൊലപ്പെടുത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് 764 ദിവസത്തോളമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിൽ സത്യാഗ്രഹ സമരം നടത്തുന്ന ജേഷ്ടൻ ശ്രീജിത്തിന്റെ വാക്കുകളാണിത്. 

കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടവർ തങ്ങളുടെ സങ്കടങ്ങളെ രോക്ഷമാക്കിമാറ്റി, നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത് തുടരുകയാണ്. കക്കയം പോലീസ് ക്യാമ്പിൽ പോലീസുകാർ കൊലപ്പെടുത്തിയ രാജന്റെ അച്ഛൻ പ്രഫ.ഈച്ചര വാര്യരുടെ വാക്കുകൾ മലയാളിക്ക് മറക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. 'മരിച്ചിട്ടും നിങ്ങൾ എന്തിനാണ് എന്റെ മകനെ മഴയത്ത് നിർത്തിയിരിക്കുന്നത്?' എന്ന് ആ അച്ഛൻ ചോദിച്ചത് മലയാളി മനസാക്ഷിയോട് ആകെയാണ്. 

2014 മെയ് 19 ന് രാത്രി പതിനൊന്നരക്കാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടവ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജിവിനെ (27) പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൂലിപ്പണിക്കാരൻ ആയിരുന്ന ശ്രീജിവ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരിന്നു. ഈ പെൺകുട്ടിയുടെ വിവാഹം നടക്കുന്നതിന്റെ തലേ ദിവസമാണ് ശ്രീജിവിനെ പോലീസ് വ്യാജ മോഷണ കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുക്കുന്നത്. ലോക്കപ്പിനുള്ളിൽ വെച്ച് പ്രതി ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് മെനഞ്ഞ കഥ. 

എന്നാൽ ആത്മഹത്യയെന്ന്‌ പോലീസ് എഴുതിത്തള്ളിയ യുവാവിന്റെ മരണം കസ്റ്റഡി കൊലപാതകം ആണെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി. സംഭവം നടക്കുന്ന സമയത്ത് പാറശാല സിഐ ആയിരുന്ന ഗോപകുമാർ ആണ് പോലീസ് മർദ്ദനത്തിന് നേതൃത്വം നൽകിയത്. ഗോപനെ കൂടാതെ സ്റ്റേഷനിലെ ഫിലിപ്പോസിനും ശ്രീജിവിന്റെ മരണത്തിൽ നേരിട്ട് പങ്കുണ്ട്. കൊലപാതകത്തിന് കൂട്ടുനിന്ന SI. ഡി. ബിജു, ASI വിജയദാസും കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തി. കുറ്റക്കാരായ പോലീസുകാർ പത്ത് ലക്ഷം രൂപ ശ്രീജിവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ വിധിച്ചു. പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ എ.സി.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണം എന്നും കമ്മീഷൻ നിർദ്ദേശിച്ചു. എന്നാൽ കേസന്വേഷിച്ച സംഘം നടപടി ക്രമങ്ങൾ പതിവുപോലെ പ്രഹസനത്തിൽ ഒതുക്കി. തുടർന്നാണ് അനുജന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവിശ്യവുമായി ശ്രീജിത്ത് നിരാഹാരം ആരംഭിച്ചത്. 
 

പോലീസ് കംപ്ലയിന്റ് അതോറിറ്റി കൊലപാതകത്തിന് നേതൃത്വം നൽകിയതായി കണ്ടെത്തിയ C.I ബി.ഗോപകുമാർ നിരവധി തവണ വകുപ്പ് തല നടപടികൾക്ക് വിദേയനായ വ്യക്തിയാണ്.  2008 മുതൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ SHO ആയി സേവനം അനുഷ്ഠിച്ച ഗോപകുമാർ 65 ഓളം മോഷണ കേസിൽ പ്രതിയായവരിൽനിന്നും പതിനായിരം രൂപ കൈപ്പറ്റിയ കേസിൽ സസ്‌പെൻഷൻ നേരിട്ടിരുന്നു. കള്ളന്മാരുമായി ചെങ്ങാത്തത്തിലായ SI യുടെ കഥ പത്രങ്ങളിൽ വാർത്ത ആയത് പോലീസ് സേനക്ക് ആകെ അപമാനമായിരിന്നു. ഒന്നരമാസമാണ് ഈ കേസിൽ അദ്ദേഹം സസ്‌പെൻഷനിൽ കഴിഞ്ഞത്. 2006 ൽ മതിലകം പോലീസ് സ്റ്റേഷനിൽ SI ആയിരുന്ന സമയത്തും ഗോപകുമാറിൽ നിന്നും ഗുരുതരമായ കൃത്യവിലോഭം സംഭവിച്ചിരുന്നു. 'ഭാരതീയ പട്ടികജന സമാജം' എന്ന സംഘടന കേരള ലെജിസ്ളേറ്റീവ് അസംബ്ലി കമ്മിറ്റിക്ക് മുൻപാകെ നൽകിയ പരാതി നഷ്ട്ടപെടുത്തിയതിനു എതിരെ അദ്ദേഹം നടപടി നേരിട്ടു. അന്ന് ഗോപകുമാറിന് എതിരെയുള്ള ആരോപണം അന്വേഷിച്ചത് തൃശ്യൂർ നാർക്കോട്ടിക് സെൽ DYSP ആയിരിന്നു. ഈ കേസും എങ്ങും എത്താതെ  അവസാനിച്ചു. 
ശ്രീജിവിന്റെ കൊലപാതകം അടക്കം പോലീസ് സേനയുടെ വിശ്വാസ്യത നിരന്തരം കളങ്കപ്പെടുത്തുന്ന ഗോപകുമാർ ഇപ്പോൾ ചവറയിലെ ക്രമസമാധാന ചുമതലയുള്ള CI ആയി തുടരുകയാണ്. ശ്രീജിവിന്റെ ജേഷ്ടൻ ശ്രീജിത്ത് നീതി ആവശ്യപ്പെട്ട് 764 ദിവസമായി സഹന സമരം നടത്തുമ്പോൾ കുറ്റക്കാരനായി കണ്ടെത്തിയ ഗോപകുമാർ ചവറയിൽ ഇപ്പോഴും സി ഐ ആയി തുടരുന്നു.
കേരളത്തിലെ പോലീസ് ലോക്ക പ്പുകളിൽ നിരവധി  മനുഷ്യരുടെ ജീവനുകളാണ് ഇല്ലാതാക്കപ്പെട്ടത്. 
ഒരുപാടുപേർ  ഭീകര മർദ്ദനങ്ങളുടെ ദുരിതവും പേറി ജീവശ്ചവങ്ങളായി ജീവതം തള്ളി നീക്കുന്നു. എന്നാൽ 
കേരളത്തിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ലോക്കപ്പ് മർദ്ദനങ്ങളുടെ പേരിൽ എത്ര പോലീസുകാർ ശിക്ഷിക്കപെട്ടിട്ടുണ്ട് ?.എത്ര കുടുംബത്തിന് നീതി ലഭിച്ചു ?. ആരാണ് ഇതിനു ഉത്തരവാദിത്തം പറയേണ്ടത് ?.  
ദരിദ്ര പിന്നോക്ക വിഭാഗങ്ങളിൽപെട്ട വീടുകളിലെ ആളുകളാണ് കൂടുതലായും പോലീസ് ലോക്കപ്പിൽ മർദ്ദനത്തിന് വിധേയരാകുന്നത്. പോലീസ് സംവിധാനത്തിന് എതിരെ കേസ് നടത്തി, നീതി നേടിയെടുക്കുക എന്നത് അവരെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. പല കോണുകളിൽ നിന്നും ഉണ്ടാകുന്ന ഭീഷണി മൂലവും, മോശമായ സാമ്പത്തിക ചുറ്റുപാട് മൂലവും ഇത്തരം കേസുകളുടെ നടത്തിപ്പ് പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഈ അവസരം മുതലെടുത്ത്, ലോക്കപ്പ് മർദ്ദനങ്ങളിൽ കുറ്റക്കാരായ പോലീസുകാർ തങ്ങളുടെ സ്വാധീനവും കൂറും ഉപയോഗിച്ച് വളരെ വേഗം കേസിൽ നിന്നും കുറ്റവിമുക്തരാക്കി മാറും. സസ്‌പെൻഷൻ നാടകം അവസാനിച്ച ശേഷം സർവീസിൽ തിരിച്ചെത്തി പഴയപടി തുടരുന്നു. 


Loading...