15-08-2018

​പത്മാവതിയെ പത്മാവത് ആക്കി സെൻസർ ബോർഡ്

Entertainment | ന്യൂഡല്‍ഹി


വിവാദമായ ബോളിവുഡ് സിനിമ പത്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി. സിനിമയുടെ പേര് ‘പത്മാവതി’ എന്നത് മാറ്റി ‘പത്മാവത്’ എന്നാക്കണം. കൂടാതെ വിവാദത്തിന്  ഇടയായേക്കാവുന്ന 26 രംഗങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്നിങ്ങനെയാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍.

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചു.യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. അടുത്തമാസം നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷമേ അന്തിമാനുമതി നല്‍കൂവെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

ചിറ്റോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തന്‍സെന്നിന്റെ ഭാര്യയായിരുന്നു റാണി പത്മിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അറിഞ്ഞതോടെയാണ് രജപുത്രകര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവര്‍ രാജസ്ഥാനിലെ സിനിമാ ചിത്രീകരണസ്ഥലം ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

രജപുത്ര രാജ്ഞിയായ പദ്മാവതിയും രാജ്യം കീഴടക്കാനെത്തിയ അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഒരു സ്വപ്നത്തിലായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നാണു പ്രചാരണം. എന്നാൽ അങ്ങനെയൊരു സീൻ ഇല്ലെന്നു ബന്‍സാലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ  ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു സമിതിയെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതിയിൽ സംഘപരിവാർ വിഭാഗങ്ങളിൽ നിന്ന് സമർപ്പിച്ചിരുന്നു. അത് കോടതി തള്ളുകയും ചെയ്തിരുന്നു.

ദീപികാ പദുക്കോൺ ആണ് പദ്മാവതിയായി അഭിനയിക്കുന്നത്. മഹാറാവൽ രത്തൻ സിങ് ആയി ഷാഹിദ് കപൂറും അലാവുദ്ദിൻ ഖിൽജിയായി രൺവീർ സിങ്ങും അഭിനയിക്കുന്നു. ഡിസംബർ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ ബോർഡിന്റെ തീരുമാനം വൈകിയതിനാൽ റിലീസിങ് തീയതി നിർമാതാക്കൾ നീട്ടി വച്ചിരിക്കുകയാണ്. 


Loading...