15-08-2018

​അടിയന്തിരാവസ്ഥ പ്രമേയമാക്കിയ മലയാളം ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നിഷേധിച്ചു

Entertainment | തിരുവനന്തപുരം


അടിയന്തിരാവസ്ഥ പ്രമേയമാക്കി നിർമ്മിച്ച ' നരകത്തിലെ 21 മാസങ്ങൾ ' എന്ന മലയാളം ഡോക്യുമെന്ററിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു . അമിതമായി ക്രൂരത നിറഞ്ഞ സീനുകൾ സിനിമയിൽ ഉണ്ടെന്നാരോപിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നതെന്ന് സംവിധായകൻ യദു വിജയകൃഷ്ണൻ അറിയിച്ചു .

78 മിനിട്ടു ദൈർഘ്യമുള്ള ഡോകളുമെന്ററിയിൽ അടിയന്തിരാവസ്ഥാ കാലത്ത് കസ്റ്റഡിയിൽ എടുത്തവരോട് പോലീസ് നടത്തിയ അതിക്രമങ്ങളുടെ രീതിയാണ് ചിത്രീകരിച്ചിട്ടുള്ളതെന്നു സംവിധായകൻ പറഞ്ഞു. അടിയന്തിരാവസ്ഥയുടെ ഇരകൾ നേരിടേണ്ടിവന്ന പീഡന മുറകൾ അവരുമായി നടത്തിയ അഭിമുഖത്തിൽ വിശദീകരിക്കുകയും അഭിനേതാക്കളെ ഉപയോഗിച്ച് അത്തരം ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കുകയുമാണ് ഡോകളുമെന്ററിയിൽ ചെയ്തിരിക്കുന്നത്.

സിബിഎഫ്‌സി ഇത്തരം പീഡന മുറകൾ ആ കാലത്ത് നടന്നിരുന്നു എന്നതിന് തെളിവ് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും യദു വിജയകൃഷ്ണൻ പറയുന്നു. ഡോക്യുമെന്ററി ആ കാലത്തെ രാഷ്ട്രീയത്തെ ഒരു തരത്തിലും സ്പർശിക്കുന്നില്ല, അന്ന് പോലീസ് ഉപയോഗിച്ചു എന്ന് അനുഭവസ്ഥർ പറയുന്ന പീഡന മുറകൾ മാത്രമാണ് ഡോക്യുമെന്ററിയുടെ വിഷയം യദു പറയുന്നു.

കഴിഞ്ഞ സെപ്തംബറിൽ ഡൽഹിയിൽ ഒരു സ്വകാര്യ പ്രദർശനത്തിന് വാർത്താവിതരണ മന്ത്രാലയം പ്രത്യേക അനുമതി നൽകുകയും പ്രദർശിപ്പിക്കുകയും ചെയ്ത ഡോക്യുമെന്ററിക്കാണ് ഇപ്പോൾ സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നിഷേധിച്ചിരിക്കുന്നതെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു.  1975 ജൂൺ 25 മുതൽ 21 മാസക്കാലമാണ് ഇന്തിരാഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യ ഭരണം നടത്തിയത്.


Loading...