25-04-2018

​ഇവരുടെ നിലപാടുകളെ ആരാണ് അട്ടത്ത് വയ്ക്കുന്നത് ?

Editorial | കൊച്ചി


തൃപ്പൂണിത്തുറയിലെ  നിർബന്ധിത ഘർവാപസി കേന്ദ്രമായ ആർഷവിദ്യാ സമാജത്തെക്കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളിലൂടെ ഭീകരമായ പീഡന കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.  ശിവശക്തി യോഗ സെന്ററിലെ മനുഷ്യത്വ രഹിതമായ പീഡനങ്ങളെ കുറിച്ച് പുറം ലോകം അറിയുകയും  കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേരള പോലീസ് പരാതികൾ രജിസ്റ്റർ ചെയ്യുകയും  FIR ഇട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ട് ഒരു മാസം പിന്നിടുകയാണ്.

Read more: ഘർവാപ്പസി കേന്ദ്രത്തിലെ പീഡനം: ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു

കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട ശ്വേത, ശ്രുതി, വന്ദന എന്നീ പെൺകുട്ടികളും യോഗാ കേന്ദ്രം മുൻ ഇൻസ്ട്രക്ടർ കൃഷ്ണകുമാറും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മാധ്യമങ്ങൾക്കു മുന്നിലും നിയമ സംവിധാനങ്ങൾക്ക് മുന്നിലും നടത്തിയത്. പെൺകുട്ടികളെ ക്രൂര മർദ്ദനത്തിനും മയക്കു മരുന്ന് കുത്തിവെപ്പിനും ലൈംഗീക പീഢനങ്ങൾക്കും നഗ്ന ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്നതിനും നിർബന്ധിത വിവാഹത്തിനും ഒക്കെ വിധേയമാക്കുന്ന ഈ പീഡനകേന്ദ്രത്തിനെതിരെ എന്ത് നടപടിയാണ് സംസ്ഥാന സർക്കാരും പോലീസും എടുത്തിട്ടുള്ളത്? പീഡന കേന്ദ്രം തലവൻ കെ ആർ മനോജ് അടക്കമുള്ള പ്രതികൾ ഇപ്പോഴും സ്വൈര്യ വിഹാരം നടത്തുന്നു. കോടതിയിൽ ഇവരുടെ മുൻ‌കൂർ  ജാമ്യ ഹരജിയെ എതിർക്കുക പോലും ചെയ്യാതെ വിധേയപ്പെട്ടു നിൽക്കുന്നു സർക്കാർ അഭിഭാഷകർ. പഞ്ചായത്തിൽ നിന്നും ഒരു വിലയും ഇല്ലാതെ പോയ ഒരു നോട്ടീസ് കൊടുത്ത് കേന്ദ്രം അടച്ചു പൂട്ടാൻ പറഞ്ഞതിനപ്പുറം യാതൊന്നും ചെയ്തിട്ടില്ല എന്ന് പറയേണ്ടി വരുന്നു. ആർഷ വിദ്യാ സമാജം ഇപ്പോഴും തുറന്ന് തന്നെ കിടക്കുന്നു.

Read more: ഘർവാപസി കേസ് പോലീസ് അട്ടിമറിക്കുന്നു

ഇതുവരെയായുള്ള കേസന്വേഷണത്തിന്റെ  മുന്നോട്ട് പോക്ക് വിലയിരുത്തുമ്പോൾ ഞങ്ങൾ മനസ്സിലാക്കുന്ന ഒരു കാര്യം  കേരളത്തിലെ സർക്കാർ ആരെയൊക്കെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നു ,അല്ലെങ്കിൽ മതേതരത്വത്തിൻറെ മുഖംമൂടിയണിഞ്ഞ ഒരു ഗവൺമെന്റാണ് നമുക്കുള്ളത് എന്നാണു. മതേതരത്വവും സോഷ്യലിസവും പറയുന്ന സിപിഐഎം തന്നെയാണ് കേരളം ഭരിക്കുന്നത്.സിപിഎമ്മിനെ സംബന്ധിച്ച് ബിജെപി ഒരു വർഗീയ ഫാസിസ്റ്റു ശക്തിയാണ്.ഹിന്ദുത്വ ശക്തികൾക്കെതിരെ കച്ച മുറുക്കി യുദ്ധത്തിനിറങ്ങിയവർ തങ്ങളാണെന്നും അവർ പറയുന്നുണ്ട്.

Read more: ഘർവാപസി കേസ് പോലീസിൻറെ പോക്ക് ശരിയല്ലെന്ന് പ്രോസിക്യൂഷൻ

പരിമിതമായ സൗകര്യങ്ങൾക്കകത്ത് നിന്നുകൊണ്ട് ന്യൂസ് പോർട്ട് പുറത്ത് വിട്ട തെളിവുകൾ മാത്രം മതിയാകും യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്ക്  ആർഎസ്എസ്   നേതൃത്വവുമായുള്ള ബന്ധം ഏതൊരു സാധാരണക്കാരനും മനസ്സിലാക്കുവാൻ. പിന്നെ എന്തുകൊണ്ടായിരിക്കും പിണറായിയെ  പോലെ ഇരട്ട ചങ്കുള്ള ,ഇന്ന് ഇന്ത്യയിലെ തന്നെ സംഘപരിവാറിന്റെ മുന്നിൽ നെഞ്ചു വിരിച്ച് നിന്ന് പോരാടുന്ന ധീര നായകൻ എന്ന് വിളിക്കപ്പെടുന്ന ഒരാൾ  നയിക്കുന്ന ഒരു പോലീസ് സംവിധാനം ഈ ഒരു അവസരം കാര്യക്ഷമമായി വിനിയോഗിക്കാൻ തയ്യാറാകാതിരിക്കുന്നത് എന്നത് പരിശോധിക്കുമ്പോഴാണ് സിപിഎമ്മിനകത്ത് തന്നെ നിലനിൽക്കുന്ന മൃദു ഹിന്ദുത്വ സമീപനം നമുക്ക് കാണാൻ സാധിക്കുക.ഒരു തൊഴിലാളി വർഗ പാർട്ടി എന്നത്തിൽ നിന്നും ഭരണ വർഗ പാർട്ടി എന്നത്തിന്റെ അങ്ങേ തലയ്ക്കലെത്തി നിൽക്കുന്ന അവസ്ഥയിലാണിന്ന് സിപിഐഎം .നാല് വോട്ടിനു വേണ്ടി ആരോടും സന്ധി ചെയ്യാവുമെന്ന അവസ്ഥ.

Read more: ​ഹാദിയ കേസ് അട്ടിമറിക്കാൻ സംഘപരിവാർ അഭിഭാഷക സംഘടന

മറ്റൊരു കാര്യം നാം കാണാതെ പോകരുത് മുൻപ് ഡൽഹിയിൽ കേരളാ ഹൌസിൽ ബീഫ് റൈഡ് നടന്നപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ   പറഞ്ഞ ഒരു പേരാണ് പ്രതീഷ് വിശ്വനാഥ്‌ എന്നത്. റൈഡ് നടത്തിച്ചതിനു പിന്നിൽ തീവ്ര ഹിന്ദുത്വ വാദിയായ പ്രതീഷ് ആണെന്നായിരുന്നു ആന്നു കോടിയേരി പറഞ്ഞിരുന്നത്. പിന്നീട് ആ പ്രതീഷ്  വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്. ഇന്ത്യയിൽ  ലൗ ജിഹാദെന്ന ഇസ്‌ലാമോഫോബിയയുടെ ആറ്റം  ബോംബിടുന്നതും ഹിന്ദു ഹെൽപ്പ് ലൈൻ , ഘർവാപസി സെന്ററുകൾ നടത്തിപിന് പിറകിലും ഇതേ പ്രതീഷ് വിശ്വനാഥാണെന്നു തെളിവുകൾ സഹിതം ഞങ്ങൾ പുറത്ത് വിട്ടിരുന്നു.

Read more: ​ഘർവാപ്പസി കേന്ദ്രത്തെ സംരക്ഷിക്കുന്നത് പ്രതീഷ് വിശ്വനാഥിന്റെ ഉന്നത പോലീസ് ബന്ധങ്ങൾ

ഘർവാപസി സെന്ററിനെതിരായ പൊതു ബോധം ഉയർന്നു വന്നപ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി, സെന്ററിനെതിരെ ശക്തമായ അന്വേഷണം നടത്തേണം എന്നാവശ്യപ്പെട്ട് പത്ര സമ്മേളനം നടത്തുകയുണ്ടായി.അന്ന് കോടിയേരി പറഞ്ഞത്  '' ഇത്തരം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുന്‍വിധിയില്ലാതെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണം '' എന്നിങ്ങനെയാണ് .

Read more: ​ഘർവാപസി കേന്ദ്രത്തിനെതിരെ കോടിയേരിയും എം സി ജോസഫൈനും

അതിനു പിന്നാലെ പാർട്ടിയുടെ പ്രതിനിധിയായ  വനിതാകമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ '' യോഗാകേന്ദ്രത്തിനെതിരെ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ ഗൗരവതരമാണെന്നും സമഗ്രാന്വേഷണം'' ഈ കാര്യത്തിൽ ആവശ്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.നിലവിലെ അന്വേഷണം ഉഉർജ്ജിതമാക്കാനും അന്ന് ജോസഫൈൻ ആവശ്യപ്പെടുകയുണ്ടായി.

 ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും സെന്ററിനെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു . കേസ് പ്രത്യേക അന്വേഷണ സംഘത്തിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.

Read more: ആരാണ് പ്രതീഷ് വിശ്വനാഥ്?

എന്നാൽ നിലവിൽ കേസ്സന്വേഷണ ചുമതല തൃപ്പൂണിത്തുറ സിഐ ഷിജുവിനാണ്. ഷിജുവിനെ കുറിച്ച് കേസിൽ പല ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. ഘർവാപസി സെന്ററുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുള്ള വ്യക്തിക്കാണ് കേസ്സിന്റെ  അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.സംഘപരിവാറിന്റെ കേന്ദ്ര സംസ്ഥാന നേതാക്കൾ വരെ ഉൾപ്പെട്ട  ആസൂത്രിതമായി നടത്തുന്ന ഈ മതം മാറ്റ കേന്ദ്രത്തിനെതിരെ സമഗ്രാന്വേഷണം സ്വന്തം മന്ത്രി സഭയിലെ മന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ വിഷയം  ഇത്ര ലാഘവത്തോട് കൂടി കൈകാര്യം ചെയ്യുന്നത് എന്നത്  നിരാശശാജനകവും, മുഖ്യമന്ത്രിയുടെ സംഘപരിവാർ വിരുദ്ധ മുഖം മൂടി തുറന്നു കാണിക്കുന്നതും  കൂടിയാണ് എന്ന് പറയേണ്ടി വരുന്നു.

കേരളത്തെ ഒരു വർഗീയ കലാപ ഭൂമിയായി കാണാനും അത് വച്ച് ലാഭം കൊയ്യാനും ഇവിടെയുള്ള വോട്ടു രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നുണ്ടാകാം. അതുകൊണ്ടാവണം ഇത്ര ഗൗരവകരമായ  ഒരു വിഷയത്തിൽ വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ഈ കേസിൽ സംസ്ഥാന സർക്കാർ ഇത്രയധികം അലംഭാവം കാണിക്കുന്നത്.


Loading...