15-08-2018

​ഹാദിയ സുരക്ഷിതയായിരിക്കേണ്ടത് ഇടത് സർക്കാരിന്റെ ബാധ്യതയാണ്

Editorial | കൊച്ചി


30/10/ 2017 ന് ഹാദിയ  കേസിൽ സുപ്രീം കോടതി   നിർണ്ണായകമായ ഒരു വിധി പ്രസ്ഥാവം നടത്തുകയുണ്ടായി. ഹാദിയയെ നവംബർ 27 നു കോടതിയിൽ ഹാജരാക്കണം എന്നും  അതുവരെ ഹാദിയയുടെ സംരക്ഷണം കേരള സർക്കാറിന്റെ ഉത്തരവാദിത്വമാണെന്നും കോടതി അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം ഉത്തരവിട്ടിരിക്കുന്നു. ഇത് തന്നെയാണ്  വിധിയുടെ പ്രാധാന്യവും. 

ഹാദിയയുടെ ഭർത്താവ് ഷഫീൻ  ജഹാൻ ഹൈകോടതി റദ്ദാക്കിയ ഹാദിയയുമായുള്ള തന്റെ വിവാഹം പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് പല ആശങ്കകളും പരിഹരിക്കാൻ ഉതകുന്ന ഇടക്കാല വിധി സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഒരു ഹേബിയസ് കോർപ്പസ് പെറ്റിഷൻ കോടതിക്ക് മുന്നിൽ എത്തിയാൽ  കാണാതായി എന്ന് പറയപ്പെടുന്ന വ്യക്തി കോടതിയിൽ ഹാജരായി എവിടെ തുടരാനാണ് ആ വ്യക്തിക്ക് താല്പര്യം എന്നത് അറിയുകയും അയാളെ സ്വതന്ത്രമായി അയാളുടെ ഇഷ്ടാനുസാരം വിടുകയും ചെയ്യുക എന്നതാണ്  ഇതുവരെ കണ്ടിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കുകയുണ്ടായി. അതായത് പൊതു സമൂഹം ഉന്നയിച്ചത് പോലെ ഹൈ കോടതി ഉത്തരവിൽ അസ്വാഭാവികത ഉള്ളതായി പരമോന്നത കോടതിയും മനസ്സിലാക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെ ആ പെൺകുട്ടിയുടെ അഭിപ്രായം  കേൾക്കേണ്ടതുണ്ട് എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. മറ്റേതെങ്കിലും അന്വേഷണങ്ങൾ നടക്കുന്നു എന്നുള്ളത് കൊണ്ട് വിവാഹം റദ്ദ് ചെയ്യുന്നത് നിയമപരമല്ല, വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹാദിയ കേസിൽ ഹാദിയയുടെ അച്ഛൻ അശോകൻ എതിർഭാഗം കക്ഷിയാണ്. പ്രതിയുടെ സംരക്ഷണയിൽ വാദി ജീവിക്കേണ്ടി വരുന്ന ഒരു അപൂർവ്വ സ്ഥിതി വിശേഷമാണ്  ഹൈക്കോടതി വിധിയിലൂടെ വന്നു ചേർന്നത്. വിധി വന്നു മാസങ്ങൾ കഴിഞ്ഞ ശേഷം ഹാദിയയെ കാണാൻ ചെന്ന രാഹുൽ ഈശ്വറിനോട് അച്ഛൻ തന്നെ മർദ്ദിക്കുന്നതായും കൊല്ലപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പറയുന്ന ഹാദിയയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറം ലോകം കാണുന്നത്. അപ്പോഴും ഹാദിയയ്ക്ക് സംരക്ഷണം നൽകാൻ എന്ന പേരിൽ കേരള സർക്കാർ അശോകന്റെ വീട്ടിൽ പൊലീസുകാരെ നിർത്തിയിട്ടുണ്ടായിരുന്നു. അവർ തന്നെ ഹാദിയ മർദ്ദനങ്ങൾക്ക് വിധേയയാകുന്നതായി മാധ്യമങ്ങളോട് രഹസ്യമായി പറയുകയുണ്ടായി. ഇപ്പോൾ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് ഹാദിയയുടെ സംരക്ഷണം സ്റ്റേറ്റിന്റെ ചുമതലയാണ് എന്നാണ് . അതായത് ഹാദിയയ്ക്ക്  27നു  കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിനും ഉത്തരവാദി കേരള സർക്കാരാണ് . 

രാഹുൽ ഈശ്വർ ഹാദിയ സഹായത്തിനായി അപേക്ഷിക്കുന്ന വീഡിയോ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈനെയും പോലീസ് ഉദ്ദ്യോഗസ്ഥരെയും മുഖ്യമന്ത്രിയടക്കം ഉള്ള ബന്ധപ്പെട്ട അധികാരികളെ കാണിച്ചിരുന്നുവെന്നാണ് രാഹുൽ ഈശ്വർ തന്നെ  അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ടവർ കാണിച്ചിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഇപ്പോഴും ആ അനാസ്ഥ തുടരുകയാണ്. സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ഹാദിയ അച്ഛന്റെ കസ്റ്റഡിയിൽ തുടരുകയാണ്. നീതിന്യായ സംവിധാനത്തിന് നീതിയുക്തമായ വിചാരണയ്ക്ക്  അവസ്ഥയൊരുക്കേണ്ടുന്ന ചുമതല സർക്കാരിനാണ്. ആ ചുമതലയാണ് സുപ്രീം കോടതി ഇപ്പോൾ വീണ്ടും കേരളത്തിലെ സർക്കാരിനെ ഏൽപ്പിച്ചിരിക്കുന്നത്. കേസിലെ ഒരു കക്ഷിയുടെ ചുമതലയിൽ മറ്റൊരു കക്ഷിയെ ഏൽപ്പിച്ചു കൊടുക്കുകയാണ് കേരളാ സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹാദിയയ്ക്ക് മാനസീക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന വാദവുമായാണ് അച്ഛൻ അശോകൻ റിപ്പോർട്ടർ ചാനലിൽ ചർച്ചയ്‌ക്കെത്തിയത്. തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിൽ നിന്നും പീഡിപ്പിക്കപ്പെട്ട എല്ലാവർക്കും മാനസീക രോഗങ്ങൾക്ക് അടക്കമുള്ള മരുന്നുകൾ നൽകിയിരുന്നതായി തെളിവുകൾ അടക്കം  മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സുപ്രീം കോടതി ഉത്തരവിന് ശേഷം ഹാദിയയുടെ അച്ഛനും  കോടതിയിൽ എൻഐഎ അഭിഭാഷകൻ നടത്തിയ സൈക്കോളജിക്കൽ ഹിപ്നോട്ടിസം പ്രയോഗവും ചേർത്ത് വായിക്കുമ്പോൾ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് ഊഹിക്കാവുന്നതാണ്.  ഹാദിയയുടെ അച്ഛൻ പറയുന്നത് മകൾക്ക് ഇപ്പോൾ വേണ്ടത് മാനസികരോഗ വിദഗ്ധന്റെ ചികിത്സയാണു എന്നാണു.

ഈ ഒരു സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യത്തോട് കൂടി കോടതി ഉത്തരവിനെ മാനിച്ച്  കേരള സർക്കാർ ഹാദിയയെ സർക്കാർ സ്ഥാപനങ്ങളിലേക്കോ ഹാദിയ സുരക്ഷിതയാണെന്നു സർക്കാരിന് ബോധ്യമുള്ള മറ്റൊരിടത്തേക്കോ മാറ്റുക എന്നതാണ്. സർക്കാർ ആരെയൊക്കെയോ ഭയന്ന് നിൽക്കുന്ന ഈ അവസ്ഥ ഒരു ഇടതുപക്ഷ സർക്കാരിന് ഒരിക്കലും ഭൂഷണമല്ല. വിഷയത്തിൽ ഒരു മനുഷ്യൻ നേരിടുന്ന  മനുഷ്യാവകാശ ലംഘനം കണക്കിലെടുത്ത്  സ്വതന്ത്രമായ വിചാരണ ഉറപ്പു വരുത്തുന്നതിന് കോടതിയുടെ വിധി നടപ്പിലാക്കുന്നതിന് ഹാദിയയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കേരള സർക്കാർ തയ്യാറാകേണ്ടതുണ്ട്.


Loading...