17-08-2018

​ജനജാഗ്രതയും ജനരക്ഷയും കാണാത്ത ചുവടു "വൈപ്പിൻ"

Editorial | കൊച്ചി


കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരിക്കുന്ന രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും ജാഥകൾ തിരുവനന്തപുരത്ത് സമാപിച്ചിരിക്കുന്നു.ജനങ്ങളെ 'രക്ഷിക്കാനും' , 'ജാഗ്രതപ്പെടുത്താനും' സംഘടിപ്പിച്ച ഈ ജാഥകൾ തിരിഞ്ഞു നോക്കാൻ മടിച്ച ഒരിടമുണ്ട്.വൻകിട മൂലധനത്തിന്റെ കുത്തിയൊഴുക്കാണ് വികസനം എന്ന ഭരണവർഗ തിട്ടൂരത്തിന്റെ കരണത്തടിച്ച ,കടലിന്റെ മക്കളുടെ നാട്, പുതുവൈപ്പിൻ. വികസന വിരോധികൾ എന്നും തീവ്രവാദികൾ എന്നും ആയിരം തവണ വിളിച്ചാലും ദരിദ്രനന്യമായ സൂചികൾ ഉയർത്താനും നിക്ഷിപ്ത താല്പര്യക്കാരുടെ കീശവീർപ്പിക്കാനും വേണ്ടിയുള്ള വിനാശവികസനത്തിന്റെ വിഷവിത്തുകൾ വൈപ്പിൻറെ മണ്ണിൽ മുളപ്പിക്കാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനത്തോടെ പുതുവൈപ്പിൻ ജനത രണ്ടാം ഘട്ട സമരത്തിലേക്ക് ചുവടു വയ്ക്കുകയാണ്. ചുവടു 'വൈപ്പിൻ' .

"എൽ.പി.ജി സംഭരണി പുതുവൈപ്പിനിൽ വേണ്ട " എന്ന മുദ്രാവാക്യവുമായി നവംബർ 6 ന് വൈപ്പിൻ ജനത എറണാകുളം നഗരത്തിലേക്ക് ഒഴുകുകയാണ്.ഗോശ്രീ ജങ്ഷനിൽ നിന്ന് രാജേന്ദ്ര മൈദാനിയിലേക്കുള്ള പദയാത്രയായി പരിപാടി നിശ്ചയിച്ചതുമുതൽ തന്നെ അട്ടിമറി ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടു വരികയുണ്ടായി . ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി നിഷേധിച്ചും ഭീക്ഷണിപ്പെടുത്തിയും സമരത്തെ ഒറ്റപ്പെടുത്തനുള്ള ശ്രമത്തിലാണവർ . ജാതിമേധാവിത്വത്തിനെതിരേയും സാമൂഹിക ചൂഷണങ്ങളെയും എതിരിട്ടുനിന്ന ചരിത്രമാണ് വൈപ്പിനിലെ പുരോഗമന പക്ഷത്തിനുള്ളത്. നാഴികയ്ക്ക് നാല്പത് വട്ടം ഐതിഹാസികമായ   സമരപോരാട്ടങ്ങളുടെ പൈതൃകം അവകാശപ്പെടുന്ന,കമ്മ്യൂണിസ്റ് എന്നവകാശപ്പെടുന്ന ഒരു സർക്കാരിന്റെ ഈ നഗ്നമായ മൂലധന സേവയാണ് നാം തുറന്നെതിർക്കേണ്ടത്.

വികസനത്തിന്റെ കാര്യത്തിൽ എല്ലാ ഭരണ വർഗ പാർട്ടികളും  ഒറ്റക്കെട്ടായി ഒരു വശത്ത് നിൽക്കുകയും ജനങ്ങൾ ജീവനും ജീവിതത്തിനായി മറുവശത്ത് നിൽക്കുകയും ചെയ്യുന്ന ഒരു  സ്ഥിതിയാണ് വൈപ്പിനിൽ കാണാനാകുന്നത്. മോദിയുടെയും ബിജെപിയുടെയും കണ്ണിലുണ്ണിയായ അദാനി ഇന്ന് പിണറായിയുടെയും സിപിഐഎമ്മിന്റേയും കളിക്കൂട്ടുകാരനാണ്. എറണാകുളത്ത് തന്നെ നടപ്പിൽ വരുത്തുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു കൊണ്ടാണ് ആയിരക്കണക്കിന് കോടിയുടെ ലാഭം ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. അദാനി എറണാകുളം സിറ്റിയിൽ നടപ്പിലാക്കുന്ന സിറ്റിഗ്യാസ് പദ്ധതിയുടെ മുഴുവൻ പേര് ഇന്ത്യൻ ഓയിൽ അദാനി സിറ്റി ഗ്യാസ് പദ്ധതി എന്നാണു. വൈപ്പിനിൽ വരാൻ പോകുന്ന പ്ലാന്റ് ഇന്ത്യൻ ഓയിലിൽ കോപ്പറേഷന്റേതാണ്. കേന്ദ്ര ഗവണ്മെന്റ് ഘട്ടം ഘട്ടമായി പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ലിസ്റ്റിൽ പെടുന്ന ഒരു സ്ഥാപനമാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും . ഇത് രണ്ടും കൂടി വായിച്ചാൽ ചിത്രം വ്യക്തമാകും.അദാനിയുടെ ഗ്യാസ് പദ്ധതിക്ക് എവിടെനിന്നാണ് ഗ്യാസ് എത്തിക്കുക എന്നുള്ളതും ചോദ്യമാണ്.

കോപ്പറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച് വികസനമെന്ന പേരിൽ കാലാകാലം മാറിവരുന്ന സർക്കാരുകൾ നമ്മുടെ നാടിനെ വിനാശത്തിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. അതിൽ നിന്നും ഒട്ടും വിഭിന്നമല്ല ഇപ്പോഴുള്ള ഇടതുപക്ഷ സർക്കാരെന്നും തെളിയിച്ചിരിക്കുകയാണ്. ജനകീയ സമരങ്ങളിലൂടെ വികസിച്ച് വന്ന കമ്യൂണിസ്റ് പ്രസ്ഥാനം ഇന്ന് ജനകീയ സമരങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജനകീയതയുടെ മുഖം മൂടിയണിഞ്ഞ വിനാശ വികസനത്തിന്റെ ഇത്തരം നടത്തിപ്പുകാരെ ജനകീയ ശക്തികൊണ്ട് മാത്രമേ കീഴ്പ്പെടുത്താൻ സാധിക്കുകയുള്ളൂ. ജനങ്ങളിൽ വിശ്വാസം അർപ്പിക്കാത്ത ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും നിലനില്പില്ലെന്നാണ് ചരിത്രം നമ്മോട് പറയുന്നത്. ജനങ്ങളാണ് രാഷ്ട്രം. ഭാവിയുടെ രാഷ്ട്രീയം ജനകീയ സമരങ്ങളിലാണ്. നമുക്ക് പുതു വൈപ്പിനിലെ നിലനിൽപ്പിനു വേണ്ടി പൊരുതുന്ന ജനങ്ങളോട് ഐക്യപ്പെടാം.


Loading...