25-04-2018

​ചിന്തകൾക്ക് ജ്വരം പിടിച്ചാൽ

Editorial | കൊച്ചി


കഴിഞ്ഞ ദിവസം കേരള യുവജന ക്ഷേമ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോം ഓർത്തഡോക്സ് ക്രിസ്ത്യൻ സഭയുടെ വേദിയിൽ ജിമിക്കി കമ്മല് കട്ടോണ്ട് പോയ അച്ഛനെ കുറിച്ച് പരിഭവിക്കുന്നത് കണ്ട കേരള യുവത അവരെ കണക്കിന് പരിഹസിക്കുന്നത് കാണാൻ ഇടയായി എന്നാൽ അതെ പ്രസംഗത്തില് കേരള ജനത വിലയിരുത്തേണ്ടിയിരുന്നത് ചിന്ത മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ആയിരുന്നു.  ഈ പശ്ചാത്തലത്തിൽ യുവജനങ്ങളും യുവജന ക്ഷേമ ബോർഡ് ചെയര്പേഴ്സണും  തമ്മിലുള്ള ചില വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഈ എഡിറ്റോറിയലിലൂടെ ശ്രമിക്കുന്നത്. 

ചിന്തയാണ് സമൂഹത്തിന്റെ അസ്തിത്വം. ചിന്തകളില്ലാത്ത മനുഷ്യൻ ചരിത്രത്തെ പിറകോട്ടു നടത്തുകയാണ്  ചെയ്യുന്നത്. ചിന്തിക്കുന്ന മനുഷ്യന് മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാൻ സാധിക്കുകയുള്ളൂ.ഒരു സമൂഹത്തിന്റെ മനസ്സ് അതിന്റെ യുവതയാണ്. ആധുനീക സമൂഹത്തിൽ ഭരണകൂടാധികാരം ആണ് സമൂഹത്തിന്റെ മുന്നോട്ടു പോക്ക് നിർണ്ണയിക്കുന്നത്. യൗവനം ഒന്നാം നിരയിൽ നിൽക്കുന്ന ഒരു രാഷ്ട്രീയത്തിനു മാത്രമേ ഭരണകൂടത്തിന്റെ ചരിത്ര പരമായ കുതിച്ചു ചാട്ടങ്ങളെ സാധ്യമാക്കാനാവുകയുള്ളൂ.

നിലനിൽക്കുന്ന സമൂഹത്തിന്റെ ജീര്ണതകൾക്കെതിരെ പോരാടുകയും അതിനെ പുതുക്കിപ്പണിയുകയും ചെയ്യുക എന്നത് യുവതയ്ക്ക് സമൂഹത്തിനോടുള്ള കടപ്പാടാണ്. സമൂഹത്തെ ജീര്ണതകളിൽ നിന്നും ജീര്ണതകളിലേക്ക് തള്ളിവിടുന്ന യുവത ആ സമൂഹത്തിന്റെ ഭാരമാണ്. ഫാസിസത്തിന്റെ കാലഘട്ടത്തിൽ  ജ്വരം പിടിച്ച ചിന്തയുമായി നടക്കുന്ന യുവത  സമൂഹത്തിലെ ജീർണ്ണതയുടെ  പരിശ്ചേദം മാത്രമായി തീരും.  

ചിന്തയുടെ ജിമിക്കി കമ്മലിനെതിരായ വിമര്ശനത്തെയും അതിനെതിരായ യുവ ജനങ്ങളുടെ കളിയാക്കലുകളെയും നമുക്ക് ഒഴിവാവാക്കാം . ചിന്തയുടെ പ്രസംഗത്തിൽ ചിന്ത വളരെ ഗൗരവമായി യുവാക്കളോട് പങ്കുവയ്ക്കുന്ന  ഒരു വിഷയം ആർഷ ഭാരത സംസ്കാരത്തെ കുറിച്ചാണ്. ചിന്ത പറയുന്നത് ഇങ്ങനെയാണ് '' ഈ നാടിനൊരു പാരമ്പര്യമുണ്ട്. പർണാശ്രമ ധർമ്മങ്ങളിലൂടെ തഴച്ചു വളർന്നു ആസേതു  ഹിമാചലം വരെ പടർന്നു പന്തലിച്ചു കിടക്കുന്ന ആർഷഭാരത സംസ്കാരം. ആർഷഭാരത സംസ്കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നു എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുന്നു എന്നതാണ്... ബഹുസ്വരതയെ ഉയർത്തി പിടിക്കുന്ന ഒരു യുവതയെ ആണ് നമുക്ക് ആവശ്യം...മതേതരത്വത്തിന്റെ ഈറ്റില്ലമാണ് ഇന്ത്യ..ജനാധിപത്യത്തിന്റെ കളി തൊട്ടിലാണ് ഭാരതം... ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടു വേണം ഇന്ത്യൻ യുവത മുന്നോട്ടു പോകുവാൻ. '' എന്നാണു.  ഇത് നമ്മൾ മുൻപ് കേട്ടിട്ടുള്ളത് വിഷം ചീറ്റുന്ന ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികലയുടെ വായയിൽ നിന്നുമാത്രമാണ്. ആർഎസ്എസിന്റെ പർണാശ്രമ സങ്കൽപ്പത്തെ പൊളിച്ചടുക്കുകയാണെത്രെ..

തുടർന്ന് ചിന്ത നിശബ്ദമാക്കപ്പെടുന്ന യൗവനത്തെ കുറിച്ച് വാചാലയാകുകയാണ്. ചിന്ത മഹത്വരമെന്നു പറയുന്ന ആർഷ ഭാരത സംസ്കാരം ഒരു വശത്ത് ഹിന്ദുത്വ ശക്തികൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എന്തിനാണ് യുവാക്കൾ പ്രതികരിക്കേണ്ടത്. പര്ണാശ്രമ ധർമ്മങ്ങളാൽ തഴച്ച് വളർന്ന ഭാരത സംസ്കാരം ആരെങ്കിലുമൊക്കെ നടപ്പിൽ വരുത്തുമ്പോൾ ചിന്തയെ പോലെ ചിന്തക്കുന്ന യുവത എങ്ങനെ പ്രതികരിക്കും. എന്താണ് പര്ണാശ്രമ ധർമ്മം, എവിടെയാണ്    ഭാരതം എന്നുള്ള പദം കടന്നു   വരുന്നത് തുടങ്ങിയ കാര്യങ്ങൾ ചരിത്ര പരമായി ചിന്ത പഠിക്കേണ്ടതുണ്ട്. പർണ്ണാശ്രമ ധർമ്മം ഉന്നത ജാതിയിൽ പെടുന്ന യുവാക്കൾക്ക് നൽകിയിരുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്. അവിടെയും ജാതിയാണ് അടിത്തറയായി പ്രവർത്തിച്ചിട്ടിരുന്നത്.

ആർഷഭാരത സംസ്കാരം എന്നത് വര്ണാശ്രമ ധർമ്മങ്ങളിൽ അധിഷ്ടിതമാണ്. വര്ണാശ്രമ ധർമ്മം എന്നത് ജാതിയാണ് . ആ ജാതീയതയാണ് ഇന്ത്യയുടെ മുന്നോട്ടു പോക്കിനെ എല്ലാക്കാലത്തും തടഞ്ഞു നിർത്തുന്നത്. അറിയാത്തതു കൊണ്ടോ അല്ലെങ്കിൽ അറിഞ്ഞുകൊണ്ടോ ചിന്ത മഹത്വരമാക്കുന്നത് ഈ ജാതി വ്യവസ്ഥയെ  അടിസ്ഥാനമാക്കിയുള്ള വര്ണാശ്രമ ധർമ്മങ്ങളെയും ആർഷ ഭാരത സംസ്കാരത്തെയുമാണ്. ഇവിടെയുള്ള ഹിന്ദുത്വ ശക്തികളും പരിശ്രമിക്കുന്നത് ഇതേ ആർഷഭാരത സംസ്കാരത്തിന് വേണ്ടിയാണ്. ആസേതു ഹിമാചലം പടർന്നു  പന്തലിച്ച ആർഷ ഭാരത സങ്കല്പം ആർ എസ് എസ്സിന്റേതാണ്.

ആർഷഭാരത സംസ്കാരത്തിന്റെ ബഹുസ്വരത എന്നത് ബ്രാഹ്മണ്യത്തിന്റെ തൊഴുത്തിലേക്ക് എല്ലാ വൈവിധ്യങ്ങളുടെയും വികാസത്തിന്റെ സാധ്യതകളെ നിഷേധിച്ച് വരുതിയിലാക്കുന്ന കുടിലതയാണ്. അതിന്റെ പുതിയ പതിപ്പുകളാണ് ഭഗത് സിംഗിനേയും അംബേദ്ക്കറെയും എകെജിയെ പോലും ഉൾച്ചേർക്കാനുള്ള സംഘപരിവാറിന്റെ വ്യഗ്രത. ചരിത്രത്തിൽ ഇന്നോളം ഹിന്ദുത്വ ശക്തികൾ തുടർന്ന് വന്നിട്ടുള്ളത് ഈ സമീപന രീതിയാണ്. ഇതിന്റെ പൊള്ളത്തരത്തെ എതിർക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നതിന് പകരം ഈ ' ആഭാസങ്ങൾക്ക് ' ചൂട്ടുപിടിക്കുന്ന മൃദു ഹിന്ദുത്വ  നിലപാടുകളാണ് ചിന്തയെ പോലുള്ളവരെയും നയിക്കുന്നത്. ഇന്ത്യയുടെ മാറ്റത്തിന് നേതൃത്വം നൽകിയിട്ടുള്ള പ്രധാനമന്ത്രിയായി രാജീവ് ഗാന്ധിയെ അവതരിപ്പിക്കുമ്പോൾ ചിത്രം പൂർണ്ണമാകും.

 സ്വന്തം പാർട്ടിയുടെ സൈദ്ധാന്തിക നിലപാടുകളെ കുറിച്ച് പോലും ആശയ ശാസ്ത്ര ധാരണയോ പഠനമോ ഇല്ലാത്ത ഒരു തലമുറ നേതൃസ്ഥാനങ്ങളിൽ വളർന്നു വരുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിൻറെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. ചിന്ത പ്രതിനിധാനം ചെയ്യുന്ന പാർട്ടി സിപിഐഎം തന്നെ പറയുന്നത് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം എന്നത് ഹിന്ദുത്വമാണ്. ഹിന്ദുത്വമെന്നത് വര്ണാശ്രമ  ധർമ്മങ്ങളിൽ അധിഷ്ടിതമാണ്. ജാതി വ്യവസ്ഥയാണ് അതിന്റെ അടിത്തറ എന്നതാണ്. ഏറ്റവും കുറഞ്ഞത് ഇത്തരം കാര്യങ്ങളെങ്കിലും പഠിക്കാൻ ചിന്ത തയ്യാറാകേണ്ടതാണ്. എന്നിട്ടുമതി കേരളത്തിലെ യുവജനങ്ങളുടെ ക്ഷേമം നിലനിർത്താൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ കേരള യുവത ക്ഷയിക്കുകയാണ് ചെയ്യുക അത് ഗുണം ചെയ്യുന്നത് ആർഷ ഭാരത സംസ്കാരത്തിന്റെ വക്താക്കളായി നിൽക്കുന്ന ഹിന്ദുത്വ ശക്തികൾക്കാണെന്നു  തിരിച്ചറിഞ്ഞു ചിന്തയെ പോലുള്ള നേതാക്കൾ സ്വയം തിരുത്താൻ തയ്യാറാകേണ്ടതുണ്ട്.ചിന്ത വിമർശനം ഉന്നയിക്കുന്ന വിഷയങ്ങളിൽ ചിന്തയും ചിന്തയുടെ പ്രസ്ഥാനവും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നാം തിരിച്ചറിയേണ്ടതുണ്ട്. ഒരേ സമയം പെപ്സി കുപ്പിയിലൂടെ കടന്നു വരുന്ന അധിനിവേശ സംസ്കാരത്തെ കുറിച്ചും സെൽഫിയെ കുറിച്ചും ഉത്ക്കണ്ഠ പ്രകടിപ്പിക്കുകയും ഇരുകൈകളും നീട്ടി ആ സംസ്കാരത്തെ പുണരുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ജന ജാഗ്രതാ യാത്രയ്ക്കിടെ കോടിയേരിയുടെ വിഭവ സമൃദ്ധമായ സദ്ദ്യയിൽ പെപ്സിയും കൊക്കക്കോളയും നിരന്നു നിൽക്കുന്നതും നാം കണ്ടതാണ്.

ഒരു ജനതയെ തകർക്കാൻ ആദ്യം യുവാക്കളെ ഇല്ലാതാക്കണം എന്ന് ചിന്ത തന്നെ പറയുന്നു. ചിന്ത മനസ്സിലാക്കേണ്ടുന്ന ഒരു ലളിതമായ വസ്തുത ഷാഡോവ് ഓഫ് അമേരിക്കയാണ് സോവിയറ്റിലെ യുവാക്കളെ തകർത്തതെങ്കിൽ ഷാഡോവ് ഓഫ് ഹിന്ദുത്വ എന്ന മാരകമായ രോഗമാണ്  വോട്ടുരാഷ്ട്രീയത്തെ ചുറ്റി കറങ്ങുന്ന ഇന്ത്യയിലെ കമ്യൂണിസ്റ് പാർട്ടികളെ തകർത്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ആർഷ ഭാരത സംസ്കാരത്തെയും പർണാശ്രമ ധർമ്മങ്ങളെയും അതിന്റെ ബഹുസ്വരതയെയും ക്രിസ്ത്യൻ സംഘടനകളുടെ വേദിയിൽ ചെന്ന് ക്ലാസ്സെടുക്കാൻ ചിന്തയെ പോലുള്ള കമ്യൂണിസ്റ് പാർട്ടിയുടെ യുവനേതാക്കളെ പ്രേരിപ്പിക്കുന്നത് എന്നതാണ്. 

അതുകൊണ്ടാണ് ഫാസിസത്തിനെതിരായ സമരങ്ങളിലും മറ്റും പലപ്പോഴും ദളിതരും മുസ്‌ലിങ്ങളും ആദിവാസികളും  അയിത്തക്കാരായി മാറുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആർഷഭാരത സംസ്കാരം പറയുന്ന ബഹുസ്വരതയിൽ ഈ പറഞ്ഞവർ മനുഷ്യരല്ല. ഭീകരരും അടിമകളുമാണ് . ഇത്തരം അനീതികൾക്കെതിരെ ഒരു യുവ തലമുറ കേരളത്തിൽ ഉയർന്നു വരുന്നുണ്ട് ആ വെളിച്ചത്തെ വഴി തിരിച്ചു വിടുകയാണ് ഇത്തരം നിലപാടുകളിലൂടെ ഇടതുപക്ഷം എന്ന് പറയുന്ന സംഘടനകളുടെ നേതാക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളം പോലെ ഉയർന്ന വിദ്യാഭ്യാസ സാക്ഷരത പറയപ്പെടുന്ന ഒരു പ്രദേശത്തിലെ യുവാക്കളുടെ ശബ്ദമാകേണ്ടുന്ന യുവജന ക്ഷേമ ബോർഡിന്റെ അധ്യക്ഷ പദവിയിൽ ഇരുന്നു കൊണ്ട് ചിന്തയെ പോലൊരാൾ, ഇടതുപക്ഷ യുവജന സംഘടന എന്ന് പറയുന്ന ഒരു സംഘടനയുടെ നേതാവ് ഇത്തരത്തിൽ സംസാരിക്കുന്നത് കേരളത്തിലെ യുവതയ്ക്ക് തന്നെ അപമാനമാണ്.  മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സ്വപ്‌നങ്ങൾ നെഞ്ചിലേറ്റുന്ന ഒരു കമ്യൂണിസ്റ്റു മനസ്സിൽ ഒരിക്കലും കടന്നു കൂടാൻ പാടില്ലാത്ത ഒന്നാണ് ഹിന്ദുത്വ പ്രത്യായ ശാസ്ത്രം. ജ്വരം പിടിച്ച ചിന്തകളല്ല  കേരള യുവതയെ നയിക്കേണ്ടത് . സമൂഹത്തെ മാറ്റി മറിക്കാൻ തിരിച്ചറിവും കരുത്തുമുള്ള യുവനേതൃത്വത്തെയാണ് കേരളത്തിനാവശ്യം. അതുകൊണ്ടുതന്നെ ചിന്ത ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു.


Loading...