25-04-2018

​കാമ്പസിൽ നിന്ന് രാഷ്ട്രീയത്തെ പടിയിറക്കുമ്പോൾ

Editorial | കൊച്ചി


മനുഷ്യ സമൂഹം നേടിയ വളർച്ചയിൽ ഏറ്റവും സുപ്രധാനവും ഭാവനാത്മകവുമായ ഒരു പ്രക്രീയയാണ് രാഷ്ട്രീയമെന്നത്. കൂട്ടം എന്ന നിലയിൽ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വ്യത്യസ്ഥമായ വഴികളിലൂടെ പൊതു പ്രശ്ന പരിഹാരം തേടുകയും ചെയ്യുക എന്നത് മനുഷ്യ സമൂഹത്തിന്റെ വികാസത്തിലെ ഏറ്റവും നിർണ്ണായകമായ ചുവടുവെപ്പാണ്. ഒരു വിഷയത്തിനു ജനകീയമായ ഉത്തരം കണ്ടെത്തപ്പെടുകയാണ് ഒരു രാഷ്ട്രീയ പ്രക്രീയയിലൂടെ  സംഭവിക്കുന്നത്.ഒരു സാമൂഹിക ജീവി എന്ന നിലയില്‍ നമ്മുടെ എല്ലാ ദൈന്യംദിന പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയം പങ്കു വഹിക്കുന്നുണ്ട്.അത് നിഷ്പക്ഷനായാലും അരാജകവാദിയായിരുന്നാൽ പോലും ആ വ്യക്‌തി ഒരു സമൂഹത്തിലെ വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

ഒരു സമൂഹത്തിന്റെ ചാലക ശക്തി എക്കാലത്തും അതിന്റെ യുവതയാണ്. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പരിശ്ചേദമാണ്.സമൂഹത്തിന്റെ എല്ലാ വൈരുദ്ധ്യങ്ങളും വിദ്യാര്തഥി സമൂഹത്തിലും പ്രതിഫലിപ്പിക്കപ്പെടും . സമൂഹത്തിനെ മുന്നോട്ട് നയിക്കുന്ന ശക്തി എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് ആ സമൂഹത്തിനോട് വലിയ ഉത്തരവാദിത്വങ്ങളുണ്ട്.തെറ്റായ രാഷ്ട്രീയ പ്രവണതകൾ തിരുത്തപ്പെടുന്നതിൽ സമൂഹത്തിന്റെ ബൗദ്ധിക ശക്തിയായ വിദ്യാർത്ഥികൾക്ക് യുവതയ്ക്ക് അനിഷേധമായ പങ്കാണുള്ളത്.13  ആം നൂറ്റാണ്ടിൽ പാരീസിൽ നടന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ സമരവും 15 ആം നൂറ്റാണ്ടിൽ കൊറിയൻ രാജാധികാരത്തിനെതിരെ വിദ്യാർത്ഥി സമൂഹം നടത്തിയ സമരവും ചിലിയിലെ ഗവണ്മെന്റിനെ തന്നെ മാറ്റിയ വിദ്യാർത്ഥി സമരവും തൊട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഏറ്റവും ഒടുവിൽ സുപ്രീം കോടതി ഉത്തരവിനെ പോലും തിരുത്തിച്ച തമിഴ്നാട്ടിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ജെല്ലിക്കെട്ട് സമരവും എല്ലാം ചൂണ്ടി കാട്ടുന്നത് സമൂഹത്തിന്റെ നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ തിരുത്തുന്നതിൽ വിദ്യാർത്ഥിയുടെ പങ്കിനെയാണ്.ചരിത്രം നോക്കിയാല്‍ സംഘടിതമായ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഭരണകൂടം രൂപകല്‍പ്പന നല്‍കിയ കാലം തൊട്ട് കൂട്ടായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെയും കാണാന്‍ സാധിക്കും. ആധുനീക  വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ആധുനീക വിദ്യാഭ്യാസത്തിനോളം തന്നെ പഴക്കം ഉണ്ട്. സമൂഹത്തിൽ പൗരൻ നേടിയിട്ടുള്ള അവകാശങ്ങളെല്ലാം തന്നെ തുടർച്ചയായ സമരങ്ങളുടെ ഫലമാണ്. സമൂഹം തന്നെ സമരങ്ങളുടെ ഉൽപ്പന്നമാണ്.

സംവാദത്തിലേര്‍പ്പെടുക എന്നത് ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്. ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് സംവാദങ്ങളാണ്. സ്വാതന്ത്ര്യമെന്നത് വിയോജിക്കുവാനുള്ളതാണെന്ന റോസാ ലക്സം ബർഗിന്റെ വാക്കുകള്‍ അര്‍ത്ഥവത്താകുന്നത് അവിടെയാണ്.ആശയങ്ങളുടെ സംഘട്ടനമാണ് ജനാധിപത്യം. നിലനില്ക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യവുമായി താദാത്മ്യം നേടാന്‍ സാധിക്കുന്ന ആശയധാര അധികാരത്തെ നിയന്ത്രിക്കുകയും എതിര്‍ സംവാദങ്ങള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ട് പോവുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം സംപുഷ്ടമാകുകയും സമൂഹം ചലനാത്മകമാവുകയും സാമൂഹിക വളര്ച്ച സാധ്യമാവുകയും ചെയ്യുന്നത്. രാഷ്ട്രീയ പാർട്ടികൾ ആശയങ്ങളുടെ കൂട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.  നിലവിൽ ഇന്ത്യൻ ജനാധിപത്യമെന്നത് കേവല ജനാധിപത്യമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ള എല്ലാ ന്യൂനതകളും വിദ്യാർത്ഥി  പ്രസ്ഥാനങ്ങളിലും സ്വാധീനം ചെലുത്തും എന്നാൽ  ന്യൂനതകളെ തിരുത്താൻ  കഴിയുക വിദ്യാർത്ഥികൾക്ക് തന്നെയാണ്.രാഷ്ട്രീയ വത്ക്കരിക്കപ്പെട്ട പൗരനെയാണ് നമ്മുടെ സമൂഹത്തിനാവശ്യം. 

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ  സംസാരിക്കുവാനും ആശയം അവതരിപ്പിക്കുവാനും  പ്രചരിപ്പിക്കുവാനും കൂട്ടം ചേരുവാനും ഉള്ള അവകാശങ്ങൾ ഭരണ ഘടന നൽകിയിട്ടുള്ള അടിസ്ഥാന അവകാശങ്ങളാണ്. വിദ്യാർത്ഥി ആയിരിക്കുന്നു എന്നുള്ളതുകൊണ്ട് ഒരാൾ പൗരനാകാതിരിക്കുന്നില്ല. 

സർക്കാർ എല്ലാ കാലത്തും  അതിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസൃതമായാണ് വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്.  കൊളോണിയൽ ഇന്ത്യയിൽ ഈസ്റ് ഇന്ത്യാ കമ്പനി രൂപം കൊടുത്ത വിദ്യാഭ്യാസ നയങ്ങൾക്ക് അവരുടെ ഭരണ നടത്തിപ്പിനെ സുഖമമാക്കുക എന്നതായിരുന്നു ലക്‌ഷ്യം. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട സർക്കാരുകൾക്ക്  അതിനു അനുഗുണമായ ജനതയെ നിർമ്മിക്കുക എന്നതാകുന്നു വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. നിലനിൽക്കുന്ന സംവിധാനത്തെ ഉപയോഗിക്കുകയും  പരോക്ഷമായ ചൂഷണത്തെ സാധ്യമാക്കുകയും ചെയ്യുന്ന പൗര സമൂഹത്തെ കെട്ടി പടുക്കുക എന്നുള്ളതിനു  വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നതിൽ നമ്മുടെ സർക്കാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.

 1964 ലെ കോത്താരി കമ്മീഷൻ വിദ്യാർത്ഥി യൂണിയനുകളുടെ  പ്രധാന്യത്തെപരാമര്‍ശിക്കുന്നു എങ്കിലും കമ്മീഷന്‍ ലക്‌ഷ്യം വച്ചതും മെരുങ്ങിയ സമൂഹത്തെയാണ്. 70 കളിൽ ലോകത്താകമാനം  ഉയർന്നു വന്ന വിമോചന തരംഗം രാജ്യത്തെയും പിടിച്ച് കുലുക്കിയപ്പോൾ വിദ്യാഭാസമേഖലയെ നിയന്ത്രിക്കേണ്ടത് സാമ്രാജ്യത്വ ശക്തികളുടെ അടിയന്തിര ആവശ്യമായി തീരുകയുണ്ടായി. അതിന്റെ ഭാഗമായാണ് ഡബ്യു ടി ഒ നയങ്ങൾ വിദ്യാഭ്യാസ മേഖലയിലേക്ക് നടപ്പിലാക്കുന്നതിനായി കൊണ്ടുവന്ന പുത്തൻ വിദ്യാഭ്യാസ നയം വിദ്യാഭാസത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കേണ്ടുന്നത്തിന്റെ ആവശ്യകത ചൂണ്ടി കാട്ടുന്നുണ്ട്.തുടർന്ന് 90 കാലഘട്ടത്തിൽ പ്രത്യക്ഷത്തിൽ നടപ്പിലാക്കിയ ആഗോളവത്ക്കരണം അതിനു അനുഗുണമായ രീതിയിൽ അവർക്ക് അനുകൂലമായ സർക്കാരുകളെ കൊണ്ട് ജനങ്ങളെ പരുവപെടുത്താൻ നടപടികൾ ആരംഭിച്ചു. 2000 ത്തിലെ അംബാനി ബിർള കമ്മീഷൻ ഈ ഒരു ലക്ഷ്യത്തെ മുൻ നിർത്തി രൂപം കൊടുത്തിട്ടുള്ളതാണ്. പൂർണ്ണമായും വിദ്യാർത്ഥി രാഷ്ട്രീയത്തെ നിരോധിക്കുകയും സ്വകാര്യ യൂണിവേഴ്സിറ്റികളും മാർക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തെയും നിർദ്ദേശിക്കുന്ന റിപ്പോർട്ടായിരുന്നു അത്. അതിനെ തുടർന്നാണ് 2005 ൽ, സിപിഎം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാന്തി ബിശ്വാസ് ചെയർമാനായ വിദ്യാഭ്യാസ കമ്മീഷൻ വരുന്നത്. സ്വയംഭരണ കോളേജുകളെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മീഷൻ വിദ്യാഭ്യാസമേഖല സ്വകാര്യവത്ക്കരിക്കേണ്ടുന്ന കാലം അധികരിച്ചതായി വിലയിരുത്തുന്ന റിപ്പോർട്ട് രാഷ്ട്രീയ പ്രവർത്തനത്തെയും വിദ്യാർത്ഥിയുടെ സ്വാതന്ത്രങ്ങളെയും കൂച്ച് വിലങ്ങിടാൻ നിർദ്ദേശിക്കുന്നതാണ്. തുടർന്ന് പ്രബലമായി വന്ന ഹിന്ദുത്വ ശക്തികളുടെ താല്പര്യങ്ങളെയും സാമ്രാജ്യത്വ ശക്തികളുടെ താല്പര്യങ്ങളെയും സംയോജിപ്പിച്ച് കൊണ്ട് പോവുകയെന്ന ആവശ്യകതയിൽ നിന്നുമാണ് 2016 ൽ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയം വരുന്നത്. ഇന്ത്യയുടെ മതേതരത്വമെന്ന സങ്കൽപ്പത്തെ തകർക്കുകയും ഹിന്ദുത്വ ആശയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ കുത്തി നിറയ്ക്കുകയും അതെ സമയം വിദ്യാർത്ഥികളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും ഹനിച്ചുകൊണ്ട് യന്ത്രവൽകൃത മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ള ലക്‌ഷ്യം വച്ച് കൊണ്ടാണ് പതിനാറിൽ വിദ്യാഭ്യാസ നയം ഇറക്കിയിരിക്കുന്നത്.

ഇത്രയും കാര്യങ്ങൾ തൊടാതെ പറഞ്ഞു പോയത് ഇന്നലെ 13/10/16 നു ഹൈ കോടതി വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് കോടതിയുടെ  കേവലം രക്ഷാധികാരി ബോധത്തിൽ നിന്നും ഉയർന്നു വന്നതല്ല മറിച്ച് ആഗോളവത്ക്കരണത്തിന്റെ നടത്തിപ്പുകാരായ സർക്കാരുകൾ  കാലങ്ങളായി തുടരുന്ന സാമ്രാജ്യത്വ സേവയുടെ ഉൽപ്പന്നമാണ് ഇത്തരം ഉത്തരവുകൾ എന്നുള്ളത് കൊണ്ടാണ് . ഇതിനു മുൻപും കോടതികൾ ഇത്തരത്തിൽ നിലപാടുകൾ സ്വീകരിച്ചതായി കാണാം. ഭരണകൂടം എന്നത് കോടതികൾ കൂടി ഉൾക്കൊള്ളുന്നതാണ്. അധികാര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തികൾ ഇത്തരം സംവിധാനങ്ങളെയും വിലക്കെടുക്കുന്നത് സ്വാഭാവികം. 

2016 ൽ കൊണ്ടുവന്ന പുത്തൻ വിദ്യാഭ്യാസനയം വിദ്യാഭ്യാസ മേഖലയുടെ സമ്പൂർണ്ണമായ കാവിവത്കരണത്തെ ലക്‌ഷ്യം വച്ചുള്ളതാണ്. കാവിവത്കരണത്തോടൊപ്പം സാമ്രാജ്യത്വ താൽപ്പര്യങ്ങളും കൂട്ടു ചേരുമ്പോൾ നഷ്ടമാകുന്നത് മനുഷ്യത്വവും ജനാധിപത്യവും തന്നെയാണ്. എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഈ വിധിക്കെതിരെ ഒരേ സ്വരത്തിൽ രംഗത്തിറങ്ങിയിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷ നൽകുന്നതാണ്.


Loading...