15-08-2018

​എൻഡോസൾഫാൻ ഇരകളോട് തുടരുന്ന അവഗണന മനുഷ്യത്വ രഹിതം.

Editorial | കൊച്ചി


എൻഡോസൾഫാൻ രാസകീടനാശിനി പ്രയോഗത്തിന്റെ ഇരകൾക്ക് ഓരോരുത്തർക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാര തുകയടങ്ങുന്ന ആശ്വാസ പാക്കേജ് ഈ രാജ്യത്തിലെ പരമോന്നത കോടതി കേരള സംസ്ഥാന സർക്കാരിനോട്  3 മാസത്തിനുള്ളിൽ നടപ്പിലാക്കാൻ ഉത്തരവിട്ടിട്ട് ഒരു വർഷം പിന്നിടുകയാണ്. ഇരകളാക്കപ്പെട്ട ജനങ്ങൾ വിവിധ കാലങ്ങളിൽ നടത്തിയ സമരങ്ങളിൽ നേടിയെടുത്ത തീരുമാനങ്ങളൊന്നും നടപ്പിലാകാത്ത സാഹചര്യത്തിൽ ഇരകളാക്കപ്പെട്ട അമ്മമാർ വീണ്ടും സമരത്തിനിറങ്ങേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുകയാണ്. ഇന്ന് 11 -12 -2017 ന് കാസർഗോഡ് ജില്ലാ ആസ്ഥാനത്തിനു മുന്നിൽ അമ്മമാരുടെ സൂചന ഉപവാസം നടക്കുകയാണ്.

ഭരണകൂട നിർമ്മിതമായ ഇത്തരം ദുരന്തങ്ങളുടെ ഇരകളോട് സമൂഹം തുടരുന്ന അവഗണന മനുഷ്യത്വ രഹിതമാണ്‌. 1976 കളിലാണ് കാസർഗോഡ് എൻഡോസൾഫാൻ പ്രയോഗം ആരംഭിക്കുന്നത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ മനുഷ്യ നിർമ്മിത ദുരന്തങ്ങളാണ് ഭോപ്പാലിൽ ഉണ്ടായ വാതക ചോർച്ചയും, കാസർഗോഡ് നടത്തിയ എൻഡോസൾഫാൻ രാസകീടനാശിനി പ്രയോഗവും. 33 വർഷങ്ങൾ പിന്നിടുമ്പോൾ ഭോപ്പാലിലെ ജനതയും, കാസർഗോഡുള്ള എൻഡോസൾഫാൻ ഇരകളും നീതി തേടി ഒരേ സമയം വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നിരിക്കുന്നു എന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെയും, കൂടുതൽ സാക്ഷരത കൊണ്ടാടുന്ന  കേരള സർക്കാരിന്റെയും താൽപ്പര്യങ്ങളും സംരക്ഷണവും  ആർക്കൊപ്പമാണെന്നും തുറന്നു കാട്ടുന്നു. 

പ്രകൃതിയെയും മനുഷ്യനേയും പരമാവധി ഊറ്റിയെടുക്കുകയെന്ന നിയോലിബറൽ വ്യവസ്ഥിതിയിൽ ഇത്തരം ദുരിതങ്ങൾക്ക് ഇരകളാക്കപ്പെട്ട 'ഒട്ടും ഉൽപ്പാദനക്ഷമമല്ലാത്ത ' ഒരു വിഭാഗം ജനത, മുതലാളിമാർക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന ഭരണത്തിനു വലിയ ബാധ്യത തന്നെയാണ്. സമരത്തിന് നേരെ സർക്കാരുകളും വോട്ടുമാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പാർലമെന്ററി പാർട്ടികളും നടത്തുന്ന അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സമരം ആരംഭിച്ച കാലം തൊട്ടുതന്നെ  ഇവർ  മരുന്നു കമ്പനികൾക്കും കീടനാശിനി മാഫിയകൾക്കും ഒപ്പമായിരുന്നു. ശക്തമായ പൊതുജന സമ്മർദ്ദവും സമരവുമാണ് നിരോധനത്തിനും നഷ്ടപരിഹാര പ്രഖ്യാപനങ്ങൾക്കും കാരണമായത്.

2002 ൽ ഡോ. വൈ.എസ് .മോഹൻകുമാർ എൻഡോസൾഫാൻ പ്രയോഗിച്ച കാസർഗോഡൻ മേഖലയിൽ നടത്തിയ പഠനങ്ങൾ മാതൃഭൂമിയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. അന്ന് പഠനങ്ങളുടെ അന്തസത്ത വിലയിരുത്തുകയും ചർച്ച ചെയുകയും ചെയ്യുന്നതിനു പകരം പഠനത്തെ തള്ളിക്കളഞ്ഞു കൊണ്ട് മോഹൻ കുമാറിന്റെ പഠനത്തിനുള്ള  യോഗ്യതയിൽ സംശയം പ്രകടിപ്പിച്ച് ആദ്യം രംഗത്തു വന്നത് കിടനാശിനി കമ്പനിക്കു വേണ്ടി എന്നും ചരടു വലിച്ച  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനായിരുന്നു.

സമരം തുടങ്ങിയ അന്നു മുതൽ തന്നെ വോട്ടു ലാക്കാക്കി വിവിധ സന്ദർഭങ്ങളിൽ സമരത്തോട് അനുഭാവവും കമ്പനിയുടെ  താൽപര്യയനുസരണം അകൽച്ചയും പലപ്പോഴായി ഇടതു മുന്നണി സ്വീകരിച്ചിട്ടുണ്ട്.  2006ൽ വി .എസ് ഭരിക്കുന്ന സമയത്ത് സമരക്കാർക്കെതിരെ സി .ഐ.ടി.യു  നടത്തിയ കൈയേറ്റത്തെ, അന്നു മന്ത്രിയായിരുന്ന മുല്ലക്കര രക്നകരൻ ന്യായികരിക്കുകയാണുണ്ടായത്‌. 1987ൽ ഇതേ മുന്നണിയിലെ കണിയാപുരം  രാമചന്ദ്രൻ 'ദുരന്ത ബാധിതർ നല്ല ഡോക്ടറെ കാണുകയാണു വേണ്ടത് സമരം ചെയ്യുകയല്ല' വേണ്ടതെന്നു പരിഹസിക്കുകയും ചെയ്തത് നാം മറക്കരുത്. ആ  പരിഹാസവും അവഗണനയും തന്നെയാണ് പിന്നീട്  പലപ്പോഴും ഇവരിൽ നിന്നും ഈ ജനതയ്ക്കു നേരിടേണ്ടി വന്നിട്ടുള്ളതും ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നതും.

ഇവിടെയുള്ള വലതുപക്ഷ കക്ഷികൾ എക്കാലത്തും എവിടെയും കോർപ്പറേറ്റ്‌ താല്പര്യങ്ങൾക്കൊപ്പമാണ്  നിലകൊണ്ടിട്ടുള്ളത് . പ്രൊ.കെ.വി  തോമസിനെ പോലുള്ളവർ, കീടനാശിനി നിരോധനത്തിനായി ചേർന്ന സ്റ്റോക്ക് ഹോം കണ്വൻഷനിൽ 'എൻഡോസൾഫാൻ ഔഷധമാണ് ' എന്നു വരെ പ്രഖ്യാപിച്ച സംഭവങ്ങളുണ്ട് . എങ്കിലും  മറ്റു രാജ്യങ്ങളുടെയും ജനങ്ങളുടെയും സമ്മർദ്ദത്തിന്റെ ഫലമായി എൻഡോസൾഫാൻ നിരോധിക്കേണ്ട സ്ഥിതി ഉണ്ടായി അപ്പോഴും ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധികൾ ഘട്ടം ഘട്ടമായി നിരോധനം 11 വർഷം കൊണ്ട്  സാധ്യമാക്കിയാൽ മതിയെന്ന വിശാലമായ ഇളവ് കമ്പനിക്ക് നേടികൊടുക്കുകയാണ് ഉണ്ടായത്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നില്‍ പട്ടിണി സമരം നടത്തിയപ്പോഴും തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ അമ്മമാരും കുട്ടികളുമടക്കം ആഴ്ചകള്‍ നീണ്ടുനിന്ന സമരം നടത്തിയപ്പോൾ  സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയവരിൽ പലരും ഇന്ന് മന്ത്രിസഭയിലംഗങ്ങളാണ് . പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിനു തൊട്ടു മുൻപ് എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ നിന്നും ആരംഭിച്ച നവകേരള മാർച്ചിൽ ദുരിത ബാധിതർക്ക് വാഗ്ദാനങ്ങൾ ഏറെ നൽകിയിരുന്നു.  അതു കൊണ്ട് തന്നെ പുതിയ സര്‍ക്കാരില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. എന്നാൽ വോട്ടു വാങ്ങുന്നതിനുള്ള സഹതാപ നാടകങ്ങളായി മാത്രം പിണറായിയുടെയും യുവജന സംഘടനയുടെയും ഇടപെടലുകൾ മാറുന്ന കാഴ്ച്ചയാണ് പിന്നീട് നാം കണ്ടത്. പിണറായി മുഖ്യമന്ത്രിയായിട്ട് രണ്ടു വര്ഷത്തോട് അടുക്കുമ്പോൾ , സുപ്രീം കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിട്ട് ഈ ജനുവരിയിൽ ഒരു വര്ഷം തികയുമ്പോൾ സലൂട്ട് വാങ്ങി കൈകൊടുത്ത് പിരിഞ്ഞ പിണറായിയുടെ വാക്കും യുവജന സംഘടന '' പോരാടി നേടിയ '' സുപ്രീം കോടതി ഉത്തരവും വെറും പ്രഹസനങ്ങളായി അവശേഷിക്കുകയാണ് ഈ സാഹചര്യത്തിലാണ് വീണ്ടും വഞ്ചിക്കപ്പെട്ട ഈ ദുരന്ത ബാധിതർ സമരത്തിനിറങ്ങാൻ നിര്ബന്ധിതരായി തീർന്നിരിക്കുന്നത്. സ്വന്തം സർക്കാർ ജനങ്ങളെ വഞ്ചിക്കുമ്പോൾ കണ്ണുമടച്ച് അതിനു കുടപിടിക്കുകയാണ് ഇപ്പോൾ യുവജന സംഘടന. കേന്ദ്ര സർക്കാർ വിധി നടപ്പിലാക്കണം എന്ന് പറഞ്ഞു മാസങ്ങൾക്കു മുമ്പ്‌ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ്  ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഡിവൈഎഫ്‌ഐ വിഷയത്തിൽ അവസാനമായി നടത്തിയ  ഇടപെടൽ. 

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക, കടക്കെണിയില്‍ പെട്ടവരെ ആത്മഹത്യയില്‍ നിന്നും മോചിപ്പിക്കുക, 2017 ഏപ്രിലില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയവരുടെ ലിസ്റ്റ് ഉടന്‍ പ്രഖ്യാപിക്കുക, പുനരധിവാസം വേഗത്തില്‍ നടപ്പാക്കുക, മുഴുവന്‍ പേര്‍ക്കും ധനസഹായം വിതരണം ചെയ്യുക, റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, ട്രിബ്യുണല്‍ സ്ഥാപിക്കുക, ഗോഡൗണുകളില്‍ സൂക്ഷിച്ച കാലാവധി കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറ്റിലിട്ട് മൂടിയ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അമ്മമാർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നിയമാനുസാരം ലഭിക്കേണ്ടുന്ന അവകാശങ്ങൾ നടപ്പിലാക്കി കിട്ടുന്നതിന് വേണ്ടിയാണ് ഇപ്പോൾ വീണ്ടും സമരം ആരംഭിക്കേണ്ടി വന്നിരിക്കുന്നത്. മുൻപ് ഡിവൈഎഫ്ഐ അടക്കം കക്ഷികളായിരുന്ന സുപ്രീം കോടതി കേസിൽ ഇരകളായവര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വ്യക്തത ഇല്ലാ എന്നാണു സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. 5000 എൻഡോസൾഫാൻ ഇരകൾക്ക്  500 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കേരള സർക്കാരിനോട്  ഈ വര്ഷം ആദ്യമാണ് സുപ്രീം കോടതി ഉത്തരവിട്ടത് . ഒപ്പം ദീര്ഘകാലാടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്താനും അന്ന് കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടപ്പാക്കപ്പെട്ടില്ല. 2011ലാണ് എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചത്.
Image result for endosulfan kasargod
ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശപപ്രകാരം നിശ്ചയിച്ച ധനസഹായം ഇരകളെ കാറ്റഗറി തിരിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും മൂന്നു ഘട്ടമായി ഈ സംഖ്യ വിതരണം ചെയ്‌തെന്നുമാണ് ഔദ്യോഗികവിശദീകരണം. ഇതിനിടയിലാണ് സുപ്രിം കോടതി ഉത്തരവ് വരുന്നത്. ഈ ഉത്തരവില്‍ പറയുന്നത് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം വിതരണം ചെയ്യുന്ന ധനസഹായത്തില്‍ മൂന്നാം ഗഡു കൊടുക്കാനാണോ അതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കാനാണോ എന്നകാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തവേണ്ടത്. ഈ കാര്യത്തില്‍ അപ്പീല്‍ നല്‍കി വ്യക്ത നേടിയെടുത്തശേഷം മാത്രമായിരിക്കും കോടതി പറഞ്ഞ നഷ്ടപരിഹാര തുകയുടെ വിതരണം നടത്താണ് സാധിക്കുകയുള്ളു എന്നാണു സർക്കാർ നിലപാട്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റീസ് എന്‍ വി രമണ, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കൂടാതെ എന്‍ഡോസള്‍ഫാന്‍ ഇരകളാകേണ്ടി വന്നതുമൂലം ജീവിതാവസാനം വരെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നവര്‍ക്ക് ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും ചെയ്തുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ധനസഹായമായി നല്‍കുന്ന തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പിന്നീട് സര്‍ക്കാര്‍ തിരികെ വാങ്ങിയെടുക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. വ്യക്തമായി കാര്യങ്ങള്‍ കോടതി പറഞ്ഞിട്ടും ഇനിയും എന്തു കാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തത കിട്ടാത്തതെന്നാണ് ദുരിതബാധിതരുടെ ചോദ്യം. ഈ വിധിയെ സ്വാഗതം ചെയ്ത് ആഘോഷിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതും. എന്‍ഡോസള്‍ഫാന്‍ ദുരതബാധിരായ എല്ലാവര്‍ക്കും ധനസഹായം നല്‍കാന്‍ കോടതി പറയുമ്പോള്‍ ലിസ്റ്റില്‍ വന്ന അയ്യായിരത്തിനുമേല്‍ ആളുകള്‍ക്കുമായി വലിയൊരു തുക ചെലവിടേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടതെന്തിനാണെന്നാണ് ചോദ്യം. സുപ്രീം കോടതി വ്യക്തമായി പറയുന്നുണ്ട്; '' Needless to mention that it shall be open to the state government to recover the aforestated compensation either from the concerned industry or from the government of India in case it is open to the State Government too make such recovery in consonance with law.''

ദുരിത ബാധിതരുടെ ലിസ്റ്റിൽ വ്യക്തതയില്ല എന്നതാണ് മറ്റൊരു ആരോപണം . അനര്‍ഹരായവര്‍ ലിസ്റ്റില്‍ കയറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരെയാണ് അനര്‍ഹര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ തന്നെ ആദ്യം പറഞ്ഞൊരു ലിസ്റ്റ് ഉണ്ട്. ഇതില്‍ അനര്‍ഹര്‍ ഉണ്ടെന്നു പറഞ്ഞാല്‍, അതാരുടെ കുഴപ്പമാണ്? മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനകളും കഴിഞ്ഞ് തയ്യാറാക്കുന്ന ലിസ്റ്റുകളില്‍ അനര്‍ഹര്‍ ഉണ്ടെന്ന് പറയുന്നതെങ്ങനെയാണെന്നാണ് സമരസമിതി ചോദിക്കുന്നു . എന്നാൽ 5000 പേർ ഉൾപ്പെടുന്ന ആദ്യത്തെ ലിസ്റ്റിൽ പോലും യാഥാർത്‌ഥത്തിൽ ഇരകളാക്കപ്പെട്ട മുഴുവൻ പേരും ഉൾപ്പെട്ടിട്ടില്ല. 

'' ലിസ്റ്റിൽ അനർഹർ ഉണ്ട് എന്ന് ഏതെങ്കിലും വിധത്തിൽ സ്ഥാപിച്ചെടുക്കുകയും ലിസ്റ്റിന്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്നതുമായ ഒരു അവസ്ഥ ഉണ്ടാക്കിയെടുത്താൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതായി സ്ഥാപിക്കാനാകും . അതുവഴി കീടനാശിനി കമ്പനിയെ തന്നെ സഹായിക്കാനാണ് ഇപ്പോൾ ലിസ്റ്റിൽ അനർഹർ എന്ന പ്രശ്നം സർക്കാർ ഉന്നയിക്കുന്നത്. 2017 ൽ നടത്തിയ രോഗബാധിതർ കണ്ടെത്തുന്നതിനായുള്ള ക്യാംപിൽ 4000 നു മുകളിൽ ആൾക്കാർ പങ്കെടുത്തിരുന്നു. പ്രാഥമീകമായി ഇതേ സർക്കാരിന്റെ ഗവണ്മെന്റ് ആശുപത്രികളിൽ നിന്നും പരിശോധന കഴിഞ്ഞു ക്യാംപിനെത്തിയവരായിരുന്നു അത്. അതിൽ നിന്നും 1905 പേരുടെ മാത്രം ഒരു ലിസ്റ്റാണ് ദുരന്ത ബാധിതരായി കണ്ടെത്തിയത്. അതിൽ തന്നെ 257 പേരടങ്ങുന്ന ഒരു പുതിയ ലിസ്റ്റാണ് ദുരന്ത ബാധിതരുടേതായി പ്രഖ്യാപിക്കാൻ പോകുന്നത് എന്നാണു അറിയുന്നത്. ദുരന്ത ബാധിതരുടെ എണ്ണം കൂടുന്നു എന്നത്‌ അതിന്റെ വ്യാപ്തി ഇപ്പോഴും വർദ്ധിക്കുന്നു എന്നാണു കാണിക്കുന്നത്. അത് മറച്ചു പിടിക്കാനും കീടനാശിനി ലോബിയെ സഹായിക്കാനുമാണ് സർക്കാർ പുതിയ ആരോപണങ്ങൾ നിരത്തുന്നത്.'' സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരന്തംമൂലമുണ്ടായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രിബ്യൂണല്‍ എന്ന ആവശ്യത്തിന് പഠനങ്ങള്‍ നടത്തിയതല്ലാതെ തീരുമാനം ഉണ്ടായിട്ടില്ല. നഷ്ടപരിഹാരത്തിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ആവശ്യമായ പ്രത്യേക ട്രിബ്യൂണല്‍ സംവിധാനം സ്ഥാപിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ് എന്നാൽ അതും ഒന്നുമായിട്ടില്ല. ദുരിതബാധിതരുടെ കടങ്ങള്‍ക്ക് 2012 മുതല്‍ മോറട്ടോറിയം പ്രഖ്യാപിച്ചു വരുന്നുണ്ട്. ഇതൊന്നും തന്നെ ബാങ്കുകള്‍ക്ക് ബാധകമാകാറില്ല. ജപ്തിനടപടി ഭയന്ന് പലരും ആത്മഹത്യ ചെയ്തു. മോറട്ടോറിയം നിലവിലിരിക്കെ തന്നെ ബാങ്കുകള്‍ ഇപ്പോഴും നടപടികള്‍ തുടരുകയാണ്. കടങ്ങള്‍ എഴുതിത്തള്ളാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്നതാണ് മറ്റൊരു ആവശ്യം. 10 കോടി 90 ലക്ഷം രൂപയുടെ കടം എഴുതി തള്ളാൻ ഉണ്ടെന്നു കണക്കാക്കിയിരുന്നെങ്കിലും 1 കോടി 40 ലക്ഷം രൂപയുടെ കടമാണ് ഇതുവരെയായും എഴുതി തള്ളിയിട്ടുള്ളത്. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരില്‍ പകുതിയിലേറെ പേരുടെയും റേഷന്‍കാര്‍ഡ് 2013 നു ശേഷം എപിഎല്‍ ആക്കിയിട്ടുണ്ട്. ഇത് പരാതിപ്പെടാൻ തിരുവനന്തപുരത്ത് ചെന്ന സമരസമിതി നേതാവ് മുനീസയെ അപമാനിച്ചു തിരിച്ചയക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. മാനദണ്ഡം നോക്കാതെ എല്ലാവരെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെന്നു പറഞ്ഞപ്പോള്‍ സർക്കാർ  ഉദ്ദ്യോഗസ്ഥരെയും ഐപിഎസ്സുകാരെയും ബിപിഎൽ ആക്കണം എന്നാണോ പറയുന്നത് എന്ന് അധിക്ഷേപിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരെയും ഒരു പ്രചാരണ വിഷയമാക്കി നേട്ടം കൊയ്ത  പാര്‍ട്ടിയുടെ പ്രമുഖ നേതാവാണ് മുനീസയെ പരിഹസിച്ചത്.
Image result for endosulfan kasargod
ആറു വര്ഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പുനരധിവാസ ഗ്രാമം എന്ന പ്രഖ്യാപനവും എങ്ങും എത്തിയിട്ടില്ല. ബോവിക്കാനത്ത് മുതലപ്പാറയില്‍ പികെസി വക 25 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. ഏക്കറുകണക്കിന് ഭൂമി പ്ലാന്റേഷന്റെ കൈവശം ഉള്ളപ്പോൾ തന്നെയാണ് വാസയോഗ്യമല്ലാത്ത പാറക്കെട്ട് പുനരധിവാസ ഗ്രാമത്തിനായി തിരഞ്ഞെടുത്തത്. എന്തു തന്നെയാണെങ്കിലും ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസഗ്രാമത്തിന്റെതായ ഒരു പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.

കാസർഗോഡ് ദുരിത ബാധിതർക്കായി ഏഴു ബഡ്‌സ് സ്‌കൂളുകളാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ആറ് ബഡ്‌സ് സ്‌കൂളുകള്‍ക്കും നബാര്‍ഡിന്റെ സഹായത്തോടെ കെട്ടിട നിര്‍മാണത്തിനുള്ള തുക അനുവദിച്ചത്  2011 ല്‍ ആണ്. എന്നാൽ പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളിനു വേണ്ടിയുള്ള കെട്ടിടം മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്. മറ്റ് ബഡ്‌സ് സ്‌കൂളുകളുടെ കാര്യത്തില്‍ ഇതുവരെയായും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

രണ്ടു പതിറ്റാണ്ടിലധികമായി കേരള പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ഇവിടെ നിന്നും നീക്കം ചെയ്തു നിര്‍വീര്യമാക്കാന്‍ 2014 ജനുവരിയില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതാണ്. ഇപ്പോഴും ഈ കീടനാശിനി കയ്യൂർ -ചീമേനിയില്‍ തന്നെയുണ്ട്. കാറഡുക്ക പഞ്ചായത്തില്‍ നെഞ്ചംപറമ്പിലെ പികെസിയുടെ കശുമാവിന്‍ തോട്ടത്തിനകത്തെ കിണറിലിട്ട് മൂടിയ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കാനുള്ള മുൻ തീരുമാനം നടപ്പിലാക്കുകയും അവ നിർവ്വീര്യമാക്കുകയും വേണം എന്നതാണ് സമരം മുന്നോട്ടു വെക്കുന്ന മറ്റൊരു ആവശ്യം. എന്നാൽ അത് തിരിച്ചെടുത്താൽ എന്തിനാണ് കിണറിൽ ഇട്ടു മൂടിയത് എന്നതിന് ഉത്തരം പറയേണ്ടതായി വരും എന്നതുകൊണ്ട് ആ വിഷയത്തിലും ഒരു  നീക്കവും നടന്നിട്ടില്ല. 

ഈ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനു അവസാനമായി പിണറായിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ് ഏറെ രസകരമായ കാര്യം. ' ഇതെല്ലാം പഴയ കാര്യങ്ങളല്ലേ, പുതിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോക്കാം ഇതൊക്കെ തീരുമാനമായതല്ലേ ' എന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ന് കാസർഗോഡ് നടന്ന കൂട്ട ഉപവാസ സമരത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. വിഷയത്തിൽ സർക്കാർ ഇടപെടാൻ തയ്യാറാകുന്നില്ല എങ്കിൽ ജനുവരി 30 നു നിയമസഭയ്ക്ക് മുന്നിൽ സൂചനാ ഉപവാസ സമരവും മാർച്ച് 15 മുതൽ അനിശ്ചിതകാല ഉപവാസ സമരവും ആരംഭിക്കേണ്ടതായി വരും എന്ന് സമര സമിതി അറിയിച്ചു .  ഭോപാലിലായാലും കാസർഗോഡായാലും ഭരണകൂടം വിഷം കുടിപ്പിച്ച കുറെ നിഷ്ക്കളങ്കർ ജീവിതം നിലനിർത്തുവാനുള്ള അവസാന പോരാട്ടത്തിലാണ്. മനുഷ്യത്വം നഷ്ടമായിട്ടില്ലാത്ത നാമോരോരുത്തരും ഇത്തരം ജനകീയ സമരങ്ങളോട് ഐക്യപ്പെടേണ്ടുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 


Loading...